
തിരുവനന്തപുരം: ദുരൂഹസാഹചര്യത്തിൽ മരിച്ച എ.ഡി.എം നവീൻബാബു പെട്രോൾ പമ്പിന് എൻ.ഒ.സി നൽകാൻ കൈക്കൂലി വാങ്ങിയിട്ടില്ലെന്ന് അന്വേഷണ റിപ്പോർട്ട്. നവീൻബാബുവിനെതിരെ ആരോപണമുന്നയിച്ച ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യയ്ക്ക് തിരിച്ചടിയാകുന്ന കണ്ടെത്തലുകളാണ് ലാൻഡ് റവന്യു ജോയിന്റ് കമ്മിഷണർ ഗീത.എ നൽകിയ റിപ്പോർട്ടിലുള്ളത്.
നവീൻബാബുവിന്റെ ഭാഗത്തു നിന്ന് ഔദ്യോഗികമായ ഒരുവിധ വീഴ്ചയും ഉണ്ടായിട്ടില്ല. എ.ഡി.എമ്മിന്റെ യാത്രഅയപ്പ് ചടങ്ങിലേക്ക് ജില്ല പഞ്ചായത്ത് പ്രസിഡന്റിനെ ക്ഷണിച്ചിരുന്നില്ലെന്നാണ് ജില്ല കളക്ടർ മൊഴി നൽകിയത്. എന്നാൽ യാത്ര അയപ്പ് യോഗം സംഘടിപ്പിച്ചതിനു പിന്നിൽ ഒരുവിധ ഗൂഢാലോചനയും നടന്നിട്ടില്ലെന്നും കളക്ടർ അരുൺ കെ.വിജയന്റെ മൊഴിയിലുണ്ട്. സ്ഥലംമാറ്റം കിട്ടിയ നവീൻ ബാബുവിനെ ഡ്യൂട്ടിയിൽ നിന്ന് റിലീവ് ചെയ്യിക്കാൻ വൈകിയത് മതിയായ ഉദ്യോഗസ്ഥർ ഇല്ലാത്തതിനാലാണെന്നാണ് കളക്ടർ വ്യക്തമാക്കിയിട്ടുള്ളത്. ദിവ്യയുടെ ഭാഗത്തുനിന്ന് എ.ഡി.എമ്മിനെതിരെ അധിക്ഷേപ പരാമർശമുണ്ടായതായും കളക്ടറുടെ മൊഴിയിലുണ്ടെന്നാണ് സൂചന. കണ്ണൂർ ജില്ല കളക്ടറും പരാതിക്കാരനായ പ്രശാന്തനും ഉൾപ്പെടെ 17 പേരുടെ മൊഴികളാണ് റിപ്പോർട്ടിൽ രേഖപ്പെടുത്തിയിട്ടുള്ളത്.
എ.ഡി.എമ്മിന്റെ ആത്മഹത്യയിലേക്ക് നയിച്ച സംഭവങ്ങൾ, എ.ഡി.എമ്മിനെതിരെ ദിവ്യ ഉന്നയിച്ച ആരോപണങ്ങൾ, പെട്രോൾ പമ്പിന്റെ എൻ.ഒ.സിയുമായി ബന്ധപ്പെട്ട വിഷയങ്ങൾ, ദിവ്യയുടെ ആരോപണത്തെ സാധൂകരിക്കാനുള്ള വസ്തുതകൾ തുടങ്ങിയ കാര്യങ്ങൾ അന്വേഷിക്കാനാണ് ഗീതയെ ചുമതലപ്പെടുത്തിയിരുന്നത്. അന്വേഷണവുമായി സഹകരിക്കാതിരുന്നതിനാൽ പി.പി. ദിവ്യയുടെ മൊഴി രേഖപ്പെടുത്താനായിട്ടില്ലെന്ന് വ്യക്തമാക്കുന്നുണ്ട്. യാത്ര അയപ്പ് ചടങ്ങിൽ എ.ഡി.എമ്മിനെ അധിക്ഷേപിച്ച് നടത്തിയ പ്രസംഗത്തിന്റെ വീഡിയോ ദൃശ്യങ്ങൾ മാദ്ധ്യമങ്ങൾക്ക് കൈമാറിയത് ദിവ്യയാണെന്ന് അന്വേഷണത്തിൽ വ്യക്തമായി. വീഡിയോയുടെ ദൃശ്യങ്ങളും ഇത് പകർത്തിയ പ്രാദേശിക ചാനൽ പ്രവർത്തകന്റെ മൊഴിയും റിപ്പോർട്ടിലുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |