
ആലപ്പുഴ: എക്സൈസ് വകുപ്പിന് കീഴിലുള്ള ലഹരി മോചന കേന്ദ്രങ്ങളിൽ എത്തുന്നവരിൽ ഭൂരിപക്ഷവും സിന്തറ്റിക് ലഹരി ഉപയോഗിക്കുന്നവർ. കഴിഞ്ഞ രണ്ട് വർഷത്തിനുള്ളിൽ ചികിത്സയ്ക്ക് വിധേയരായ 12,433 പേരിൽ 10,965 പേരും രാസലഹരിയിൽ നിന്ന് രക്ഷതേടി വന്നവരാണ്.
തിരുവനന്തപുരം , കൊല്ലം, ആലപ്പുഴ, എറണാകുളം,തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് ഇവയുടെ ഉപയോഗവും കേസുകളും പെരുകിയത്. 2016ൽ വിമുക്തി പദ്ധതി ആരംഭിച്ചശേഷം 1.25 ലക്ഷം പേരാണ് ചികിത്സയ്ക്ക് വിധേയരായത്. എത്രപേർ പൂർണമായും ലഹരിമുക്തരായി എന്ന കണക്ക് സർക്കാരിന്റെ കൈവശമില്ല.
വിമുക്തിക്ക് ഇതുവരെ
ചെലവിട്ടത് 56.36 കോടി
#ബോധവത്കരണത്തിലൂടെ ലഹരിയോടുള്ള ആസക്തി കുറയ്ക്കുകയാണ് ലക്ഷ്യം. ഇതിന്റെ ഭാഗമായി വിമുക്തി പദ്ധതിക്ക് ഇതുവരെ ചെലവിട്ടത് 56.36 കോടി
# കഞ്ചാവ്, ഹാഷിഷ് ഓയിൽ, എം.ഡി.എം.എ,മെത്താംഫിറ്റമിൻ, എൽ.എസ്.ഡി സ്റ്റാമ്പ്, നൈട്രാസെപാം തുടങ്ങിയവയ്ക്ക് അടിപ്പെട്ട് ചികിത്സയ്ക്ക് എത്തുന്നവരാണ് അധികവും
#ഉറക്കമില്ലാതെ അക്രമകാരികളായും ആഹാരം കഴിക്കാൻ കൂട്ടാക്കാതെയും അവശരായി വീട്ടുകാർ മുഖാന്തിരമാണ് പലരും ചികിത്സയ്ക്കെത്തുന്നത്
# ജില്ലാ തല സെന്ററുകൾക്ക് പുറമേ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിൽ മേഖല വിമുക്തി കൗൺസലിംഗ് സെന്ററുകളുമുണ്ട്. എക്സൈസ് ഓഫീസുകൾ കേന്ദ്രീകരിച്ച് അരഡസനോളം കൗൺസലിംഗ് സെന്ററുകളും പ്രവർത്തിക്കുന്നുണ്ട്
കൊല്ലാതെകൊല്ലുന്ന
രാസലഹരി
മണിക്കൂറുകൾ നീളുന്ന ഉൻമാദമാണ് രാസലഹരിയിലേക്ക് തിരിയാൻ പ്രേരിപ്പിക്കുന്നത്. മദ്യമോ, കഞ്ചാവോ പോലെ ദുർഗന്ധമില്ലാത്തതിനാൽ ഉപയോഗിച്ചവരെ പെട്ടെന്ന് കണ്ടെത്താനുമാകില്ല.
ലോക്ക് ഡൗൺ കാലത്താണ് സിന്തറ്റിക് ലഹരി ഉപയോഗം വ്യാപകമായത്.
സ്ഥിരമായ ഉപയോഗം കാരണം
സംസ്ഥാനത്ത് അരഡസനോളം പേർക്ക് കിഡ്നി തകരാറും അമ്പതോളം പേർക്ക് മാനസിക പ്രശ്നങ്ങളും സംഭവിച്ചു. പല്ലുകൾ പൊടിഞ്ഞുപോകുക, എല്ലുകൾക്ക് ബലക്ഷയം, ഹൃദ്രോഗം, ഓർമ്മക്കുറവ്, വിഷാദരോഗം, പരിഭ്രാന്തി, മനോനില തകരാറിലാകൽ, കാഴ്‌ചക്കുറവ് എന്നിവയ്ക്കും നിരവധി പേർ ചികിത്സയിലുണ്ട്.
.................................
`കൗൺസലിംഗും യോഗയും തെറാപ്പിയുമുൾപ്പെടെയുള്ള ചികിത്സയിലൂടെ പലരെയും മോചിപ്പിക്കാനാകുന്നുണ്ട്'
-വിമുക്തിമിഷൻ,
എക്സൈസ് കമ്മിഷണറേറ്റ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |