
എല്ലാ ജില്ലകളിലും മുഖ്യമന്ത്രി എത്തും
തിരുവനന്തപുരം: സർക്കാരിന്റെ നാലാം വാർഷികം ആഘോഷിക്കുക വികസന, ക്ഷേമ പ്രവർത്തനങ്ങളും നേട്ടങ്ങളും നിരത്തിയായിരിക്കും. ഏപ്രിൽ, മേയ് മാസങ്ങളിലാണ് പരിപാടികൾ. തദ്ദേശ സ്ഥാപനതലം മുതൽ, സംസ്ഥാന തലം വരെ വിപുലമായ പരിപാടികൾ നടത്താൻ മന്ത്രിസഭായോഗം തീരുമാനിച്ചു. എല്ലാ ജില്ലകളിലും മുഖ്യമന്ത്രി പങ്കെടുക്കും. ഏപ്രിൽ 21ന് കാസർകോട് നിന്ന് ആരംഭിച്ച് മേയ് 21ന് തിരുവനന്തപുരത്ത് സമാപിക്കും.
ഏപ്രിൽ 21ന് കാസർകോട്, 22ന് വയനാട്, 24ന് പത്തനംതിട്ട, 28ന് ഇടുക്കി, 29ന് കോട്ടയം, മേയ് 5ന് പാലക്കാട്, 6ന് കൊല്ലം, 7ന് എറണാകുളം, 12ന് മലപ്പുറം, 13ന് കോഴിക്കോട്, 14ന് കണ്ണൂർ, 19ന് ആലപ്പുഴ, 20ന് തൃശ്ശൂർ, 21ന് തിരുവനന്തപുരം എന്നിങ്ങനെയാണ് ജില്ലാതല യോഗങ്ങൾ. വിവിധ ആനുകൂല്യങ്ങൾ ലഭിച്ച ഗുണഭോക്താക്കളുടെയും പ്രമുഖ വ്യക്തികളുടെയും യോഗങ്ങളും,ഒരാഴ്ച നീണ്ടുനിൽക്കുന്ന ജില്ലാതല പ്രദർശന- വിപണന മേളകളും. സംസ്ഥാന തലത്തിൽ പൊതുപരിപാടികളുമുണ്ട്.
യുവജനക്ഷേമ വകുപ്പിന്റെ നേതൃത്വത്തിൽ യുവജനങ്ങളുമായും വനിതാ വികസന വകുപ്പിന്റെ നേതൃത്വത്തിൽ വനിതകളുമായും എസ്.സി/എസ്.ടി വകുപ്പിന്റെ നേതൃത്വത്തിൽ പട്ടികജാതി-പട്ടികവർഗ്ഗ വിഭാഗങ്ങളുമായും സാംസ്കാരിക വകുപ്പിന്റെ നേതൃത്വത്തിൽ സാംസ്കാരിക രംഗത്തുള്ളവരുമായും ഉന്നതവിദ്യാഭ്യാസ, ആരോഗ്യ വകുപ്പുകളുടെ നേതൃത്വത്തിൽ ഗവേഷണ വിദ്യാർത്ഥികളുമായും സയൻസ് ആൻഡ് ടെക്നോളജി വകുപ്പിന്റെ നേതൃത്വത്തിൽ പ്രൊഫഷണലുകളുമായും ചർച്ച നടത്തും. ജില്ലയിലെ ആഘോഷ പരിപാടികൾക്ക് ജില്ലാ ചുമതലയുള്ള മന്ത്രി ചെയർമാനും കളക്ടർ ജനറൽ കൺവീനറുമായി കമ്മിറ്റി രൂപീകരിക്കും. ഏകോപനത്തിന് ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി.
മുഖ്യമന്ത്രിയുടെ മേഖലാ യോഗങ്ങൾ മേയിൽ
തിരുവനന്തപുരം: വികസന പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാവുന്നെന്ന് ഉറപ്പാക്കാനും തടസങ്ങൾ പരിഹരിക്കാനും മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ മേഖലാ അവലോകന യോഗങ്ങൾ നടത്താൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. മേയിൽ നാല് മേഖലകളിലാണ് യോഗം ചേരുക. മുഖ്യമന്ത്രിയും മന്ത്രിമാരും ചീഫ് സെക്രട്ടറിയും വകുപ്പ് സെക്രട്ടറിമാരും വകുപ്പദ്ധ്യക്ഷൻമാരും പങ്കെടുക്കും. ജില്ലകളിലെ വികസന പ്രവർത്തനങ്ങൾ വിലയിരുത്തും. ഭരണപരമോ,സാങ്കേതികമോആയ തടസങ്ങൾ നേരിടുന്നുണ്ടങ്കിൽ അവ കണ്ടെത്തുകയും പരിഹാരമുണ്ടാക്കുകയും ചെയ്യും.
കാസർകോട്,കണ്ണൂർ,വയനാട്,കോഴിക്കോട് ജില്ലകളുടെ അവലോകന യോഗം മേയ്26ന്. കണ്ണൂർ,പാലക്കാട്,മലപ്പുറം,തൃശൂർ ജില്ലകളുടേത് മേയ് എട്ടിന് പാലക്കാട്ടും എറണാകുളം,ഇടുക്കി,ആലപ്പുഴ,കോട്ടയം ജില്ലകളുടേത് മേയ്29ന് കോട്ടയത്തും തിരുവനന്തപുരം,കൊല്ലം,പത്തനംതിട്ട ജില്ലകളുടേത് മേയ് 15ന് തിരുവനന്തപുരത്തും നടത്തും. 2023ലെ അവലോകന യോഗത്തിൽ പരിഗണിച്ചവയിൽ ഇനിയും പൂർണമായും പരിഹരിക്കാത്ത വിഷയങ്ങളും എം.എൽ.എമാർ ഉന്നയിച്ച വിഷയങ്ങളും പരിഗണിക്കും. ഏകോപന ചുമതല ചീഫ്സെക്രട്ടറിക്കാണ്. ജില്ലാ കളക്ടർമാർക്ക് യോഗങ്ങൾ സംഘടിപ്പിക്കുന്നതിനും നടത്തിപ്പിനുമുള്ള ചുമതലയുണ്ട്. യോഗങ്ങൾക്കായി ഐ.ടി വകുപ്പ് പ്രത്യേക സോഫ്റ്റ്വെയർ തയ്യാറാക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |