
തിരുവനന്തപുരം :കൗമാരക്കാരായ കുട്ടികൾ സഹപാഠികളെ മൃഗീയമായി മർദ്ദിക്കുന്ന സംഭവങ്ങൾ സംസ്ഥാനത്ത് നിരന്തരം ഉണ്ടാവുകയും കോഴിക്കോട് താമരശേരിയിൽ കൊലപാതകത്തിൽ കലാശിക്കുകയും ചെയ്ത പശ്ചാത്തലത്തിൽ കരുതലിന്റെ കരങ്ങളുമായി നിയമസഭയിൽ ഭരണപക്ഷവും പ്രതിപക്ഷവും.
ലഹരിക്കെതിരെ അദ്ധ്യാപകരും രക്ഷിതാക്കളും പൊതുസമൂഹം ആകെയും ഒത്തുചേർന്നുള്ള ഇടപെടലാണ് വേണ്ടതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കൃത്യമായ ആക്ഷൻ പ്ലാൻ വേണമെന്ന് പ്രതിക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു. സംസ്ഥാനത്തെ രണ്ട് മേഖലകളാക്കി ഐ.ജിമാർക്ക് ചുമതല നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രധാനകാരണം ലഹരിയുടെ ഉപയോഗമാണെന്നും ലഹരിവസ്തുക്കൾ തടയണമെന്നും ഒരേ സ്വരത്തിൽ ഭരണ,പ്രതിപക്ഷ അംഗങ്ങൾ നിലപാടെടുത്തു.
ഇളംതലമുറ അസ്വസ്ഥരാണെന്നും ലഹരിക്കെതിരേ വിദ്യാലയങ്ങളിൽ വിപുലമായ പ്രചാരണം സംഘടിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.സിലബസിൽ മാറ്റം വരുത്തേണ്ടതുണ്ടെന്നും
കൂട്ടിച്ചേർത്തു.
മുൻ ആഭ്യന്തര മന്ത്രികൂടിയായ രമേശ് ചെന്നിത്തലയാണ് അടിയന്തരപ്രമേയത്തിന്അനുമതി തേടിയത്.
സഭനിറുത്തിവച്ച് ചർച്ചചെയ്യാൻ സർക്കാർ തയ്യാറായതോടെ കുട്ടികളെ കൊലയാളികളാക്കുന്ന ലഹരിയും സിനിമയും അടക്കം വിമർശന വിധേയമായി.
ഒൻപത് വർഷമായി കേരളം ഭരിക്കുന്ന സർക്കാരിന്റെ പിടിപ്പുകേടെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി.സ്വീകരിച്ച നടപടികൾ ചൂണ്ടിക്കാട്ടി ഭരണപക്ഷം പ്രതിരോധിച്ചു.പ്രതിപക്ഷത്തിന്റെ അനുമതിയോടെ പ്രമേയം നിരസിച്ചു.
എട മോനേ... സിനിമയെ
ചൂണ്ടി മുഖ്യമന്ത്രി
സിനിമകളിൽ അക്രമം ആഘോഷിക്കുന്നത് പരിശോധിക്കേണ്ട സമയമായെന്ന് മുഖ്യമന്ത്രി പറഞ്ഞു. സെൻസർബോർഡുകൾ എന്താണ് ചെയ്യുന്നതെന്ന് അറിയില്ല. എട മോനേ... ' എന്ന പ്രയോഗത്തിൽകൂടി ശ്രദ്ധിക്കപ്പെട്ട സിനിമയുടെ സ്വാധീനത്തിൽ ചില കുട്ടികൾ ഗുണ്ടകളുടെ കൂടെ പോയതായി പൊലീസ് റിപ്പോർട്ട് ചെയ്തതായി മുഖ്യമന്ത്രി പറഞ്ഞു.അംബാനേ... എന്ന് വിളിക്കുന്ന ചിത്രമല്ലേയെന്ന് സ്പീക്കർ എ.എൻ.ഷംസീർ ഓർമ്മപ്പെടുത്തുകയും ചെയ്തു.
മിസ്റ്റർ ചീഫ് മിനിസ്റ്റർ, കലഹം
മിസ്റ്റർ ചീഫ് മിനിസ്റ്റർ എന്നു രമേശ് ചെന്നിത്തല ആവർത്തിച്ചതിൽ ക്ഷുഭിതനായി മുഖ്യമന്ത്രി പിണറായി വിജയൻ. ലഹരിവ്യാപനം തടയുന്നതിൽ സർക്കാർ പരാജയമെന്ന് കുറ്റപ്പെടുത്തിക്കൊണ്ടായിരുന്നു ചെന്നിത്തലയുടെ അഭിസംബോധന. ക്ഷുഭിതനായി എഴുന്നേറ്റ മുഖ്യമന്ത്രി ഇങ്ങനെ മിസ്റ്റർ ചീഫ് മിനിസ്റ്റർ , മിസ്റ്റർ ചീഫ് മിനിസ്റ്റർ എന്നുവിളിക്കുന്നതിന് ഓരോ പ്രാവശ്യവും താൻ മറുപടി പറയണോ എന്നു ചോദിച്ചു. മിസ്റ്റർ ചീഫ് മിനിസ്റ്റർ എന്നു പറഞ്ഞ് ഓരോ ചോദ്യം ചോദിച്ചാൽ പോര, നാട് നേരിടുന്ന പ്രശ്നമെന്താണെന്ന് മനസിലാക്കണമെന്ന് അദ്ദേഹം പറഞ്ഞു. നിങ്ങളാണ് കേരളത്തിന്റെ മുഖ്യമന്ത്രിയായതുകൊണ്ട് നിങ്ങളെ തന്നെ കുറ്റപ്പെടുത്തുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ തിരിച്ചടിച്ചു.
എന്താണ് പറയേണ്ടതെന്ന് മുഖ്യമന്ത്രി തീരുമാനിക്കേണ്ടന്ന് ചെന്നിത്തല പ്രതികരിച്ചതോടെ, വിഷയത്തെ കുറിച്ചു സംസാരിക്കൂവെന്നായി മുഖ്യമന്ത്രി.
ഒരാഴ്ചക്കിടെ
2854 അറസ്റ്റ്
ഫെബ്രുവരി 22 മുതൽ ഈ മാസം ഒന്നുവരെ ഡി ഹണ്ട് എന്ന പേരിൽ പൊലീസ് നടത്തിയ ലഹരി വേട്ടയിൽ 2854പേർ അറസ്റ്റിലായി. 2762 കേസുകൾ രജിസ്റ്റർ ചെയ്തു. മയക്കുമരുന്നുകളായ എം.ഡി.എം.എ (1.312 കി.ഗ്രാം), കഞ്ചാവ് (153.56 കി.ഗ്രാം), ഹാഷിഷ് ഓയിൽ (18.15 ഗ്രാം), ബ്രൗൺ ഷുഗർ (1.855 ഗ്രാം), ഹെറോയിൻ (13.06ഗ്രാം) എന്നിവ പിടിച്ചെടുത്തു. ലഹരി സംബന്ധിച്ച വിവരങ്ങൾ 9497927797 നമ്പറിലേക്ക് ജനങ്ങൾക്ക് അറിയിക്കാം.
ലഹരിക്കടത്തുകാരുടെ പട്ടിക തയ്യാറാക്കി അവരെ പ്രത്യേകം നിരീക്ഷിച്ച് കുറ്റകൃത്യം തടയാൻ നടപടി സ്വീകരിക്കും. അന്യസംസ്ഥാനങ്ങളിൽ നിന്ന് ലഹരി വസ്തുക്കൾ സംസ്ഥാനത്തേയ്ക്ക് എത്തുന്നില്ലെന്ന് ഉറപ്പാക്കും. അതിർത്തി പ്രദേശങ്ങളിലും ചെക്ക് പോസ്റ്റുകളിലും ശക്തമായ പരിശോധന നടക്കുന്നുണ്ട്. എൻഫോഴ്സ്മെന്റ് പ്രവർത്തനങ്ങളും ഇന്റലിജൻസ്, ഷാഡോ സംവിധാനങ്ങൾ ഉപയോഗിച്ച് രഹസ്യ വിവരശേഖരണവും നടക്കുന്നു. 24 മണിക്കൂറും പ്രവർത്തിക്കുന്ന അതിർത്തി പട്രോളിംഗ്, സ്ട്രൈക്കിംഗ് ഫോഴ്സ്, ഹൈവേ പട്രോളിംഗ് എന്നിവയുമുണ്ട്. റെയിൽവേ സ്റ്റേഷനുകളിലും ട്രെയിനുകളിലും ആർ.പി.എഫിന്റെ സഹകരണത്തോടെ പരിശോധനകൾ നടത്തി ലഹരി വസ്തുക്കൾ പിടിച്ചെടുക്കുന്നുണ്ട്.
- മന്ത്രി എം.ബി.രാജേഷ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |