SignIn
Kerala Kaumudi Online
Friday, 23 October 2026 7.46 AM IST

ലഹരിക്കടത്ത് കേസ് സ്ഥിരം പ്രതികൾക്ക് ഇരട്ടി ശിക്ഷ

manoj

തിരുവനന്തപുരം: ലഹരിക്കേസുകളിലെ സ്ഥിരം പ്രതികൾക്ക് ഇരട്ടശിക്ഷ ഉറപ്പാക്കും. ശിക്ഷയനുഭവിച്ച് പുറത്തിറങ്ങി വീണ്ടും ലഹരിക്കടത്ത് നടത്തുവർക്കാണ് ഇരട്ടശിക്ഷയ്ക്ക് വകുപ്പുള്ളത്. കേന്ദ്രനിയമമായ എൻ.ഡി.പി.എസിലെ 31, 31-എ വകുപ്പുകൾ പ്രകാരം കുറ്റം ആവർത്തിക്കുന്നവർക്ക് അധികശിക്ഷ ലഭിക്കും. പ്രതികളുടെ കേസ് ചരിത്രവും ശിക്ഷിക്കപ്പെട്ടതുമെല്ലാം ചേർത്ത് കോടതിയിൽ റിപ്പോർട്ട് നൽകും. ഇതിനായി ലഹരിക്കേസുകളിലെ സ്ഥിരം കുറ്റവാളികളുടെ വിവരം എക്സൈസിൽ നിന്ന് പൊലീസ് ശേഖരിച്ചു. ഇത് പ്രോസിക്യൂഷൻ വിഭാഗത്തിന് കൈമാറും. ഇതുവരെ ഈ വകുപ്പുകൾ പൊലീസ് ചുമത്തിയിരുന്നില്ല.

ലഹരിയുടെ മൊത്തവ്യാപാരികളെയടക്കം വിചാരണയില്ലാതെ രണ്ടുവർഷം വരെ കരുതൽ തടങ്കലിലാക്കാൻ കേന്ദ്രനിയമമായ പിറ്റ്-എൻ.ഡി.പി.എസിൽ വകുപ്പുണ്ട്. രണ്ടും അതിലേറെയും കേസുള്ളവരെയാവും തടങ്കലിലാക്കുക. ജില്ലാ പൊലീസ് മേധാവിയുടെ ശുപാർശ ഡി.ജി.പി അംഗീകരിച്ചാൽ ആഭ്യന്തരവകുപ്പിന് തീരുമാനമെടുക്കാം. സ്ഥിരം കുറ്റവാളികളുടെ ഡേറ്റാബാങ്കും തയ്യാറാവുന്നുണ്ട്. എക്സൈസിനും കരുതൽ തടങ്കലിന് അധികാരമുണ്ട്.

 സ്വത്ത് കണ്ടുകെട്ടലിന് നടപടി

ലഹരിക്കേസ് പ്രതികളുടെ സ്വത്ത് കണ്ടുകെട്ടാനും നടപടി തുടങ്ങിയിട്ടുണ്ട്. ഇതിനുള്ള പട്ടിക പൊലീസ് തയ്യാറാക്കുകയാണ്. സ്വന്തമായോ ബന്ധുക്കളുടെയോ സുഹൃത്തുക്കളുടെയോ പേരിൽ വാങ്ങിയ സ്വത്തുക്കളാവും കണ്ടുകെട്ടുക. നൂറിലേറെപ്പേരുടെ സ്വത്തുകൾ കണ്ടുകെട്ടാനാണ് തീരുമാനം. അറസ്റ്റിലാവുന്നതിന് ആറുമാസം മുൻപുവരെ വാങ്ങിയ സ്വത്ത് കണ്ടുകെട്ടാം. പക്ഷേ ഒരുവർഷമായി പ്രതി ലഹരിയിടപാട് നടത്തുന്നതായി തെളിയിക്കണം.

 സ്ഥിരം ലഹരിയിടപാടുകാർ- 1681

 കരുതൽ തടങ്കലിലാക്കേണ്ടത്- 162

'ഇരട്ടിശിക്ഷയും സ്വത്തുകണ്ടുകെട്ടലും ലഹരിക്കടത്ത് നേരിടാൻ ഫലപ്രദമായിരിക്കും".

-മനോജ് എബ്രഹാം,

എ.ഡി.ജി.പി, ക്രമസമാധാനം

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DRUG
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA