
ന്യൂഡൽഹി: വയനാടിന് അർഹതപ്പെട്ട സഹായമാണ് ചോദിക്കുന്നതെന്ന് ഡൽഹി ജന്തർ മന്ദറിലെ സമരത്തിൽ കെ. രാധാകൃഷ്‌ണൻ എം.പി. എൽ.ഡി.എഫ് ദ്വിദിന സമരത്തിന്റെ സമാപനചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭിക്ഷയല്ല ചോദിക്കുന്നത്. കേരളത്തോട് അവഗണനയാണെന്നും ആരോപിച്ചു.
വയനാട് എം.പി പ്രിയങ്കാ ഗാന്ധി എന്ത് ചെയ്‌തുവെന്ന സി.പി.ഐ നേതാവ് ആനി രാജയുടെ വിമർശനത്തിന്, ആനി രാജ കഥയറിയാതെ ആട്ടം കാണുകയാണെന്ന് ടി. സിദ്ദിഖ് എം.എൽ.എ മറുപടി നൽകി. പുനരധിവാസത്തിനായി അനുവദിച്ച വായ്‌പ, ഗ്രാന്റായി അനുവദിക്കണമെന്ന പ്രിയങ്കയുടെ ആവശ്യത്തെ കോൺഗ്രസ് നേതാവ് ശശി തരൂർ അനുകൂലിച്ചു.
ഇന്നലെ സി.പി.ഐ ദേശീയ സെക്രട്ടേറിയറ്റ് അംഗം ഭാൽചന്ദ്ര കാങ്‌ഗോ, നാഷണൽ ഫെഡറേഷൻ ഒഫ് ഇന്ത്യൻ വിമൻ നേതാവ് നിഷ സിദ്ദു, പ്രിയദർശിനി സുശീലൻ, എൽ.ഡി.എഫ് വയനാട് ജില്ലാ കൺവീനർ സി.കെ. ശശീന്ദ്രൻ, സി.പി.എം ജില്ലാ സെക്രട്ടറി കെ. റഫീഖ് തുടങ്ങിയവർ പങ്കെടുത്തു. കേരള ഹൗസിൽ ദുരന്തബാധിതരുടെ ജീവിതം പറയുന്ന വീഡിയോ പ്രദർശനവും നടന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |