
തിരുവനന്തപുരം: ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ 13 പ്രതികൾ ചേർന്ന് സമർപ്പിച്ച 10 ജാമ്യ ഹർജികൾ കോടതി തള്ളി. ആക്രമണ ദൃശ്യങ്ങൾ കോടതി പരിശോധിച്ച ശേഷമാണ് ഉത്തരവ്. ദൃശ്യങ്ങൾ വിചാരണ വേളയിലേ പരിശോധിക്കാവൂ എന്ന പ്രതികളുടെ ആവശ്യം തള്ളിയാണ് ആക്രമണ ദൃശ്യങ്ങൾ കോടതി പരിശോധിച്ചത്.
സി.പി.എം പാളയം ലോക്കൽ കമ്മിറ്റി സെക്രട്ടറി ഐ.പി.ബിനു, ജീവൻ, ഷാഹിൻ, കിരൺ. പി. എസ്, ഷഫീഖ്, ലെനിൻ രാജ്, നന്ദു. ജി. ആർ, രാഹുൽ. എ. രാജൻ, രാഹുൽ, വിശാഖ്. വി. എസ്, ഉണ്ണി. ഡി. എസ്, സിദ്ധാർത്ഥ്, ആർ. ഉണ്ണികൃഷ്ണൻ എന്നിവരുടെ ഹർജിയാണ് പ്രിൻസിപ്പൽ ജില്ലാ സെഷൻസ് ജഡ്ജി എസ്. നസീറ തള്ളിയത്.
അന്വേഷണം നടക്കുന്ന കേസിൽ പ്രതികൾക്ക് ജാമ്യം നൽകിയാൽ പ്രതികൾ സാക്ഷിക്കളെ സ്വാധീനിക്കാൻ ശ്രമിക്കുമെന്ന് സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എ. സന്തോഷ് കുമാർ കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി. ഇതിന് തെളിവാണ് ഇ.ഡിയുടെ വാഹനത്തിന്റെ ഡ്രൈവർക്ക് വാഹനത്തിന്റെ അറ്റകുറ്റപ്പണിക്ക് പണം നൽകാമെന്ന് വാഗ്ദാനം ചെയ്തു സ്വാധീനിക്കാൻ ശ്രമിച്ചത്. ജാമ്യം ലഭിച്ചാൽ പ്രതികൾ നാടു വിടാൻ സാധ്യതയുണ്ട്. പ്രതിയായ പാളയം സന്തോഷിനെതിരെ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ടെന്നും പ്രോസിക്യൂട്ടർ ചൂണ്ടിക്കാട്ടി. ഈ വാദങ്ങൾ കോടതി അംഗീകരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |