
തിരുവനന്തപുരം: എൽ.എൽ.എം വിദ്യാർത്ഥികളായ പട്ടികജാതിക്കാരുടെ ഇ-ഗ്രാന്റിന്റെ രണ്ടാം ഗഡു ഉടൻ നൽകണമെന്ന് മനുഷ്യാവകാശ കമ്മിഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ് അലക്സാണ്ടർ തോമസ് നിർദ്ദേശിച്ചു. പട്ടികജാതി വികസനവകുപ്പ് ഡയറക്ടർക്കാണ് നിർദ്ദേശം. 2023-24 വർഷത്തെ ഇ-ഗ്രാന്റ് പൂർണമായി വിതരണം ചെയ്യാൻ ഫണ്ട് കുറവാണെന്നും കൂടുതൽ തുക ആവശ്യപ്പെട്ട് സർക്കാരിന് കത്ത് നൽകിയിട്ടുണ്ടെന്നും പട്ടികജാതി വികസന വകുപ്പ് ഡയറക്ടർ കമ്മിഷനെ അറിയിച്ചു. തിരുവനന്തപുരം ഗവ. ലാ കോളേജിലെ വിദ്യാർത്ഥിയുടെ പരാതിയിലാണ് നടപടി.
വൈദ്യുതി പോസ്റ്റിലെ പരസ്യങ്ങൾ മാറ്റണം: കെ.എസ്.ഇ.ബി
തിരുവനന്തപുരം: വൈദ്യുതി പോസ്റ്റുകളിലെ പരസ്യങ്ങൾ ഒഴിവാക്കണമെന്ന് കെ.എസ്.ഇ.ബി ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് ഹൈക്കോടതി ഉത്തരവുണ്ട്. ഉടൻ പരസ്യങ്ങൾ നീക്കം ചെയ്തില്ലെങ്കിൽ പിഴ ഈടാക്കാൻ വൈദ്യുതി വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു. ഈമാസം 15നകം മാറ്റിയില്ലെങ്കിൽ കെ.എസ്.ഇ.ബി നേരിട്ട് നീക്കിയശേഷം ചെലവ് പരസ്യം ചെയ്ത സ്ഥാപനങ്ങളിൽ നിന്ന് ഈടാക്കും. ചെലവ് നൽകാൻ വൈകിയാൽ 12 ശതമാനം പലിശയും ഈടാക്കും.
ഷഹബാസ് വധക്കേസ്:
ജാമ്യാപേക്ഷേ
നാളേക്ക് മാറ്റി
കോഴിക്കോട്: താമരശ്ശേരി ഷഹബാസ് വധക്കേസിൽ കുറ്റാരോപിതരായ ആറു വിദ്യാർത്ഥികളുടെ ജാമ്യാപേക്ഷ നാളെ പരിഗണിക്കാൻ മാറ്റി. കോഴിക്കോട് അഡിഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതിയാണ് ഇന്നലെ ജാമ്യാപേക്ഷ പരിഗണിച്ചത്. റിമാൻഡിൽ കഴിയുന്ന ഇവരുടെ ജാമ്യാപേക്ഷ ജുവൈനൽ ജസ്റ്റിസ് ബോർഡ് തള്ളിയിരുന്നു. തുടർന്നാണ് ജില്ലാ കോടതിയെ സമീപിച്ചത്. കൊലപാതകത്തിൽ മുതിർന്നവർക്കുള്ള പങ്ക് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കുടുംബം മുഖ്യമന്ത്രിയെ നാലു ദിവസം മുമ്പ് കണ്ടിരുന്നു.
വിദ്യാർത്ഥികൾ ലഹരിവിരുദ്ധ സത്യവാങ്മൂലം നൽകണം
തിരുവനന്തപുരം: വിദ്യാർത്ഥികൾ ലഹരിവിരുദ്ധ സത്യവാങ്മൂലം നൽകണംമെന്ന് കേരള സർവകലാശാലാ വൈസ്ചാൻസലർ ഡോ. മോഹനൻ കുന്നുമ്മേൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. സർവകലാശാലയിൽ പഠിക്കണമെങ്കിൽ ഇത് നിർബന്ധമാണ്. സത്യവാങ്മൂലത്തിന് വിരുദ്ധമായി പ്രവർത്തിച്ചാൽ നടപടിയെടുക്കും. ഗവ. മെൻസ് ഹോസ്റ്റലിലേതു പോലെ എല്ലാ ഹോസ്റ്റലുകളിലും പൊലീസ് റെയ്ഡ് നടത്തണം. റെയ്ഡിനെ സ്വാഗതം ചെയ്യുന്നു. എം.ബി.എ ഉത്തരക്കടലാസ് നഷ്ടപ്പെടുത്തിയ അദ്ധ്യാപകൻ പ്രമോദിനെതിരേ രജിസ്ട്രാർ പരീക്ഷാ കൺട്രോളർ, ഇന്റേണൽ ക്വാളിറ്റി അഷ്വറൻസ് സെൽ ഡയറകടർ എന്നിവരടങ്ങുന്ന സമിതി അന്വേഷണം നടത്തും. മൂന്ന് ദിവസത്തിനകം റിപ്പോർട്ട് നൽകണം. ജൂലായിൽ നടന്ന പരീക്ഷയുടെ മൂല്യ നിർണയത്തിന് ഉത്തരക്കടലാസ് നവംബറിലാണ് നൽകിയത്. ഇതും അന്വേഷിക്കും. പുന:പരീക്ഷയുടെ ഫലം മൂന്നുദിവസത്തിനകം പ്രസിദ്ധീകരിക്കും.
അക്രമികൾക്കെതിരെ
നടപടി വേണം: ജോസ് കെ. മാണി
കോട്ടയം: ജബൽപൂരിൽ തീർത്ഥാടകരായ ക്രൈസ്തവ വിശ്വാസികളെയും വൈദികരെയും ആക്രമിച്ചവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് കേരള കോൺഗ്രസ്- എം ചെയർമാൻ ജോസ് കെ മാണി എം.പി പ്രധാനമന്തിയോട് ആവശ്യപ്പെട്ടു. ഉത്തരേന്ത്യയിൽ ഇത്തരം സംഭവങ്ങൾ തുടർക്കഥയാവുകയാണ്.അക്രമകാരികൾക്കെതിരെ യാതൊരു നടപടികളും സ്വീകരിക്കുന്നുമില്ല. മതന്യൂനപക്ഷങ്ങളുടെ ആരാധനാസ്വാതന്ത്ര്യം സംരക്ഷിക്കുന്നതിനും സുരക്ഷിതരായി ജീവിക്കുന്നതിനുള്ള സാഹചര്യം ഒരുക്കുന്നതിനും പ്രധാനമന്ത്രി നേരിട്ട് ഇടപെടണമെന്നും ജോസ് ആവശ്യപ്പെട്ടു.
ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ
കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം:കേന്ദ്രസർക്കാർ സ്ഥാപനമായ ബ്രോഡ്കാസ്റ്റ് എൻജിനീയറിംഗ് കൺസൾട്ടന്റ്സ് ഇന്ത്യ ലിമിറ്റഡ് (ബിസിൽ)ട്രെയിനിംഗ് ഡിവിഷൻ നടത്തുന്ന ഒരു വർഷം ദൈർഘ്യമുള്ള വിവിധ ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.പി.ജി.ഡിപ്ലോമ ഇൻ ഹോസ്പിറ്റൽ അഡ്മിനിസ്ട്രേൻ(യോഗ്യത: ഡിഗ്രി), പ്രൊഫഷണൽ ഡിപ്ലോമ ഇൻ ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ (യോഗ്യത:പ്ലസ് ടു),ഡിപ്ലോമ ഇൻ ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ (യോഗ്യത:പത്താം ക്ലാസ്) കോഴ്സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്.ഓൺലൈൻ, റെഗുലർ,പാർട്ട് ടൈം കോഴ്സുകളിൽ വിദ്യാർത്ഥികൾക്ക് ഇന്റേൺഷിപ്പിനുള്ള അവസരവും ലഭിക്കും.ഫോൺ: 7994449314.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |