
കൊച്ചി: വഞ്ചിയൂരിൽ സി.പി.എമ്മും സെക്രട്ടേറിയറ്റിന് മുന്നിൽ സി.പി.ഐയുടെ ജോയിന്റ് കൗൺസിലും ഗതാഗതം തടസപ്പെടുത്തി സമ്മേളനവും സമരവും നടത്തിയതിൽ ഐ.ജി സ്പർജൻ കുമാർ മാപ്പ് അപേക്ഷിച്ച് ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകി. കോടതിഅലക്ഷ്യ നടപടി സ്വീകരിച്ചതിനെ തുടർന്നാണിത്. ഇവ തടയാൻ കഴിയാതിരുന്നത് മനപ്പൂർവമല്ലെന്ന് സത്യവാങ്മൂലത്തിൽ പറയുന്നു.
സി.പി.എം പാളയം ഏരിയാ കമ്മിറ്റി വഞ്ചിയൂരിൽ ഗതാഗതം തടസപ്പെടുത്തി സമ്മേളനം നടത്തുന്നത് വിലക്കി വഞ്ചിയൂർ സ്റ്റേഷൻ ഹൗസ് ഓഫീസർ നോട്ടീസ് നൽകിയിരുന്നെങ്കിലും 500 ഓളം പ്രവർത്തകർ പങ്കെടുക്കുകയായിരുന്നു. പരിപാടി തടഞ്ഞിരുന്നെങ്കിൽ ക്രമസമാധാനപ്രശ്‌നം ഉണ്ടാകുമായിരുന്നു. 22 പേരെ അറസ്റ്റ് ചെയ്തു. വേദിയിൽ നാടകം അവതരിപ്പിച്ച കെ.പി.എ.സി ഗ്രൂപ്പിന് നോട്ടീസ് നൽകി. ജോയിന്റ് കൗൺസിൽ സമരവുമായി ബന്ധപ്പെട്ട് സംഘടനാ ഭാരവാഹികളടക്കമുള്ള 10 പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും സത്യവാങ്മൂലത്തിൽ വിശദീകരിക്കുന്നു.
കോടതിഅലക്ഷ്യക്കേസിൽ ഫെബ്രുവരി 10 ന് ഐ.ജി നേരിട്ട് ഹാജരാകാൻ ഡിവിഷൻബെഞ്ച് നിർദ്ദേശം നൽകിയിരുന്നു. മരട് സ്വദേശി എൻ. പ്രകാശ് ഫയൽ ചെയ്ത കോടതിഅലക്ഷ്യ ഹർജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |