SignIn
Kerala Kaumudi Online
Thursday, 22 October 2026 10.03 PM IST

പാട്ടി​ന്റെ പാലാഴി​ തീർത്ത മങ്കൊമ്പ്

dd

കൊച്ചി: വയലാറും പി. ഭാസ്‌കരനും ഒ.എൻ.വിയും ശ്രീകുമാരൻ തമ്പിയും അരങ്ങുവാണിരുന്ന പാട്ടെഴുത്ത് മേഖലയിലേക്കാണ് അരനൂറ്റാണ്ട് മുമ്പ് മങ്കൊമ്പ് ഗോപാലകൃഷ്ണൻ കടന്നുവന്നത്.

മലയാളി മനസുകളിലേക്ക് കൊടുങ്കാറ്റുപോലെ കയറിയ 1974ലെ 'അയലത്തെ സുന്ദരി"യിലെ പാട്ടുകൾ ഗോപാലകൃഷ്ണന്റെ തലവര മാറ്റി.

ലക്ഷാർച്ചന കണ്ടു മടങ്ങുമ്പോൾ, ചിത്രവർണ പുഷ്പജാലമൊരുക്കിവച്ചു തുടങ്ങി ശങ്കർ ഗണേഷ് ഈണമിട്ട ഗാനങ്ങൾ മലയാളികളുടെ ചുണ്ടിൽ ഇന്നുമുണ്ട്. 1977ൽ 'സുജാത"യിലെ രവീന്ദ്രജെയിനിന്റെ സംഗീതത്തിൽ പിറന്ന നാലു പാട്ടുകളും സൂപ്പർഹിറ്റായി. ആശ്രിത വത്സലനെ കൃഷ്ണാ, കാളിദാസന്റെ കാവ്യഭാവനയിൽ, സ്വയംവരശുഭദിന മംഗളങ്ങൾ, താലിപ്പൂ പീലിപ്പൂ എന്നീ പാട്ടുകൾ കേരളം ഏറ്റുപാടി. രണ്ടു ചിത്രങ്ങളുടെയും സംവിധായകൻ ഹരിഹരനായിരുന്നു. ഹരിഹരന്റെ ചിത്രങ്ങളിലാണ് മങ്കൊമ്പ് ഏറ്റവുമധികം ഗാനങ്ങളെഴുതിയത്. സുജാതയിലെ രണ്ടു പാട്ടുകൾ പാടിയത് ആശ ഭോസ്‌ലെയായിരുന്നു.

പുരാണങ്ങളിലെ കഥയും കഥാപാത്രങ്ങളും പലപ്പോഴും ഗാനങ്ങളിൽ വന്നു. അന്യഭാഷാ ചിത്രങ്ങൾ മൊഴിമാറ്റുമ്പോൾ വാക്കുകളിലും വരികളിലും മലയാളത്തനിമ നിറഞ്ഞു. ബാഹുബലി മലയാളത്തിലാക്കിയപ്പോൾ സംവിധായകൻ എസ്.എസ്. രാജമൗലിക്ക് വേറൊരു പേര് ആലോചിക്കുക പോലും വേണ്ടിവന്നില്ല.

എം.എ ബിരുദധാരിയായ മങ്കൊമ്പ് ഗോപാലകൃഷ്ണൻ 'വിമോചനസമരം" എന്ന ചിത്രത്തിലൂടെയാണ് സിനിമയിലെത്തിയത്. 'പൂമഠത്തെ പെണ്ണ്'എന്ന സിനിമയും നിർമ്മിച്ചു. കുറച്ചുനാൾ മദ്രാസിൽ നിന്ന് പ്രസിദ്ധീകരിച്ചിരുന്ന 'അന്വേഷണം" മാസികയുടെ പത്രാധിപരുമായി.

1970ൽ മദിരാശിയിലെത്തിയതാണ് ജീവിതത്തിലെ വഴിത്തിരിവ്. സിനിമാമോഹം മനസിലുള്ള കവി കൂടിയായ യുവാവിന് അന്വേഷണം മാസികയുടെ പത്രാധിപരാകാൻ അവസരം ലഭിച്ചപ്പോൾ മറ്റൊന്നും ആലോചിക്കാനുണ്ടായിരുന്നില്ല.

1971ൽ പുറത്തിറങ്ങിയ 'വിമോചനസമരം" എന്ന സിനിമയിൽ ആദ്യമായി പാട്ടെഴുതി. സന്തോഷവും ദുഃഖവും പ്രണയവും വിരഹവുമെല്ലാം തൂലികയിൽ പാട്ടുകളായി മാറി. തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, ബംഗാളി ഭാഷകളിൽ നിന്ന് അദ്ദേഹം സിനിമാഗാനങ്ങൾ മൊഴിമാറ്റിയിട്ടുണ്ട്. പന്ത്രണ്ടോളം സിനിമകൾക്ക് തിരക്കഥയെഴുതി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA