
കൊച്ചി: സംസ്ഥാനത്തെ 18 സഹകരണ ബാങ്കുകൾക്കെതിരെ അന്വേഷണം നടക്കുന്നതായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഹൈക്കോടതിയിൽ അറിയിച്ചു. ഈ ബാങ്കുകൾ മുഖേന വൻതോതിൽ കള്ളപ്പണം വെളുപ്പിക്കൽ നടന്നിട്ടുണ്ട്. സ്വത്ത് കണ്ടുകെട്ടി പല പ്രതികളെയും അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും ഇ.ഡി കൊച്ചി സോണൽ ഡെപ്യൂട്ടി ഡയറക്ടർ പി.വിനോദ്കുമാർ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു.
എത്ര സഹകരണ ബാങ്കുകൾക്കെതിരെ ഇ.ഡി അന്വേഷണം നടക്കുന്നുണ്ടെന്നറിയിക്കാൻ ഡിവിഷൻബെഞ്ച് നേരത്തെ നിർദ്ദേശിച്ചിരുന്നു. നിക്ഷേപം തിരിച്ചുനൽകാത്ത സഹകരണ ബാങ്കുകൾ അടച്ചുപൂട്ടണമെന്ന് അഭിപ്രായപ്പെട്ടാണ് കേസിന്റെ വിവരങ്ങൾ നൽകാൻ നിർദ്ദേശിച്ചത്.
18 സഹകരണ ബാങ്കുകളിലും നിയമവിരുദ്ധമായി വായ്പകൾ നൽകിയിട്ടുണ്ടെന്ന് ഇ.ഡി വിശദീകരിച്ചു. ഈട് നൽകിയ സ്വത്തിന് അധികമൂല്യം കണക്കാക്കി വലിയതുക വായ്പ അനുവദിച്ചിട്ടുണ്ട്. ഒരേ വസ്തുവിന്റെ പണയത്തിന്മേൽ ഒന്നിലേറെ വായ്പകൾ നൽകിയ കേസുകളുണ്ട്. സഹകരണ സംഘത്തിന്റെ പരിധിക്ക് പുറത്തും അർഹതയില്ലാത്തവർക്ക് വായ്പനൽകി.
കുടിശികയായിട്ടും റിക്കവറി നടപടികൾ സ്വീകരിക്കുന്നില്ല. നിയമവിരുദ്ധ പ്രവർത്തനം നടത്തിയവർ സഹകരണ ബാങ്കിന്റെ ഔദ്യോഗിക ചുമതല വഹിക്കുന്നുണ്ട്. സ്വത്ത് നഷ്ടമായവർക്ക് തിരികെ ലഭ്യമാക്കാനുള്ള നടപടികൾ സ്വീകരിക്കുന്നതായും സത്യവാങ്മൂലത്തിൽ പറയുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |