SignIn
Kerala Kaumudi Online
Friday, 23 October 2026 2.06 AM IST

കൊവിഡ് ലോക്ഡൗൺ --ജോലിക്കെത്താൻ വൈകിയതിന് റെയിൽവേയുടെ ശിക്ഷ റദ്ദാക്കി

railway

കൊച്ചി: കൊവിഡ് ലോക്ഡൗൺ കാരണം ജോലിയിൽ തിരികെ പ്രവേശിക്കാൻ വൈകിയ ജീവനക്കാരന് കടുത്ത ശിക്ഷ നൽകിയ റെയിൽവേയുടെ നടപടി ഹൈക്കോടതി റദ്ദാക്കി. ആദ്യം നിർബന്ധിത റിട്ടയർമെന്റ്. ട്രൈബ്യൂണൽ ഉത്തരവിനെ തുടർന്ന് തിരിച്ചെടുത്തപ്പോൾ ജൂനിയർ തസ്തികയിലേക്ക് തരംതാഴ്ത്തൽ. ഇതാണ് ജസ്റ്റിസുമാരായ അമിത് റാവൽ, കെ.വി. ജയകുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ച് റദ്ദാക്കിയത്. ഹർജിക്കാരനായ നിലമ്പൂർ സ്വദേശി കെ. നിതീഷിനെ പഴയ തസ്തികയിൽ എല്ലാ ആനുകൂല്യങ്ങളോടെയും തിരിച്ചെടുക്കാനും നിർദ്ദേശിച്ചു.

തിരുച്ചിറപ്പള്ളി സെൻട്രൽ വർക്‌ഷോപ്പിൽ മെക്കാനിക്കൽ -3 തസ്തികയിലാണ് ജോലി ചെയ്തിരുന്നത്. കുട്ടിക്ക് അസുഖമായതിനാൽ 2020 മാർച്ച് 16 മുതൽ 21വരെ ലീവെടുത്തിരുന്നു. കൊവിഡ് ലോക്ഡൗൺ ഏർപ്പെടുത്തിയതിനാൽ തിരികെ എത്താനായില്ല. ജൂലായ് 31ന് ഡ്യൂട്ടിക്കെത്തിയപ്പോൾ 14 ദിവസം ക്വാറന്റൈൻ നിർദ്ദേശിച്ചു. ജൂൺ വരെ വർക്ക്ഷോപ്പ് അടച്ചിട്ടിരുന്നതാണ്.

പിന്നീട് ലീവ് ക്രമപ്പെടുത്താൻ അധികൃതരെ സമീപിച്ചപ്പോൾ നിർബന്ധിത റിട്ടയർമെന്റ് നിർദ്ദേശിച്ചു. 148.5 ദിവസം അനധികൃതമായി ഹാജരായില്ലെന്നായിരുന്നു കുറ്റാരോപണ മെമ്മോ. ഇതിനെതിരെ ഹർജിക്കാരൻ സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചപ്പോൾ ശിക്ഷ കുറവു ചെയ്യാൻ ഉത്തരവുണ്ടായി. എന്നാൽ കുറഞ്ഞ ശമ്പളമുള്ള അസിസ്റ്റന്റ് തസ്തികയിലേക്ക് തരം താഴ്‌ത്തുകയായിരുന്നു.

ജോലിയിൽ ഹാജരാകാതിരിക്കാൻ ബോധപൂർവമായ ശ്രമം ഉണ്ടായിട്ടില്ലെന്ന് ഹൈക്കോടതി വിലയിരുത്തി. ലീവ് തീർന്നതു മുതൽ ലോക്‌ഡൗൺ പ്രഖ്യാപിച്ചതു വരെയുള്ള 3 ദിവസം കാഷ്വൽ ലീവായി കണക്കാക്കി ഹർജിക്കാരനെ ടെക്നീഷ്യൻ തസ്തികയിൽ പുനർ നിയമിക്കണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA