
കോഴിക്കോട്: മദ്യപാന ശീലമില്ലെങ്കിലും മദ്യപിച്ചെന്ന് കെ.എസ്.ആർ.ടി.സിയിലെ ബ്രെത്ത് അനലൈസർ കണ്ടെത്തിയതിനെ തുടർന്ന് ജോലിയിൽ നിന്ന് മാറ്റി നിറുത്തപ്പെട്ട ഡ്രൈവർക്ക് ആശ്വാസമായി മെഡിക്കൽ ബോർഡ് പരിശോധനാ ഫലം. കഴിച്ചത് ഹോമിയോ മരുന്നാണെന്ന് തിരുവനന്തപുരം കെ.എസ്.ആർ.ടി.സി ഹെഡ് ക്വാർട്ടേഴ്സിൽ നടത്തിയ മെഡിക്കൽ ബോർഡ് പരിശോധനയിൽ കണ്ടെത്തി. ഇതോടെ ജോലിയിൽ തിരികെ പ്രവേശിക്കാമെന്ന പ്രതീക്ഷയിലാണ് കോഴിക്കോട് ഡിപ്പോയിലെ ഡ്രൈവർ ടി.കെ.ഷിബീഷ്.
കഴിഞ്ഞ ദിവസം ഡ്യൂട്ടിക്ക് കയറാനായി ഡിപ്പോയിൽ എത്തിയപ്പോഴായിരുന്നു ബ്രെത്ത് അനലൈസർ പരിശോധന. അതിൽ 0.9 ശതമാനം ആൽക്കഹോൾ ശരീരത്തിലുണ്ടെന്നായിരുന്നു കണ്ടെത്തിയത്. താൻ മദ്യപിക്കാറില്ലെന്നും ചികിത്സയുടെ ഭാഗമായി കഴിച്ച ഹോമിയോ മരുന്ന് കാരണമാകാം ഇതെന്നും ഷിബീഷ് പറഞ്ഞെങ്കിലും അധികൃതർ വഴങ്ങിയില്ല.
ജോലിയിൽ നിന്ന് മാറ്റി നിറുത്തി. തുടർന്ന് നൽകിയ പരാതിയിലായിരുന്നു മെഡിക്കൽ ബോർഡ് പരിശോധന. മദ്യപിക്കാത്ത താൻ മദ്യപാനിയായി ചിത്രീകരിക്കപ്പെട്ടതിൽ ഏറെ വേദനയുണ്ടായെന്നും സത്യം തെളിഞ്ഞതിൽ സന്തോഷമുണ്ടെന്നും ഷിബീഷ് പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |