
തിരുവനന്തപുരം: ഒരേ സമയം രണ്ട് വ്യത്യസ്ത ബിരുദ കോഴ്സുകൾ പഠിക്കാൻ അനുമതിയുമായി കേരള സർവകലാശാല. കോളേജിൽ റഗുലർ കോഴ്സിനൊപ്പം ഒരു വിദൂരവിദ്യാഭ്യാസ / ഓൺലൈൻ കോഴ്സ്, രണ്ട് വിദൂരവിദ്യാഭ്യാസ /ഓൺലൈൻ കോഴ്സുകൾ എന്നിങ്ങനെ പഠിച്ച് ഇരട്ടബിരുദം നേടാം.
ആർട്സ് വിഷയം പഠിക്കുന്നവർക്ക് അടിസ്ഥാന യോഗ്യതയുണ്ടെങ്കിൽ സയൻസും പഠിക്കാം. യു.ജി.സി നിർദ്ദേശ പ്രകാരമാണിത്. 17ന് ചേരുന്ന അക്കാഡമിക് കൗൺസിൽ ഇതിന് അനുമതി നൽകും. പുതുതായി ബിരുദത്തിന് ചേരുന്നവർക്കും നിലവിൽ പഠിച്ചുകൊണ്ടിരിക്കുന്നവർക്കും രണ്ട് ബിരുദം ചെയ്യാം. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ (എൻ.ഇ.പി) ഭാഗമായി, വിദ്യാർത്ഥികൾ വിവിധ കഴിവുകൾ ആർജ്ജിക്കുന്നതിനാണ് രണ്ട് ബിരുദം ഒരേ സമയം ചെയ്യാൻ യു.ജി.സി അനുമതി നൽകിയത്. ഇരട്ടബിരുദത്തിന് അവസരമൊരുങ്ങുന്നതോടെ വിദ്യാർത്ഥികളുടെ തൊഴിൽസാദ്ധ്യതയും ഇരട്ടിയാവും.
ഭിന്നശേഷിക്കാർക്ക്
മലയാളത്തിൽ പരീക്ഷ
ഭിന്നശേഷിക്കാരായ ബിരുദ വിദ്യാർത്ഥികൾക്ക് മലയാളത്തിൽ ഉത്തരമെഴുതാൻ അനുമതി നൽകും. സ്ക്രൈബിനെ നിയോഗിച്ചാണ് ഇവർ പരീക്ഷയെഴുതുന്നത്. ഫൈൻ ആർട്സ് ഡീനിന്റെ ശുപാർശ അക്കാഡമിക് കൗൺസിൽ അംഗീകരിക്കും. ഇതോടെ എല്ലാ കോഴ്സുകളിലും ഭിന്നശേഷിക്കാർക്ക് മലയാളത്തിൽ പരീക്ഷയെഴുതാൻ അവസരമാവും.
കേരള സർവകലാശാലാ
സിൻഡിക്കേറ്ര് 22ന്
തിരുവനന്തപുരം: രണ്ടുമാസത്തെ ഇടവേളയ്ക്ക് ശേഷം കേരള സർവകലാശാലാ സിൻഡിക്കേറ്റ് യോഗം 22ന് ചേരും. യൂണിയൻ തിരഞ്ഞെടുപ്പ് കഴിഞ്ഞ് ഫലപ്രഖ്യാപനം നടത്താത്തതിൽ പ്രതിഷേധിച്ച് എസ്.എഫ്.ഐ സെനറ്റ് ഹൗസ് ക്യാമ്പസിൽ പന്തൽകെട്ടി സമരം നടത്തിയതോടെ വി.സി സർവകലാശാലയിലെത്തിയിരുന്നില്ല. ഇതോടെ സിൻഡിക്കേറ്റ് യോഗം നീളുകയായിരുന്നു. രജിസ്ട്രാർ ഡോ.കെ.എസ്. അനിൽകുമാറിന്റെ കാലാവധി നീട്ടുന്നതടക്കം സിൻഡിക്കേറ്റ് ചർച്ച ചെയ്യും. 22നാണ് രജിസ്ട്രാറുടെ കാലാവധി അവസാനിക്കുന്നത്. കാലാവധി നീട്ടാൻ സിൻഡിക്കേറ്റ് ശുപാർശയുണ്ടാവണം. എല്ലാ പരീക്ഷകളിലെയും ഒന്നാം റാങ്കുകാർക്കും ഗവേഷണ ബിരുദധാരികൾക്കും ബിരുദദാന ചടങ്ങ് നടത്തുന്നത് സിൻഡിക്കേറ്റിന്റെ അജൻഡയിലുണ്ട്. ചാൻസലറായ ഗവർണറാണ് ഈ നിർദ്ദേശം വച്ചത്.
കേരളയിലെ അദ്ധ്യാപകന്റെ ഡി.എസ്സി അപേക്ഷ കുസാറ്റും തള്ളി
തിരുവനന്തപുരം: ഡോക്ടർ ഒഫ് സയൻസ് (ഡി.എസ്സി) ബിരുദത്തിനായുള്ള കേരള സർവകലാശാല ഒപ്ടോ ഇലക്ട്രോണിക്സ് ഫിസിക്സ് വിഭാഗം പ്രൊഫസർ ഡോ.എസ്. ശങ്കരരാമന്റെ അപേക്ഷ കുസാറ്റ് തള്ളി. നേരത്തേ കേരള സർവകലാശാലയും അപേക്ഷ നിരസിച്ചിരുന്നു. സർവകലാശാലയുടെ പരമോന്നത ബിരുദമാണ് ഡി.എസ്സി.
ഡി.എസ്സി ബിരുദത്തിനായി ഗവേഷണ പ്രബന്ധങ്ങൾ ആദ്യം കുസാറ്റിലാണ് സമർപ്പിച്ചത്. കാലതാമസമുണ്ടായപ്പോൾ കേരളയിലും അപേക്ഷിച്ചു. കേരള യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ ദേശീയ സർവകലാശാലകളിലെ പ്രൊഫസർമാർക്ക് പ്രബന്ധങ്ങൾ വിലയിരുത്താൻ അയച്ചപ്പോൾ ഡി.എസ്സി ബിരുദത്തിന് യോഗ്യമല്ല എന്ന് അവർ അറിയിച്ചതിനെത്തുടർന്നാണ് തള്ളിയത്. കോടതി ഉത്തരവ് പ്രകാരമാണ് കുസാറ്റ് പ്രബന്ധങ്ങൾ പരിശോധിച്ചത്. കുസാറ്റ് നിയമാവലിക്ക് വിരുദ്ധമായി ഒരേ സമയം ഒരേ ഗവേഷണ ഡിഗ്രിക്ക് രണ്ട് സർവ്വകലാശാലകളിൽ ബിരുദ അപേക്ഷ സമർപ്പിച്ചത് ചൂണ്ടിക്കാട്ടിയാണ് നിരസിച്ചത്. ഇരുപതോളം പേർക്ക് മാത്രമാണ് ഇതിനകം രണ്ട് സർവകലാശാലകളും ഡി.എസ്സി ബിരുദം നൽകിയിട്ടുള്ളത്. ഒരേ സമയം രണ്ടിടത്തും അപേക്ഷ നൽകിയത് നേരത്തേ വിവാദമായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |