SignIn
Kerala Kaumudi Online
Saturday, 24 October 2026 2.40 PM IST

സിനിമാ സമരം: നിർമ്മാതാക്കളിൽ ഭിന്നത സുരേഷ് കുമാറിനെതിരെ ആന്റണി പെരുമ്പാവൂർ

producers-kerala-movie-

കൊച്ചി: ജൂൺ ഒന്നുമുതൽ ചിത്രീകരണം നിറുത്തിവച്ച് സമരം നടത്താനുള്ള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ തീരുമാനത്തിൽ അംഗങ്ങളുടെ ഭിന്നത പരസ്യമാക്കി നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ. മറ്റു സംഘടനകളുടെ സമ്മർദ്ദത്തിനുവഴങ്ങി സമരം പ്രഖ്യാപിച്ച പ്രസിഡന്റ് ജി.സുരേഷ് ‌കുമാറിനെ ആന്റണി രൂക്ഷമായി വിമർശിച്ചു.

സ്‌തംഭനസമരം സിനിമയ്‌ക്ക് ഗുണമാകില്ലെന്ന് ആന്റണി ഫേസ്ബുക്കിൽ കുറിച്ചു. തിയേറ്ററുകൾ അടച്ചിടുകയും ചിത്രീകരണം നിറുത്തുകയും ചെയ്യുമെന്ന് വ്യക്തികളല്ല തീരുമാനിക്കേണ്ടത്,സംഘടന ആലോചിച്ചു പ്രഖ്യാപിക്കേണ്ടതാണ്. മറ്റാരെങ്കിലും പറഞ്ഞതുകേട്ടാണെങ്കിൽ സത്യം തിരിച്ചറിയാനും തിരുത്തിപ്പറയാനുമുള്ള ആർജ്ജവവും ഉത്തരവാദിത്വവും പക്വതയും സുരേഷ് കുമാർ കാണിക്കണം. തെറ്റുതിരുത്തിക്കാൻ പ്രസിഡന്റ് ആന്റോ ജോസഫിന്റെ നേതൃത്വത്തിലുള്ള ഭാരവാഹികൾ തയ്യാറാകണമെന്നും ആന്റണി പറഞ്ഞു.

നൂറുകോടി ക്ളബ്ബിലെത്തിയ സിനിമകളെ പരിഹസിച്ചും വെല്ലുവിളിച്ചുമാണ് അദ്ദേഹം സംസാരിച്ചത്. കോടി ക്ളബ്ബുകളിൽ കയറുന്നത് തിയേറ്ററിലെയും മറ്റു വരുമാനങ്ങളും കൂട്ടിച്ചേർത്താണ്. നടൻ സിനിമ നിർമ്മിച്ചാൽ പ്രദർശിപ്പിക്കില്ലെന്ന് സുരേഷ് കുമാർ പറഞ്ഞത് നടപ്പാക്കാവുന്ന കാര്യമല്ല. താൻ നിർമ്മിക്കുന്ന എമ്പുരാന്റെ ബഡ്‌ജറ്റിനെക്കുറിച്ച് സംസാരിച്ചതും ഉചിതമല്ല. കെ.ജി.എഫ് പോലെ ബഹുഭാഷാവിജയം സ്വപ്‌നം കണ്ടാണ് എമ്പുരാനൊരുക്കുന്നത്. സംവിധായകനുൾപ്പെടെ പിന്നണിപ്രവർത്തകർ രണ്ടുവർഷമായി പ്രവർത്തിക്കുകയാണ്. മോഹൻലാലും സഹകരിക്കുന്നു. അത്തരം സംരംഭത്തെ അസോസിയേഷൻ പിന്തുണയ്‌ക്കാത്തത് നിരാശയും സങ്കടവും നൽകുന്നു.

ജനുവരിയിലെ കണക്കുപയോഗിച്ച് സിനിമകളെ വിമർശിച്ചതും ശരിയല്ല. ഉയർച്ചതാഴ്ചകളും ജയപരാജയങ്ങളും സിനിമയുണ്ടായ കാലം മുതലുണ്ട്. ഒരുമാസത്തെ വരവുമാത്രം പറഞ്ഞ് സിനിമാമേഖലയെ വിമർശിച്ചത് ആരോഗ്യകരവും പക്വവുമായ ഇടപെടലല്ലെന്നും ആന്റണി വ്യക്തമാക്കി.

പിന്തുണച്ച് താരങ്ങൾ

ആന്റണി പെരുമ്പാവൂരിനെ പിന്തുണച്ച് പൃഥ്വിരാജ്,ടൊവിനോ തോമസ്,​ഉണ്ണി മുകുന്ദൻ,അജു വർഗീസ് എന്നിവർ ഫേസ്ബുക്ക് പോസ്റ്റ് പങ്കിട്ടു. 'എല്ലാം ഓക്കെയല്ലേ അണ്ണാ' എന്ന കുറിപ്പ് സഹിതമാണ് പൃഥ്വിരാജ് പ്രതികരിച്ചത്.

'തീരുമാനം സംഘടനകളുടേത് '

സമരം തീരുമാനിച്ചത് സംഘടനകൾ ഒരുമിച്ചാണെന്ന് ജി.സുരേഷ് കുമാർ പ്രതികരിച്ചു. ഫെഫ്‌ക പ്രതിനിധികൾ ഉൾപ്പെടെ കൊച്ചിയിൽ യോഗം ചേർന്നാണ് തീരുമാനിച്ചത്. യോഗങ്ങളിൽ പങ്കെടുക്കാത്തതിനാൽ ആന്റണിക്ക് അതറിയില്ല. മിനിറ്റ്സ് പരിശോധിച്ചാൽ വ്യക്തമാകും. ആന്റണി സിനിമ കണ്ടുതുടങ്ങുന്ന കാലത്ത് താൻ നിർമ്മാതാവായതാണ്. സിനിമയിൽ 46വർഷം പ്രവർത്തിച്ച താൻ മണ്ടത്തരം കാണിക്കുകയോ വെറുതെ വിളിച്ചുപറയുകയോ ചെയ്യില്ല. മോഹൻലാലിനടുത്ത് ആന്റണി വരുന്നതു മുതൽ തനിക്കറിയാമെന്നും സുരേഷ് കുമാർ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CINEMA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA