SignIn
Kerala Kaumudi Online
Friday, 23 October 2026 3.52 AM IST

' മനസിൽ വച്ചാൽ മതി. എന്റടുത്ത് ഏശില്ല ': പിണറായി ' സ്വയം കണ്ണാടിയിൽ നോക്കിയാൽ മതി ' : സതീശൻ

governer-at-niyamsabha

തിരുവനന്തപുരം: നിയമസഭയിൽ ഇന്നലെ ശൂന്യവേളയുടെ തുടക്കം മുതൽ മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷനേതാവ്

വി.ഡി സതീശനും വാക്കുകളാൽ ഏറ്റുമുട്ടുകയായിരുന്നു. വ്യക്തിപരമായ ആരോപണങ്ങളും സഭാമര്യാദ ലംഘിച്ചുള്ള അധിക്ഷേപങ്ങളും ഇരുവരും ആയുധമാക്കി.

വാക്പോരിന്റെ നേർക്കാഴ്ച

----------------------------------------------------

സതീശൻ:ചോദ്യോത്തര വേളയിൽ സഭാനടപടി ബഹിഷ്കരിച്ച് പുറത്തുപോയപ്പോൾ ഞാൻ നടത്തിയ പരാമർശങ്ങൾ രേഖയിൽ നിന്ന് നീക്കി. എന്നാൽ മുഖ്യമന്ത്രിയും മന്ത്രി എം.ബി.രാജേഷും എനിക്കെതിരെ വ്യക്തിപരമായ പരാമർശങ്ങൾ നടത്തി. മുഖ്യമന്ത്രി പറഞ്ഞത് ഞാൻ നിലവാരമില്ലാത്തവനായി എന്നാണ്. എന്നെക്കുറിച്ച് നല്ല വാക്ക് പറഞ്ഞെങ്കിൽ വിഷമിച്ചു പോയേനെ. ഞാൻ എല്ലാ ദിവസവും പ്രാർത്ഥിക്കുന്നയാളാണ്. അങ്ങയെപ്പോലെ (മുഖ്യമന്ത്രിയെപ്പോലെ) അഴിമതിക്കാരനും നിലവാരമില്ലാത്തവനും ആവരുതേയെന്നാണ് പ്രാർത്ഥന. എന്റെ നിലവാരമളക്കാൻ മുഖ്യമന്ത്രി വരേണ്ട.

സ്പീക്കർ: ഇത്തരം പരാമർശങ്ങൾ പാടില്ല. സ്പീക്കർക്കെതിരെയാണ്പ്രതിപക്ഷനേതാവ് അങ്ങേയറ്റം നിലവാരമില്ലാത്ത വാക്കുകൾ പ്രയോഗിച്ചത്. അതിന്റെ ഭാഗമായാണ് മുഖ്യമന്ത്രിയും മന്ത്രി രാജേഷും പ്രതികരിച്ചത്. പ്രതിപക്ഷ നേതാവിന്റെ പരാമർശങ്ങൾ സഭാരേഖയിൽനിന്ന് നീക്കിയിട്ടുണ്ട്.

സതീശൻ: എന്ത് നിലവാരമില്ലാത്ത വാക്കാണ് ഞാൻ പറഞ്ഞത്.

സ്പീക്കർ:ഒന്നോർത്തു നോക്കൂ, എന്തൊക്കെയാണ് പറഞ്ഞതെന്ന്

സതീശൻ: എനിക്കെതിരായി മന്ത്രി രാജേഷും പരാമർശം നടത്തി. എല്ലാവരെയും കൂട്ടിയോജിപ്പിക്കേണ്ടയാളാണ് പാർലമെന്ററികാര്യമന്ത്രി. ദൗർഭാഗ്യവശാൽ അദ്ദേഹത്തിന് വകുപ്പുപോലും ഭരിക്കാൻ ശേഷിയില്ല. വേറെ ആളുകളാണ് ഭരിക്കുന്നത്. അതുകൊണ്ട് ഞങ്ങളെ അളക്കേണ്ട. ഈ സഭയിൽ എം.വി.രാഘവനെ തല്ലിച്ചതച്ചിട്ടുണ്ട്. സഭ തല്ലിപ്പൊളിച്ചപ്പോൾ പുറത്തുനിന്ന് ഒത്താശ കൊടുത്തതാര്. അന്നൊക്കെ ആരായിരുന്നു പാർലമെന്ററി പാർട്ടി നേതാവ് ?

എം.ബി രാജേഷ്: പ്രതിപക്ഷനേതാവിനെക്കുറിച്ച് വ്യക്തിപരമായ ഒരു പരാമർശവും നടത്തിയില്ല. ശക്തർ ആൻഡ് കൗളിന് മുകളിൽ അദ്ദേഹം സ്വയം പ്രതിഷ്ഠിച്ചു എന്നാണ് പറഞ്ഞത്. സ്പീക്കർക്കെതിരെ നടത്തിയത് അധിക്ഷേപകരമായ പരാമർശങ്ങൾ. അതുവഴി അപക്വമതിയാണെന്ന് തെളിയിച്ചു.

മുഖ്യമന്ത്രി: സതീശൻ തീർത്തും നിലവാരമില്ലാത്ത രീതിയിലാണ് സ്പീക്കർക്കെതിരായ അധിക്ഷേപ വാക്കുകൾ പറഞ്ഞത്. ആ നിലവാരമില്ലാത്ത നില അദ്ദേഹം സ്വീകരിക്കുന്നത്ആദ്യമായല്ല. നേരത്തേയും ഇതുണ്ടായിട്ടുണ്ട്. സ്പീക്കർക്കെതിരെ കടുത്ത അധിക്ഷേപം ചൊരിഞ്ഞപ്പോൾ സതീശന്റെ നിലവാരമില്ലായ്മയെക്കുറിച്ച് പറയേണ്ടി വന്നു.

സതീശൻ എല്ലാ ദിവസവും പ്രാർത്ഥിക്കുന്നുണ്ടെങ്കിൽ നല്ലതുതന്നെ. ആ പ്രാർത്ഥന എന്താകാനാണ്? അഴിമതിക്കാരനാവരുതേ എന്നാണുപോലും പ്രാർത്ഥന. സമൂഹത്തിന് മുന്നിൽ പിണറായി വിജയൻ ആരാണ്, വി.ഡി സതീശൻ ആരാണ് എന്നതിനെക്കുറിച്ചൊക്കെ എല്ലാവർക്കും ധാരണയുണ്ട്. പിണറായി വിജയൻ അഴിമതിക്കാരനെന്ന് പറഞ്ഞാൽ സമൂഹം അംഗീകരിക്കുമെന്ന് കരുതേണ്ട.

പ്രതിപക്ഷത്തിന് വേണ്ടത് എൽ.ഡി.എഫിനെയാകെ മോശക്കാരായി ചിത്രീകരിക്കണം. അതിന്റെ ഭാഗമായി മുന്നണിയുടെയും സർക്കാരിന്റെയും പ്രതീകമായി നിൽക്കുന്ന എന്നെ എല്ലാ തരത്തിലും അധിക്ഷേപിക്കാനുള്ള അവസരമാണ് നോക്കുന്നത്. എത്ര കാലമായി തുടങ്ങിയിട്ട്. ഏതെങ്കിലും തരത്തിൽ സമൂഹത്തിന്റെ പിന്തുണയുണ്ടായോ? അപവാദപ്രചാരണത്തിലൂടെ തകർത്തു കളയാമെന്ന് വിചാരിക്കേണ്ട. സമൂഹം എല്ലാം കാണുന്നുണ്ടെന്ന് മനസിലാക്കികൊള്ളണം.

സതീശൻ:മുഖ്യമന്ത്രി എനിക്ക് നിലവാരമില്ലെന്ന് പലപ്രാവശ്യം പറഞ്ഞു. അത് സ്വയം കണ്ണാടിയിൽ നോക്കിയാൽ മതി. ചെകുത്താൻ വേദമോതുന്നതുപോലെയാണ് പിണറായി വിജയൻ അഴിമതി വിരുദ്ധ പ്രഭാഷണം നടത്തിയത്. മുഖ്യമന്ത്രി പ്രതിപക്ഷത്തിനെ ഏതുസമയവും അവഹേളിക്കുന്നു. അതിൽ തെറ്റില്ല, കാരണം അദ്ദേഹം എത്തിപ്പെട്ടിരിക്കുന്ന അവസ്ഥ അദ്ദേഹത്തെക്കൊണ്ട് പറയിക്കുന്നതാണ്. ജനങ്ങൾ സർക്കാരിനെക്കുറിച്ച് എന്താണ് ചിന്തിക്കുന്നതെന്ന് നിങ്ങൾക്കറിയില്ല. കാരണം ചുറ്റും നിൽക്കുന്ന അവതാരങ്ങൾ പറയുന്നത് മാത്രമേ നിങ്ങൾക്കറിയൂ. നിങ്ങൾ അഴിമതിക്കാരനാണെന്ന് ജനങ്ങൾ പറയുന്നു. നിങ്ങളുടെ നിലവാരത്തിലേക്ക് താഴരുതെന്നാണ് ഞാൻ ആഗ്രഹിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നത്.

മുഖ്യമന്ത്രി: പ്രതിപക്ഷനേതാവ് അതൊക്കെ മനസിൽ വച്ചാൽ മതി. അതൊന്നും എന്റടുത്ത് ഏശില്ല കേട്ടോ. കണ്ണാടിയിൽ നോക്കേണ്ടത് നിങ്ങളാണ്. ഞാനല്ല കണ്ണാടിയിൽ നോക്കേണ്ടത്. ഈ നാട് എന്താണെന്ന് ആദ്യം മനസിലാക്കണം. ഈ നാടാകെ ഞങ്ങളെ ഉപേക്ഷിച്ചു എന്നാണല്ലോ നിങ്ങൾ കരുതുന്നത്. എന്താണ് നിങ്ങൾക്കിത്ര വെപ്രാളം. എന്തിനാണ് തീർത്തും അധിക്ഷേപം ചൊരിയുന്നത്. എന്തുകൊണ്ടാണ് ഞാൻ പറയുന്നത് കേൾക്കാനുള്ള സന്മനസ് കാണിക്കാത്തത്. എന്തിനാണ് പ്രതിപക്ഷാംഗങ്ങളെ തള്ളിവിടുന്നത്. അതിനാലല്ലേ സ്പീക്കർ ചോദിച്ചത് ആരാണ് പ്രതിപക്ഷ നേതാവെന്ന്. നിങ്ങളുടെ വാക്കിന് വല്ല വിലയുമുണ്ടോ? നിങ്ങൾ കാണിക്കുന്ന കാപട്യത്തിന്റെ മറ്റൊരു ഭാഗമല്ലേ അത്. നിങ്ങളൊരു നിലയെടുക്കുക, മറ്റുള്ളവരെ പറഞ്ഞുവിടുക. നിങ്ങളുടെ കാപട്യം സമൂഹം കാണുന്നില്ലെന്നാണോ. നല്ല വാചകത്തിൽ പറഞ്ഞാൽ കാര്യങ്ങൾ തീർത്തുപോകുമെന്നാണോ കരുതുന്നത്. ആ ധാരണ വേണ്ട. അത്തരമൊരു ധാരണയിൽ തുടരുകയും വേണ്ട. സതീശനല്ല, പിണറായി വിജയൻ. അത് മനസിലാക്കികൊള്ളണം. സതീശൻ കാപട്യത്തിന്റെ മൂർത്തീകരണമാണ്. അതല്ല ഞാൻ. ഞാനീ നാടിന്റെ മുന്നിൽ എപ്പോഴും നിന്നിട്ടുണ്ട്. അങ്ങനെതന്നെ പോവുകയും ചെയ്യും. അത് മനസിലാക്കിയാൽ മതി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA