SignIn
Kerala Kaumudi Online
Friday, 23 October 2026 11.48 AM IST

എഴുതാൻ ധൈര്യം നൽകിയ പത്രാധിപർ

sethu

എനിക്ക് കഥയെഴുതാൻ ധൈര്യം പകർന്നുനൽകിയ പത്രാധിപരാണ് എം.ടി. എന്റെ എഴുതാനുള്ള കഴിവുകൾ കണ്ടെത്തി മലയാളികൾക്ക് മുമ്പിൽ അവതരിപ്പിച്ചത് എം.ടിയായിരുന്നു. 1967ൽ ഡൽഹിയിൽ റെയിൽവേ മന്ത്രാലയത്തിൽ ജോലി ചെയ്യുമ്പോൾ സുഹൃത്തുക്കൾക്കൊപ്പം ബീഹാറിലെ വരൾച്ച ബാധിത പ്രദേശങ്ങൾ സന്ദർശിച്ചിരുന്നു. അവിടെ കണ്ട കരളലിയിപ്പിക്കുന്ന കാഴ്ചകളെക്കുറിച്ച് എഴുതി. അത് പലവട്ടം വായിച്ച് തിരുത്തിയപ്പോൾ കൊള്ളാമെന്ന് തോന്നി. ഓരോ തവണ വായിക്കുമ്പോഴും കഥയിൽ കൂടുതൽ കഥാപാത്രങ്ങൾ ജനിച്ചു. 'ദാഹിക്കുന്ന ഭൂമി' എന്ന കഥയിൽ മനുഷ്യനെ സ്‌പർശിക്കുന്ന എന്തൊക്കെയോ ഉണ്ടെന്ന് തോന്നിയപ്പോൾ എം.ടി പത്രാധിപരായിരുന്ന മാതൃഭൂമി വാരികയിലേക്ക് അയച്ചു.

ചവറ്റുകൊട്ടയിൽ പോകുമെന്ന് കരുതിയെങ്കിലും രണ്ടാഴ്ച കഴിഞ്ഞപ്പോൾ എന്നെ അത്ഭുതപ്പെടുത്തി എം.ടിയുടെ കത്ത് വന്നു. 'കഥ നന്നായിട്ടുണ്ട്. പ്രസിദ്ധീകരിക്കാൻ വച്ചിരിക്കുകയാണ്" എന്നാണ് കത്തിലുണ്ടായത്. അതൊരു തുടക്കമായിരുന്നു. പിന്നീട് നിരവധി മാസികകളിൽ കഥകളെഴുതി. എനിക്ക് എഴുതാൻ കഴിവുണ്ടെന്ന് കണ്ടെത്തി കൂടുതൽ അവസരം നൽകിയത് എം.ടിയാണ്. ഇന്നത്തേത് പോലെ കൂടുതൽ മാസികകളോ വാരികകളോ ഇല്ലാതിരുന്ന കാലത്തായിരുന്നു ഇത്.

അഞ്ചര പതിറ്റാണ്ട് മുമ്പ് 1966ൽ ഡൽഹിയിലെ ഹോട്ടലിൽ ഇരുന്ന് കുത്തിക്കുറിക്കുന്ന എം.ടിയുടെ ചിത്രമാണ് എന്റെ മനസിലിന്നും. 1970ൽ കേരളത്തിലേക്ക് മടങ്ങിയെത്തിയ ശേഷമാണ് എം.ടിയുമായി നേരിട്ട് പരിചയപ്പെടുന്നതും വ്യക്തിബന്ധങ്ങളുണ്ടാകുന്നതും. പിന്നീട് കുടുംബവുമായും പരിചയമായി. എം.ടിയോടൊപ്പം ഞാനും പുനത്തിൽ കുഞ്ഞബ്ദുള്ള, എൻ.പി. മുഹമ്മദ്, തിക്കോടിയൻ, എം.വി. ദേവൻ, ജി. അരവിന്ദൻ ഉൾപ്പെടെയുള്ളവരുടെ സുഹൃദസദസ് പതിവായി കോഴിക്കോട് ചേർന്നിരുന്നു. പുതിയ സാഹിത്യത്തെ കുറിച്ചും പുസ്തകത്തെ കുറിച്ചും കൂടുതൽ അറിവുകൾ ലഭിച്ചത് അവിടെ നിന്നാണ്.

ഒരിക്കലും ഒരു കഥയും നന്നായെന്നോ മോശമായെന്നോ എം.ടി പറയാറില്ല. മൂളൽ മാത്രമാണുണ്ടാവാറുള്ളത്. എഴുതുന്നവർ തന്നെ കഥ വിലയിരുത്തണമെന്നും എഴുത്തുകാർക്കപ്പുറം വായനക്കാരുണ്ടെന്ന് എഴുത്തുകാർ മനസിലാക്കണമെന്നും എം.ടി പറയാറുണ്ട്.

കഴിഞ്ഞ വർഷം പുറത്തിറങ്ങിയ 'അക്കങ്ങളിൽ കൊത്തിയ അക്ഷരങ്ങൾ" എന്ന എന്റെ ആത്മകഥക്ക് മുഖവുര എഴുതിയത് എം.ടിയാണ്. പലപ്പോഴും ഫോണിൽ സംസാരിക്കുമായിരുന്നെങ്കിലും രണ്ട് വർഷം മുമ്പ് കോഴിക്കോട് അദ്ദേഹത്തിന്റെ വീട്ടിലെത്തിയാണ് അവസാനമായി നേരിൽ കണ്ടത്.

എം.ടിയേക്കാൾ വലിയ എഴുത്തുകാർ മലയാളത്തിൽ ഉണ്ടായിരുന്നു. ഇനിയുമുണ്ടാകും. എന്നാൽ എം.ടിയെ പോലൊരു സാഹിത്യ പത്രാധിപർ ഇന്ത്യൻ ഭാഷകളിൽ തന്നെയില്ല. ഒരു കൃതി കിട്ടിയാൽ അതിലെ സാഹിത്യത്തിന്റെ മൂല്യം മനസിലാക്കുന്ന പത്രാധിപരായിരുന്നു എം.ടി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA