
ആലപ്പുഴ: സിനിമാഗാനരംഗത്തെ അമ്പതാം വാർഷികാഘോഷം ഈ മാസം 29ന് ചെന്നൈ തേനാംപേട്ട് കാമരാജ് അരംഗത്തിൽ തീരുമാനിച്ചിരിക്കെയാണ് ഗാനരചയിതാവ് മങ്കൊമ്പ് ഗോപാലകൃഷ്ണന്റെ ആകസ്മിക വിയോഗം. കേന്ദ്രമന്ത്രി സുരേഷ് ഗോപി വിശിഷ്ടാതിഥിയായി എത്തുന്ന പരിപാടിക്ക് വേണ്ടിയുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായിരുന്നു.
ഗോപാലകൃഷ്ണനടക്കമുള്ളവർക്ക് താമസിക്കാനുള്ള മുറികളും ഫ്ലൈറ്റ് ടിക്കറ്റും വരെ സജ്ജമായിരിക്കെയാണ് എല്ലാ പ്രതീക്ഷകളും തെറ്റിച്ച് അദ്ദേഹം യാത്രയായത്. ഹരിഹരൻ, പ്രിയദർശൻ, ആലപ്പി അഷ്റഫ് തുടങ്ങിയവർ പങ്കെടുക്കുന്ന പരിപാടിയിൽ പിന്നണി ഗായകരുടെ നേതൃത്വത്തിൽ ഗാനാർച്ചനയടക്കം ഒരുക്കാനായിരുന്നു തീരുമാനം. കലാ സാംസ്കാരിക സംഘടനയായ ദക്ഷിണ സംഘടിപ്പിക്കുന്ന ആഘോഷത്തിന്റെ വിജയത്തിനായി ശബരി ഗ്രൂപ്പ് ചെയർമാൻ പി. ശശികുമാർ ചെയർമാനായും പി.എൻ. ശ്രീകുമാർ ജനറൽ കൺവീനറായും വിപുലമായ സംഘാടക സമിതിയും രൂപീകരിച്ചിരുന്നു.
ആഘോഷച്ചടങ്ങ് സംഘടിപ്പിക്കപ്പെടുന്നതിൽ അദ്ദേഹം അതീവ സന്തോഷത്തിലായിരുന്നുവെന്ന് സിനിമാ സംവിധായകൻ ആലപ്പി അഷറഫ് പറഞ്ഞു. അടുത്തിടെ തിരുവനന്തപുരത്ത് അദ്ദേഹത്തിന് നൽകിയ സ്വീകരണച്ചടങ്ങിലും ഇരുവരും ഒരുമിച്ചാണ് പങ്കെടുത്തത്. ഇടയ്ക്കിടെ ഫോൺ വിളിക്കുമ്പോഴെല്ലാം ശരീരത്തിൽ സോഡിയം കുറയുന്നതിന്റെ കുറവുകൾ പറയാറുണ്ടായിരുന്നെങ്കിലും, ഇത്ര വേഗമൊരു മടങ്ങിപ്പോക്കുണ്ടാകുമെന്ന് കരുതിയിരുന്നില്ലെന്ന് അഷ്റഫ് പറഞ്ഞു. സ്വന്തം സഹോദരനോടെന്ന പോലുള്ള അടുപ്പമാണ് അദ്ദേഹത്തിനോടുണ്ടായിരുന്നത്. ആലപ്പി അഷ്റഫിന്റെ നിരവധി ചിത്രങ്ങളിലെ ഗാനങ്ങൾക്ക് ജീവൻ പകർന്ന മങ്കൊമ്പ് ഗോപാലകൃഷ്ണൻ ബാഹുബലി സിനിമയുടെ മലയാള മൊഴിമാറ്റം ഒരുക്കിയപ്പോൾ കുമാരവർമ്മയെന്ന കഥാപാത്രത്തിന് ശബ്ദം പകർന്നത് ആലപ്പി അഷ്റഫാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |