
തിരുവനന്തപുരം/വെഞ്ഞാറമൂട്: ഏഴുകൊല്ലങ്ങൾക്കു ശേഷം ഭർത്താവ് റഹീമിനെ കണ്ടപ്പോൾ വെഞ്ഞാറമൂട് ഗോകുലം മെഡിക്കൽ കോളേജ് ആശുപത്രി ക്രിട്ടിക്കൽ കെയർ യൂണിറ്റിൽ ചികിത്സയിലുള്ള അഫാന്റെ മാതാവ് ഷെമി ആ കൈകളിൽ ഇറുകെ പിടിച്ചു. പിന്നെ പതിഞ്ഞ സ്വരത്തിൽ ഭർത്താവിനോട് ചോദിച്ചു, ഇളയമകൻ അഫ്സാനെ കണ്ടോ. ഉള്ളംപിടഞ്ഞ റഹിം കരച്ചിലടക്കി. ഇടറിയ ശബ്ദത്തിൽ പറഞ്ഞു 'അളിയന്റെ വീട്ടിലുണ്ട്, പരീക്ഷയ്ക്ക് പോയി,പിന്നെ കൊണ്ടുവരാം'.
ഭാര്യയുടെ ആരോഗ്യ വിവരം തിരക്കിയ റഹീമിന് ഷെമി മറുപടി നൽകി. 'കുഴപ്പമില്ല. കട്ടിലിൽ നിന്ന് മുഖമടിച്ച് വീണതാണ്'. നിശബ്ദം അതുകേട്ടു നിന്ന റഹീമിന്റെ കണ്ണുനിറഞ്ഞു. അഫാൻ തന്നോട് കാട്ടിയ കൊടുംക്രൂരതയെക്കുറിച്ച് ഷെമി ഒന്നും പറഞ്ഞില്ല. അഫാൻ നടത്തിയ കൂട്ടക്കൊലയെക്കുറിച്ച് ഇതുവരെ ഷെമിയെ അറിയിച്ചിട്ടുമില്ല. പെട്ടെന്ന് കാര്യങ്ങളൊന്നും അറിയിക്കേണ്ടെന്ന് ഡോക്ടർമാർ റഹീമിനോടും പറഞ്ഞിരുന്നു.
വിമാനത്താവളത്തിൽ നിന്ന് ബന്ധുക്കൾക്കൊപ്പം റഹീം ഭാര്യയെ കാണാൻ നേരെ ആശുപത്രിയിലെത്തുകയായിരുന്നു. ഷെമി ഇളയമകനെക്കുറിച്ച് ചോദിക്കുന്നത് കേട്ടതോടെ ഡോക്ടർമാർ അവർക്ക് മാത്രമായി സംസാരിക്കാൻ അവസരം നൽകി. 20മിനിട്ടോളം ഇരുവരും സംസാരിച്ചു. നിറകണ്ണുകളോടെ പുറത്തിറങ്ങിയ റഹീമിനെ ബന്ധുക്കൾ ചേർത്തുപിടിച്ചു.
നഴ്സുമാരോടും ചോദിച്ചു,
അവനെന്തെങ്കിലും പറ്റിയോ?
ഷെമിയുടെ ആരോഗ്യ നിലയിൽ പുരോഗതിയുണ്ടെന്ന് റഹീനൊപ്പമുണ്ടായിരുന്ന ബന്ധു അബൂബക്കർ പറഞ്ഞു. എന്നാൽ, നല്ല രീതിയിൽ സംസാരിക്കുന്ന സ്ഥിതിയായിട്ടില്ല. ഷെമി നഴ്സുമാരോടും ഇളയമകനെ കുറിച്ച് തിരക്കുന്നുണ്ട്. 'അവന് എന്തെങ്കിലും പറ്റിയോ, അവനെ എന്നെ കൊണ്ടുവന്ന് കാണിക്കാമോ'. ആരോഗ്യ സ്ഥിതി മെച്ചപ്പെടാത്തതിനാൽ പൊലീസിന് ഷെമിയുടെ മൊഴിയെടുക്കാൻ ഇന്നലെയും കഴിഞ്ഞില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |