
കോട്ടയം : സ്വത്തു തർക്കത്തിൽ കാഞ്ഞിരപ്പള്ളിയിലെ കുടുംബവീട്ടിൽ സഹോദരനെയും, മാതൃസഹോദരനെയും വെടിവച്ചു കൊലപ്പെടുത്തിയ കരിമ്പനാൽ ജോർജ് കുര്യൻ (പാപ്പൻ - 52) കുറ്റക്കാരനെന്ന് സെഷൻസ് ജഡ്ജി ജെ.നാസർ കണ്ടെത്തി. സഹോദരൻ രഞ്ജു കുര്യൻ (50) , മാതൃസഹോദരൻ കൂട്ടിക്കൽ പൊട്ടംകുളം മാത്യു സ്‌കറിയ (പൂച്ചക്കല്ലിൽ രാജു-78) എന്നിവരെയാണ് കൊന്നത്. 2022 മാർച്ച് 7നായിരുന്നു സംഭവം. ശിക്ഷാവിധിയിൽ മേലുള്ള വാദം ഇന്ന് നടക്കും.
കൊലപാതകം, വീട്ടിൽ അതിക്രമിച്ചു കടക്കൽ , തോക്ക് ചൂണ്ടി സാക്ഷികളെ ഭീഷണിപ്പെടുത്തൽ , ആയുധ നിയമം എന്നീ മുഴുവൻ വകുപ്പുകളും തെളിയിക്കാൻ പ്രോസിക്യൂഷനായി. സമയബന്ധിതമായി കുറ്റപത്രം സമർപ്പിച്ചതിനാൽ പ്രതിക്ക് ഇതുവരെ ജാമ്യവും ലഭിച്ചിരുന്നില്ല. കൊച്ചിയിൽ താമസിച്ച് റിയൽ എസ്റ്റേറ്റ് ബിസിനസ് നടത്തിയിരുന്ന ജോർജ് കുര്യന് നഷ്ടം വന്നതോടെ കുടുംബവകയിൽ നിന്ന് 2.33 ഏക്കർ സ്ഥലം പിതാവിനോട് ചോദിച്ചിരുന്നു. ഇവിടെ വീടുകൾ നിർമ്മിച്ച് വിൽക്കാനായിരുന്നു പദ്ധതി. എന്നാൽ രണ്ടേക്കർ നൽകിയാൽ മതിയെന്നും മുഴുവനും കൊടുത്താൽ കുടുംബ വീടിനോട് ചേർന്ന് ഹൗസിംഗ് കോളനിയാകുമെന്നും ചൂണ്ടിക്കാട്ടി രഞ്ജു തടസം നിന്നു. മാത്യു സ്കറിയയുടെ നേതൃത്വത്തിൽ മദ്ധ്യസ്ഥ ചർച്ചയ്ക്കിടെ തന്റെ വിദേശ നിർമിത റിവോൾവറിന് ജോർജ് കുര്യൻ വെടി വയ്ക്കുകയായിരുന്നു. 2023 ഏപ്രിൽ 24 നാണ് വിചാരണ ആരംഭിച്ചത്. 278 പ്രമാണങ്ങളും റിവോൾവറും ഉൾപ്പെടെ 75 തൊണ്ടിമുതലും ഹാജരാക്കി. പ്രോസിക്യൂഷനായി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ.സി.എസ്.അജയൻ, അഭിഭാഷകരായ നിബു ജോൺ, സ്വാതി എസ്.ശിവൻ എന്നിവർ ഹാജരായി.
അമ്മയും
കൂറുമാറി
26 സാക്ഷികളിൽ അമ്മയടക്കം മുഴുവൻ ബന്ധുക്കളും കൂറുമാറി
ഉറച്ചു നിന്നത് എസ്റ്റേറ്റ് റൈറ്ററും ഡ്രൈവറും വീട്ടുജോലിക്കാരിയും
ശാസ്ത്രീയ തെളിവുകളും പ്രതിയുടെ ഷർട്ടിലെ രക്തസാമ്പിളും നിർണായകം
പ്രതികാരം ചെയ്യുന്നത് സംബന്ധിച്ച് തലേന്ന് ഇന്റർനെറ്റിൽ തെരഞ്ഞത് മെസേജുകൾ
'' ചുമത്തിയ എല്ലാ വകുപ്പുകളും തെളിഞ്ഞത് പ്രോസിക്യൂഷന്റെ പൂർണ വിജയം.
വധശിക്ഷ നൽകണമെന്ന് ആവശ്യപ്പെടും - -
അഡ്വ.സി.എസ്. അജയൻ,
സ്‌പെഷ്യൽ പബ്ലിക്
പ്രോസിക്യൂട്ടർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |