
കോഴിക്കോട്: സംസ്ഥാനത്ത് ഭക്ഷ്യവിഷബാധ സംഭവങ്ങൾ നിരന്തരം റിപ്പോർട്ട് ചെയ്യപ്പെടുമ്പോഴും നാലുവർഷത്തിനിടെ (2021- 2024) ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ ചെലവിട്ടത് 61.25 കോടി. സംസ്ഥാന പദ്ധതികൾക്ക് 20.98 കോടി. എഫ്.എസ്.എസ്.എ.ഐ പദ്ധതികൾക്ക് 40.27 കോടി.അതേസമയം, സാമ്പിളുകൾ പരിശോധിക്കാൻ ആവശ്യത്തിന് ഭക്ഷ്യസുരക്ഷാ ലാബുകൾ സംസ്ഥാനത്തില്ല. ഇവിടങ്ങളിൽ ആവശ്യത്തിന് ജീവനക്കാരും.
അതിനാൽ, ഫലത്തിനായി ഏറെനാൾ കാത്തിരിക്കണം. ഇത് നടപടികൾ വൈകുന്നതിന് ഇടയാക്കും. നിലവിൽ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ജില്ലകളിൽ മൂന്ന് റീജിയണൽ ലാബുകളും പത്തനംതിട്ടയിലും കണ്ണൂരിലും രണ്ട് ജില്ലാ ലാബുകളുമാണുള്ളത്.
റീജിയണൽ ലാബുകളിൽ ടെക്നിക്കൽ അസിസ്റ്റന്റ് ഉൾപ്പെടെ 28 തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നു. ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ 140 സർക്കിളുകൾ തിരിച്ചാണ് പരിശോധന നടത്തുന്നത്. ഒരു സർക്കിളിൽ മാത്രം രണ്ടായിരത്തിലധികം ഭക്ഷണശാലകളുണ്ട്. പരിശോധനയ്ക്ക് ഓരോ നിയമസഭാ മണ്ഡലത്തിലും ഒരു ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥൻ വീതം 140 പേർ മാത്രമാണുള്ളത്.
ഒരു പഞ്ചായത്തിന് കീഴിൽ ഒരു ഫുഡ് സേഫ്റ്റി ഓഫീസർ വേണമെന്നിരിക്കെ 180 ജീവനക്കാർ മാത്രമാണ് എൻഫോഴ്സ്മെന്റ് വിഭാഗത്തിലുള്ളത്. പരാതികളിൽ പരിശോധന നടത്തുന്നതും സാമ്പിളെടുക്കുന്നതുമെല്ലാം ഇവരാണ്. ആവശ്യത്തിന് വാഹനങ്ങളുമില്ല.
കൂടുതൽ തസ്തിക വേണം
ഭക്ഷ്യസുരക്ഷാ ഓഫീസർമാരുടെ 160 തസ്തികകളാണ് അനുവദിച്ചിട്ടുള്ളത്. 52 തസ്തികകൾ അധികമായി വേണമെന്നാണ് ആവശ്യം. അസിസ്റ്റന്റ് കമ്മിഷണർ തസ്തിക14. ഇവരെ സഹായിക്കാൻ അഡി. അസിസ്റ്റന്റ് കമ്മിഷണർ തസ്തിക14 എണ്ണംകൂടി അനുവദിക്കണമെന്നും ആവശ്യമുണ്ട്.
പദ്ധതികൾ, ചെലവിട്ട തുക
(തുക ലക്ഷത്തിൽ)
സേഫ് ആൻഡ് ന്യൂട്രീഷൻസ് ഫുഡ് അറ്റ് സ്കൂൾ...................... 38.35
സമ്പൂർണ ഭക്ഷ്യസുരക്ഷ (പഞ്ചായത്ത്)................................. 36.69
ഐ.ഇ.സി ആക്ടിവിറ്റീസ് (ബോധവത്കരണം)...................... 132.75
പരിശോധന, സാമ്പിളിംഗ്, കേസ് ഫയൽ ചെയ്യൽ.............. 810.22
ലാബ് നവീകരണം..................................................................... 764.60
ലബോറട്ടറികളുടെ പ്രവർത്തനം..............................................334.91
എൻഫോഴ്സ്മെന്റ് വിഭാഗം ശക്തിപ്പെടുത്തൽ..................... 1041.72
ഫുഡ് ടെസ്റ്റിംഗ് ലാബ് ശക്തിപ്പെടുത്തൽ.............................. 2124.55
ഈറ്റ് റെെറ്റ് ഇനീഷ്യേറ്റീവ്......................................................... 722.18
വാഹനങ്ങൾ വാടകയ്ക്കെടുക്കൽ........................................ 118.79
ലാബുകളിലെ ഒഴിവ്
അനലിസ്റ്റ്സ് ലബോറട്ടറി, തിരുവനന്തപുരം.....................13
റീജിയണൽ അനലിറ്റിക്കൽ ലാബ്, എറണാകുളം............ 8
റീജിയണൽ അനലിറ്റിക്കൽ ലാബ്, കോഴിക്കോട്............. 6
ജില്ലാ ഫുഡ് ടെസ്റ്റിംഗ് ലബോറട്ടറി പത്തനംതിട്ട................ 1
''വിഷയം സർക്കാരിന്റെ പരിഗണനയിലുണ്ട്. നടപടി സ്വീകരിച്ചു വരുന്നു
-അജയ് കുമാർ.കെ,അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ,ഭക്ഷ്യസുരക്ഷ വകുപ്പ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |