SignIn
Kerala Kaumudi Online
Friday, 23 October 2026 12.36 PM IST

ഇളയ മകനില്ല, ഉമ്മയില്ലാത്ത വീടും

dd

തിരുവനന്തപുരം/കല്ലറ: ഏഴുവർഷം മുൻപ് വിമാനം കയറുമ്പോൾ യാത്രയാക്കിയ പൊന്നുമകൻ അഫ്സാനില്ല. പെറ്റമ്മയില്ല. ജ്യേഷ്ഠനും ജ്യേഷ്ഠന്റെ ഭാര്യയുമില്ല. ഭാര്യ ഗുരുതരാവസ്ഥയിൽ ആശുപത്രിയിലും. സമാനതകളില്ലാത്ത കൊടുംക്രൂരതയ്ക്ക് കാരണക്കാരൻ തന്റെ മൂത്തമകൻ അഫാനും. അബ്ദുൾ റഹീം ഉള്ളിലൊതുക്കിയ സങ്കടക്കടൽ നാട്ടിലെത്തിയതോടെ അണപൊട്ടി. പൊട്ടിക്കരയുന്ന അബ്ദുൾ റഹീമിനെ ആശ്വസിപ്പിക്കാൻ ബന്ധുക്കൾക്കും ആവുന്നില്ല.

പ്രവാസലോകത്ത് നേരിട്ട തിരിച്ചടികളെ അതിജീവിക്കാനുള്ള ശ്രമങ്ങൾക്കിടെയാണ് മൂത്തമകൻ അഫാൻ തന്റെ പ്രിയപ്പെട്ടവരുടെ ഘാതകനായ വിവരം റഹീം അറിഞ്ഞത്. ഗൾഫിലെ പ്രശ്നങ്ങൾ പരിഹരിച്ച് വീണ്ടും നാട്ടിലെത്തി കുടുംബത്തോടൊപ്പം സന്തോഷമായി ജീവിക്കാമെന്ന റഹീമിന്റെ സ്വപ്നങ്ങൾ വീണുടഞ്ഞു. ഇളയമകൻ അഫ്സാൻ ഒന്നാം ക്ലാസിൽ പഠിക്കുമ്പോഴാണ് റഹീം വിദേശത്ത് പോകുന്നത്. ഇടയ്ക്ക് രണ്ട് മക്കളെയും ഭാര്യയെയും വിദേശത്ത് കൊണ്ടുപോയിരുന്നു. ഇളയ മകന്റെ മുഖം കണ്ട് കൊതിതീരും മുൻപേയുള്ള അവന്റെ വിയോഗം റഹീമിനെ തളർത്തി.

താഴെ പാങ്ങോട് സൽമാ ബീവിക്ക് ആറ് പെൺമക്കളും അഞ്ച് ആൺമക്കളും. ഏറ്റവും ഇളയവനാണ് റഹീം. അതുകൊണ്ട് റഹീമിനോട് ഉമ്മയ്ക്ക് സ്നേഹകൂടുതലായിരുന്നു. റഹീം നാട്ടിലുള്ളപ്പോൾ മിക്കപ്പോഴും കുടംബ വീട്ടിൽ ഉമ്മയ്ക്ക് ഒപ്പമായിരുന്നു. ആരോഗ്യക്കുറവ് ഉണ്ടെങ്കിലും മകന് ഇഷ്ടപ്പെട്ട വിഭവങ്ങൾ തയ്യാറാക്കി കൊടുക്കാൻ ഉമ്മ ഉത്സാഹംകാട്ടി.

എന്നാൽ ഇക്കുറി നാട്ടിലെത്തിയപ്പോൾ വീട്ടിൽ ഉമ്മയുണ്ടായിരുന്നില്ല. പൊലീസ് സീൽ ചെയ്തതിനാൽ ആ വീട്ടിലേക്ക് കയറാനുമായില്ല. പള്ളിയിലെ പ്രാർത്ഥനകൾക്ക് ശേഷം സമീപത്തുള്ള സഹോദരൻ ബദറുദ്ദീന്റെ വീട്ടിൽ തങ്ങിയ റഹീമിനെ ഡി.കെ. മുരളി എം.എൽ.എ, ജുമാമസ്ജിദ് ചീഫ് ഇമാം ബദറൂദ്ദീൻ മന്നാനിയ തുടങ്ങിയവർ സന്ദർശിച്ചു.

അഫാനെ കാണണമെന്ന് പറഞ്ഞില്ല

ഇന്നോ നാളെയോ പൊലീസ് റഹീമിന്റെ മൊഴിയെടുക്കും. ഗൾഫിലെ സാമ്പത്തിക പ്രശ്നങ്ങൾ നാട്ടിൽ ബാധിച്ചിരുന്നോ, കൂട്ട ആത്മഹത്യയിലേക്ക് കുടുംബം പോകുന്ന സ്ഥിതിയുണ്ടായിരുന്നോ എന്നതടക്കം പൊലീസ് ചോദിച്ചറിയും. അഫാന് നേരത്തെ മാനസിക പ്രശ്നങ്ങളുണ്ടായിരുന്നോ, ലഹരി ഉപയോഗത്തെ കുറിച്ച് അറിവുണ്ടോ എന്നതും അറിയേണ്ടതുണ്ട്. അതേസമയം, അഫാനെ കാണണമെന്ന ആവശ്യം റഹീം ഇതുവരെ ഉന്നയിച്ചിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA