
കോഴിക്കോട്: കൃഷ്ണമണിപോലെ കാത്തതാണ്. താങ്ങാനാവുന്നില്ല പടച്ചോനേ... ഷഹബാസിന്റെ ചേതനയറ്റ ദേഹം വീട്ടിലെത്തിച്ചപ്പോൾ മാതാവ് റംസീന അലറിക്കരഞ്ഞു, കുഴഞ്ഞുവീണു.
വെെകിട്ടത്തെ ചായയ്ക്കുള്ള പലഹാരം വാങ്ങാൻ പറഞ്ഞുവിട്ട മകൻ ഇനിയില്ലെന്ന സത്യം റംസീനയ്ക്ക് ഉൾക്കൊള്ളാനാവുന്നില്ല. തല വല്ലാതെ പെരുക്കുന്നു ഉമ്മാ... ഷഹബാസ് അവസാനമായി റംസീനയോട് പറഞ്ഞത് ഇത്ര മാത്രം. പിന്നീട് ഉമ്മായെന്ന സ്നേഹവിളി റംസീന കേട്ടില്ല. മകന്റെ വിയോഗ വാർത്തയറിഞ്ഞ മാതാവിനേയും പിതാവിനേയും സഹോദരങ്ങളേയും ഉച്ചയോടെയാണ് കോരങ്ങാട്ടെ പാലോറക്കുന്നിലെ തറവാട്ടു വീട്ടിലേക്ക് മാറ്റിയത്. ആരോടും ഒന്നും മിണ്ടാതെ സങ്കടം ഉള്ളിലൊതുക്കി അവർ കാത്തിരുന്നു. പോസ്റ്റ്മോർട്ടം കഴിഞ്ഞ് വീട്ടിലെത്തിച്ച വെള്ളപുതച്ച ശരീരം കണ്ടതോടെ കൂട്ടനിലവിളിയായി. ബന്ധുക്കളും സുഹൃത്തുക്കളും ആശ്വസിപ്പിക്കാനാകാതെ കണ്ണീരടക്കി.
കടുത്ത ശിക്ഷ നൽകണം
ഷഹബാസിനെ ആക്രമിച്ചവരുടെ കൂട്ടത്തിൽ മുതിർന്നവരും ഉണ്ടെന്ന് അവന്റെ സുഹൃത്തുക്കൾ കഴിഞ്ഞ ദിവസം മാതാവിനോട് പറഞ്ഞിരുന്നു. മർദ്ദിച്ചവരിൽ ഒരാൾ ക്ഷമാപണം നടത്തി ഇൻസ്റ്റഗ്രാം സന്ദേശമയച്ചു. ഇനിയൊരു ഉമ്മയ്ക്കും ഈ അവസ്ഥയുണ്ടാകരുതെന്നും കടുത്ത ശിക്ഷ ഉറപ്പാക്കണമെന്നും റംസീന പറഞ്ഞു. വ്യാഴാഴ്ച അവൻ ഛർദ്ദിക്കാൻ തുടങ്ങി. ഞങ്ങൾ ആകെ ഭയന്നു. വീടിനു സമീപം കാർ വരാത്തതിനാൽ അവനെ എടുത്താണ് കാറിൽ കയറ്റിയതെന്ന് പിതാവ് ഇക്ബാൽ പറഞ്ഞു. അവനെ ഇല്ലാതാക്കാൻ തന്നെയായിരുന്നു അവരുടെ തീരുമാനം. സംഭവിച്ചത് എന്താണെന്ന് മർദ്ദനമേറ്റ ഞായറാഴ്ച പറഞ്ഞിരുന്നെങ്കിൽ ഒരുപക്ഷേ എന്റെ മകൻ... ഇക്ബാലിന്റെ വാക്കുകൾ തേങ്ങലിൽ മുറിഞ്ഞു.
പൊലിഞ്ഞത് വീടിന്റെ സ്വപ്നം
സാമ്പത്തികമായി വളരെ പിന്നാക്കം നിൽക്കുന്ന കുടുംബമാണ് ഷഹബാസിന്റേത്. പ്രവാസിയായിരുന്ന ഷഹബാസിന്റെ പിതാവ് ഇക്ബാൽ കൂലിപ്പണിയും മറ്റുമായി ഇപ്പോൾ നാട്ടിലാണ്. താമരശ്ശേരി ചുങ്കം പാലോറക്കുന്ന് തറവാട് വീടിനോടു ചേർന്ന് പുതിയ വീടിന്റെ പണി നടക്കുന്നതിനാൽ ഒന്നരവർഷമായി കോരങ്ങാട് പി.സി മുക്കിലുള്ള വാടക വീട്ടിലാണ്. നാലു മക്കളിൽ മൂത്തവനാണ് ഷഹബാസ്. അവനെ പഠിപ്പിച്ച് വലിയൊരാളാക്കണമെന്ന പിതാവിന്റെ സ്വപ്നമാണ് അണഞ്ഞുപോയത്.
അട്ടിമറിച്ചേക്കുമെന്ന് ബന്ധുക്കൾ
ഷഹബാസിന്റെ ദാരുണ മരണത്തിൽ അന്വേഷണം അട്ടിമറിക്കപ്പെടുമോ എന്ന ആശങ്കയിലാണ് കുട്ടിയുടെ രക്ഷിതാക്കളും ബന്ധുക്കളും. സംഭവത്തിൽ കുറ്റാരോപിതരായ കുട്ടികളിൽ ഒരാളുടെ പിതാവ് പൊലീസ് ഡ്രൈവറാണ്. മറ്റൊരു കുട്ടിയുടെ പിതാവ് നിരവധി കേസുകളിൽ പ്രതിയായിട്ടുണ്ട്. സ്വാധീനമുള്ള ഇവർ സമ്മർദ്ദം ചെലുത്തി അന്വേഷണത്തിന്റെ ദിശ മാറ്റുമോയെന്ന് ആശങ്കയുണ്ടെന്ന് ഷഹബാസിന്റെ ബന്ധുക്കൾ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |