
വെഞ്ഞാറമൂട്: തന്റെ കുടുംബത്തിന് വലിയ സാമ്പത്തിക ബാദ്ധ്യതയുള്ളതായി അറിയില്ലെന്ന് വെഞ്ഞാറമൂട് കൂട്ടകൊലക്കേസ് പ്രതി അഫാന്റെ പിതാവ് അബ്ദുൾ റഹീം പറഞ്ഞു. വീട് പണയത്തിലല്ല. തന്റെ കടം വീടാൻ ഭാര്യയെയോ മകനെയോ ഏൽപ്പിച്ചില്ല. സംഭവത്തിന് രണ്ട് ദിവസം മുമ്പും അഫാൻ വാട്സ്ആപ്പ് വഴി സംസാരിച്ചിരുന്നു. ഇന്നലെ വൈകിട്ട് ഗോകുലം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തി ഭാര്യ ഷെമിയെ കണ്ട ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഷെമിയുടെ ആരോഗ്യ നിലയിൽ പുരോഗതിയുണ്ട്. ഇന്ന് സംസാരത്തിലും വ്യത്യാസമുണ്ട്. ആരോഗ്യ കാര്യങ്ങളല്ലാതെ മറ്റൊന്നും സംസാരിച്ചില്ല. എല്ലാവരുടേയും പ്രാർത്ഥന വേണം.താൻ വീടുമായി നിരന്തരം സംസാരിക്കുന്ന ആളാണ്. നാട്ടിൽ നിന്ന് എനിക്ക് വിദേശത്തേക്ക് പണം അയച്ച് കടം വന്നിട്ടില്ല. എന്താണ് സംഭവിച്ചതെന്ന് പൊലിസ് കണ്ടത്തട്ടെ. മറ്റൊന്നും പറയാൻ കഴിയുന്ന സാഹചര്യത്തിലല്ലെന്നും റഹീം പറഞ്ഞു. രണ്ട് മണിക്കൂറോളം വെഞ്ഞാറമൂട് പൊലിസ് സ്റ്റേഷനിൽ മൊഴി നൽകിയ ശേഷമാണ് റഹീം ഭാര്യയെ കാണാനെത്തിയത്.
രണ്ടു കേസുകളിൽ അഫാന്റെ അറസ്റ്റ് ഇന്ന്
വെഞ്ഞാറമൂട് കൂട്ടക്കൊലയുമായി ബന്ധപ്പെട്ട രണ്ട് കേസുകളിൽ പ്രതി അഫാന്റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. സഹോദരൻ അഫ്സാൻ, പെൺ സുഹൃത്ത് ഫർഹാന എന്നിവരെ സ്വന്തം വീട്ടിൽവച്ചും പിതാവിന്റെ സഹോദരൻ ലത്തീഫ് , ഭാര്യ ഷാഹിദ എന്നിവരെ ചുള്ളാളത്തെ അവരുടെ വീട്ടിലെത്തിയുംകൊലപ്പെടുത്തിയ കേസുകളിലാണ് അറസ്റ്റ്. അമ്മൂമ്മ സൽമാ ബീവിയെ കൊലപ്പെടുത്തിയ കേസിൽ പാങ്ങോട് പൊലിസ് അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. അറസ്റ്റ് കഴിഞ്ഞാലുടൻ തെളിവെടുപ്പ് നടത്തും . അഫാന്റെയും ഉമ്മയുടെയും സാമ്പത്തിക ഇടപാടുകളെ കുറിച്ചും, ഫർഹാനയുടെ സ്വർണം അഫാൻ പണയം വെച്ചപ്പോൾ തിരികെ എടുത്ത് നൽകാൻ പിതാവ് റഹിം പണം നൽകിയതിനെ കുറിച്ചും വിശദമായി അന്വേഷിക്കും. കടം നൽകിയ മുഴുവൻ പേരെയും ചോദ്യം ചെയ്യുമെന്നും പൊലീസ് അറിയിച്ചു.
ഷെമിയുടെ മൊഴി രേഖപ്പെടുത്തി
കൂട്ടക്കൊല കേസിലെ പ്രതി അഫാന്റെ ആക്രമണത്തിന് ഇരയായ മാതാവ് ഷെമിയുടെ മൊഴി മജിസ്ട്രേറ്റ് രേഖപ്പെടുത്തി. ചികിത്സയിൽ കഴിയുന്ന ഗോകുലം മെഡിക്കൽ കോളേജിലെത്തിയാണ് നെടുമങ്ങാട് ഫസ്റ്റ് ക്ലാസ്സ് ജുഡിഷ്യൽ മജിസ്ട്രേറ്റ് റുബിനാ ഇസ്മൈലിൽ മൊഴിയെടുത്തത്. പൊലീസിനോടും ബന്ധുക്കളോടും പറഞ്ഞതു പോലെ കട്ടിലിൽ നിന്നു തലയിടിച്ച് വീണു പരിക്കേറ്റെന്നാണ് മൊഴി നൽകിയതെന്ന് സൂചന.അപകടത്തെ കുറിച്ച് മാത്രമാണ് ചോദിച്ചത്. വെള്ളിയാഴ്ച രാത്രി 8.45ന് ആരംഭിച്ച മൊഴിയെടുക്കൽ ഒരു മണിക്കൂർ നീണ്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |