
കേന്ദ്ര ബഡ്ജറ്റിലെ ആദായ നികുതി ഇളവുകൾ ഇടത്തരക്കാർ വിചാരിച്ചതിലും അപ്പുറമാണ്. ഏറെ വർഷങ്ങൾക്ക് ശേഷം നികുതി സ്ലാബിൽ പ്രതീക്ഷയ്‌ക്കപ്പുറം ഗുണമുണ്ടാകുന്നത് ഇതാദ്യമാണ്. മിഡിൽ ക്ലാസിന്റെ പർച്ചേസിംഗ് പവറാണ് ഇന്ത്യയുടെ കരുത്ത്. സമ്പദ്‌വ്യവസ്ഥയിൽ ഒഴുകുന്ന പണത്തിൽ നല്ലൊരു ശതമാനവും ഇടത്തരക്കാരുടേതാണ്.
വിപണിയിലേക്കുള്ള പണമൊഴുക്കിൽ മാത്രമല്ല, നിക്ഷേപങ്ങളിലും ഇത് പ്രതിഫലിക്കും. കൂടുതൽ ടാക്സ് ബെനിഫിറ്റ് കിട്ടുമ്പോൾ ചെലവിടാവുന്ന വരുമാനവും കൂടും. ഇത് സേവിംഗ്സിലും പ്രതിഫലിക്കും. അത് ബാങ്കിംഗ് മേഖലയ്ക്കും ഗുണമാണ്.
മുതിർന്ന പൗരന്മാരുടെ പലിശവരുമാനത്തിന് നികുതി പിരിക്കുന്ന പരിധി 50,000 രൂപയിൽ നിന്ന് ഒരു ലക്ഷമായി ഉയർത്തിയിട്ടുണ്ട്. ഈ രണ്ടു കാരണങ്ങൾ കൊണ്ട് നിക്ഷേപം നടത്താനും ചെലവിടാനുമുള്ള ത്വര കൂടിവരും. ഇത് സമ്പദ്‌വ്യസ്ഥയ്ക്ക് ഉണർവേകും. ആദായ നികുതി വ്യവസ്ഥകളിൽ ഇപ്പോൾ വന്നിരിക്കുന്ന മറ്റ് മാറ്റങ്ങളും ഗുണകരമാണ്. പുതിയ പരിഷ്കാരമനുസരിച്ച് 50,000 രൂപ വീട്ടുവാടകയ്ക്കു വരെ നികുതി ഒഴിവാകും. ഇതും ഉദ്യോഗസ്ഥരടക്കമുള്ളവർക്ക് നേട്ടമാണ്. അങ്ങനെ നികുതിദായരുടെ എണ്ണത്തിൽ ഭൂരിപക്ഷം വരുന്ന മദ്ധ്യവർത്തി ജനങ്ങളോട് കേന്ദ്രബഡ്ജറ്റ് നീതി പുലർത്തി.
എന്നാൽ, കേരളത്തിനായി പ്രത്യേക പദ്ധതികളോ പരിപാടികളോ ബഡ്ജറ്റിൽ കണ്ടില്ല. വിദ്യാസമ്പന്നരായ ഏറ്റവുമധികം യുവാക്കൾ വിദേശത്തേക്കു ചേക്കേറുന്നത് ഇവിടെ നിന്നാണ്. അവർക്ക് യോജിച്ച ഒരു ഇക്കോസിസ്റ്റം ഇവിടെയില്ലാത്തതും അവർ ആഗ്രഹിക്കുന്ന ജോലിയോ ശമ്പളമോ ഇല്ലാത്തതുമാണ് കാരണം. സ്വപ്നം കാണാനും ഇവിടെ പിടിച്ചുനിൽക്കാനുമുള്ള സാഹചര്യവുമുണ്ടായിരുന്നെങ്കിൽ ചിലപ്പോൾ അവർ അങ്ങനെ ചിന്തിച്ചേക്കില്ല. എന്നാൽ, കേരളത്തിൽ തൊഴിലവസരം വർദ്ധിപ്പിക്കാനും നല്ല വരുമാനമുണ്ടാക്കാനുമുള്ള പദ്ധതികളോ സ്ഥാപനങ്ങളോ പ്രഖ്യാപിച്ചിട്ടില്ല. സംസ്ഥാനം പ്രതീക്ഷിച്ചിരുന്ന എയിംസും അനുവദിച്ചില്ല.
(പ്രമുഖ ചാർട്ടേഡ് അക്കൗണ്ടന്റും ഇൻസ്‌റ്റിറ്റ്യൂട്ട് ഒഫ് ചാർട്ടേഡ് അക്കൗണ്ടന്റ്‌സ് ഒഫ് ഇന്ത്യ,
കൊച്ചി ശാഖയുടെ മുൻ ചെയർമാനുമാണ് ലേഖകൻ)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |