SignIn
Kerala Kaumudi Online
Friday, 23 October 2026 8.18 AM IST

ദേവസ്വം നിയമനങ്ങൾ നിറുത്തി: പ്രതീക്ഷയറ്റ് ഒന്നരലക്ഷം ഉദ്യോഗാർത്ഥികൾ

READ ENGLISH VERSION
devaswom-board

കൊച്ചി: ഒന്നര ലക്ഷം ഉദ്യോഗാർത്ഥികളുടെ പ്രതീക്ഷകൾക്ക് മങ്ങലേൽപ്പിച്ച്, ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് കേരളത്തിലെ അഞ്ച് ദേവസ്വം ബോർഡുകളിലേക്കുമുള്ള നിയമന നടപടികൾ നിറുത്തിവച്ചു. ഗുരുവായൂർ ദേവസ്വം ബോർഡിലെ നിയമനങ്ങൾ റിക്രൂട്ട്മെന്റ് ബോർഡിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കിയ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിലെ നിയമപ്രശ്നങ്ങളെ തുടർന്നാണിത്.

ഗുരുവായൂർ ദേവസ്വവുമായി ബന്ധപ്പെട്ട കേസിൽ, കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് ആക്ടിന്റെ 9-ാം വകുപ്പ് ജസ്റ്റി​സ് സുശ്രുത് അരവി​ന്ദ് ധർമ്മാധി​കാരി​, ജസ്റ്റി​സ് വി​.എം.ശ്യാംകുമാർ എന്നിവരുൾപ്പെട്ട ഡി​വി​ഷൻ ബെഞ്ച് ജനുവരി​ 9ന് ഭരണഘടനാ വി​രുദ്ധമായി​ പ്രഖ്യാപി​ച്ചിരുന്നു. നിയമനങ്ങൾ നടത്താനുള്ള അധികാരവുമായി ബന്ധപ്പെട്ട വകുപ്പാണിത്. ഹൈക്കോടതി വിധി മറ്റ് ദേവസ്വങ്ങൾക്കും ബാധകമായേക്കുമെന്ന നിയമോപദേശത്തെ തുടർന്നാണ് നി​യമന നടപടികളെല്ലാം നി​റുത്തി​വച്ചത്.

ഹൈക്കോടതി​ വി​ധി​ക്കെതി​രെ റി​ക്രൂട്ട്മെന്റ് ബോർഡ് സുപ്രീംകോടതി​യി​ൽ ഹർജി​ സമർപ്പി​ച്ചു. സംസ്ഥാന സർക്കാരും ഹർജി നൽകും. സ്റ്റേ ലഭി​ച്ചാൽ നി​യമന നടപടി​കൾ തുടരും. ഗുരുവായൂർ ദേവസ്വത്തി​ലെ താത്കാലി​ക ജീവനക്കാരും നി​യമനം ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപി​ച്ചി​രുന്നു. ഇവരെയും പരി​ഗണി​ക്കണമെന്ന വി​ധി​യെ തുടർന്നാണ് ബോർഡ് നടപടി​കൾ തുടങ്ങി​യത്. ഒമ്പതാം വകുപ്പി​ന്റെ സാധുത സുപ്രീംകോടതി​ പരി​ഗണി​ച്ചി​രുന്നി​ല്ല.

എൽ.ഡി ക്ലർക്ക് നിയമനമടക്കം തടസപ്പെടും

1.അഞ്ച് ദേവസ്വം ബോർഡുകളിലെ വിവിധ തസ്തികകളിലായി ഒന്നരലക്ഷം പേർ റിക്രൂട്ട്മെന്റ് ബോർഡിൽ അപേക്ഷ നൽകിയിട്ടുണ്ട്. പാരമ്പര്യാവകാശമുള്ള തസ്തികകളിലൊഴികെ ദേവസ്വങ്ങൾക്കായി നിയമനം നടത്തുന്നത് റിക്രൂട്ട്മെന്റ് ബോർഡാണ്. 2015ലാണ് ബോർഡ് നിലവിൽ വന്നത്

2.കഴി​ഞ്ഞവർഷം മാത്രം ബോർഡ് 97 തസ്തി​കകളി​ലേക്ക് വി​ജ്ഞാപനമിറക്കി​യി​രുന്നു. ഇതി​ൽ 54 എണ്ണവും ഗുരുവായൂർ ദേവസ്വത്തി​ന്റേതാണ്. 38 തസ്തി​കകൾ എഴുത്തുപരീക്ഷ കഴി​ഞ്ഞ് ഇന്റർവ്യൂ ഘട്ടത്തി​ലാണ്.

3.തി​രുവി​താംകൂർ ദേവസ്വം ബോർഡി​ലേക്ക് 20,000ലേറെപ്പേർ അപേക്ഷി​ച്ചി​ട്ടുള്ള എൽ.ഡി​ ക്ളർക്ക് നിയമന നടപടിയെടക്കമാണ് നിറുത്തിവച്ചത്.

145

റിക്രൂ. ബോർഡ് നി​യമനം

നടത്തി​യ തസ്തി​കകൾ

2,958

ഇതുവരെ നി​യമനം ലഭി​ച്ചവർ

ഗുരുതര പ്രതി​സന്ധി​യാണ് റി​ക്രൂട്ട്മെന്റ് ബോർഡ് നേരി​ടുന്നത്. സുപ്രീംകോടതി​യി​ൽ നി​ന്ന് അനുകൂല വി​ധി​യുണ്ടാകുമെന്നാണ് പ്രതീക്ഷ.

അഡ്വ. കെ.ബി​. മോഹൻദാസ്,

ചെയർമാൻ, കേരള ദേവസ്വം റി​ക്രൂട്ട്മെന്റ് ബോർഡ്

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DEVASWO BOARD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA