
തിരുവനന്തപുരം:കുട്ടികൾക്ക് ഇഷ്ടമുള്ള വിഷയം തിരഞ്ഞെടുത്ത് പഠിക്കാമെന്ന വാഗ്ദാനത്തോടെ തുടങ്ങിയ നാലുവർഷ ബിരുദകോഴ്സ് രണ്ട് സെമസ്റ്ററായപ്പോഴെ അടിമുടി പാളി. രണ്ടാംസെമസ്റ്റർ പരീക്ഷ ഈ മാസം 21ന് തുടങ്ങാനിരിക്കെ 30ശതമാനം പാഠഭാഗങ്ങൾ പോലും പഠിപ്പിച്ചിട്ടില്ല. 90 അദ്ധ്യയന ദിവസങ്ങൾ വേണ്ടിടത്ത് 35 ദിവസമേ ക്ലാസുണ്ടായുള്ളൂ.അദ്ധ്യാപകർക്ക് അടിക്കടി സിലബസ്,ചോദ്യക്കടലാസ് ശിൽപ്പശാലകളാണ്. ചോദ്യപേപ്പറുണ്ടാക്കാൻ 3 ദിവസം ശിൽപ്പശാലയും രണ്ട് ദിവസം ഡ്യൂട്ടിലീവും നൽകി.ഇതോടെ മാർച്ചിൽ മാത്രം 5 ദിവസം പോയിക്കിട്ടി.അദ്ധ്യാപകർ ചോദ്യപേപ്പറുണ്ടാക്കി യൂണിവേഴ്സിറ്റിക്ക് നൽകണം.രണ്ടാം സെമസ്റ്റർ മൂല്യനിർണയം സർവകലാശാലയാണ് നടത്തേണ്ടതെങ്കിലും അതും കോളേജുകളിലേക്ക് മാറ്റാൻ ശ്രമം തകൃതിയാണ്.
പുസ്തകമില്ലാതെ പഠിക്കേണ്ട ഗതികേടിലാണ് കുട്ടികൾ. പുതിയ സിലബസായതിനാൽ അച്ചടിച്ച പുസ്തകമില്ല.3000-4000രൂപവിലയുള്ള വലിയ അന്താരാഷ്ട്ര ഗ്രന്ഥങ്ങളാണ് റഫറൻസ്.ഇവ ലൈബ്രറികളിൽ പോലുമില്ല. അദ്ധ്യാപകർ പ്രസക്തമായ പേജുകളുടെ ഫോട്ടോകോപ്പിയെടുത്ത് കുട്ടികൾക്ക് നൽകുകയാണ്. രണ്ടാംസെമസ്റ്റർ ക്ളാസ് മുക്കാൽഭാഗവും പൂർത്തിയായപ്പോൾ സിലബസ് മാറി.പാഠഭാഗങ്ങൾ ഒഴിവാക്കുകയായിരുന്നെന്നാണ് വിശദീകരണം.അവധിദിനങ്ങൾ വരുന്നതോടെ സിലബസ് പഠിപ്പിച്ച് തീർക്കാതെയാവും പരീക്ഷ.
ഇഷ്ടമുള്ള വിഷയങ്ങളുടെ കോമ്പിനേഷൻ എടുത്തു പഠിക്കാമെന്നാണ് കോഴ്സിന്റെ പ്രത്യേകതയെങ്കിലും മിക്കകോളേജുകളിലും കോഴ്സ് ബാസ്കറ്റുകളിൽ ഇഷ്ട വിഷയം കിട്ടാറില്ല.അദ്ധ്യാപകരുടെ ലഭ്യതയും ജോലിഭാരവുമടക്കം കണക്കിലെടുത്താണ് കോളേജുകളിലെ കോഴ്സ് ബാസ്കറ്റുകൾ.കോളേജുകളില്ലാത്ത 2 കോഴ്സുകൾ ഓൺലൈനായോ മറ്റ് കോളേജുകളിലോ പഠിക്കാമെന്ന് പ്രഖ്യാപിച്ചെങ്കിലും നടപടിയായിട്ടില്ല. മൂന്ന്,നാല് സെമസ്റ്ററുകളിലെ തൊഴിൽ,നൈപുണ്യ പരിശീലനത്തിന് അസാപ്പ്,കെൽട്രോൺ,ഐ.എച്ച്.ആർ.ഡി എന്നിവയെ ചുമതലപ്പെടുത്തി സർക്കുലർ ഇറക്കിയെങ്കിലും നടപടികളില്ല.ഒന്നാം സെമസ്റ്ററിൽ കുത്തനേകൂട്ടിയ പരീക്ഷാഫീസ് 35ശതമാനം കുറയ്ക്കാൻ തീരുമാനിച്ചെങ്കിലും രണ്ടാം സെമസ്റ്ററിലും നടപ്പാവില്ല.മൂന്നു വർഷങ്ങളിലെ ടോട്ടൽ മാർക്കിന്റെ ശതമാനം 75 ഉള്ളവർക്കെ നാലാം വർഷത്തിലേക്ക് പ്രവേശനം ലഭിക്കുകയുള്ളുവെന്ന നിബന്ധന പിൻവലിക്കണമെന്നും ആവശ്യം ഉയർന്നിട്ടുണ്ട്.75 ശതമാനം ലഭിക്കാത്തവർ മൂന്നു വർഷ ഡിഗ്രിയുമായി പുറത്തിറങ്ങേണ്ടി വരും.
സ്വിച്ചിംഗിന് മാനദണ്ഡമായില്ല
അഭിരുചിക്കനുസരിച്ച് കോഴ്സും വിഷയങ്ങളും മാറാനും കോളേജോ യൂണിവേഴ്സിറ്റിയോ മാറിപ്പോവാനുമുള്ള സ്വിച്ചിംഗിന് മാനദണ്ഡമായിട്ടില്ല.
നിലവിൽ പഠിച്ചുകൊണ്ടിരിക്കുന്ന മേജർ,മൈനർ വിഷയങ്ങൾ മൂന്നാം സെമസ്റ്ററിൽ മാറി പുതിയവ തിരഞ്ഞെടുക്കാൻ വിദ്യാർത്ഥികൾക്ക് അവസരം കിട്ടേണ്ടതാണ്.
കോളേജ്,യൂണിവേഴ്സിറ്റി മാറ്രം അനുവദിക്കുന്നതിന് സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രൊസീജ്യർ (എസ്.ഒ.പി) ഇനിവേണം തയ്യാറാക്കാൻ.
''സെമസ്റ്ററിൽ 75അദ്ധ്യയനദിനങ്ങൾ മതിയാവും.ജനുവരി മുതൽ ഏപ്രിൽ 20വരെ ക്ലാസുള്ളതിനാൽ മതിയായ ക്ലാസ് കിട്ടും.രണ്ടാംസെമസ്റ്റർ മൂല്യനിർണയം സർവകലാശാല നടത്തും.നൈപുണ്യ,തൊഴിൽപരീശീലനം ഇനിയുള്ള സെമസ്റ്ററുകളിലാണ്.പരീക്ഷാഫീസ് ഉടൻ കുറയ്ക്കും.''
-ഡോ.കെ.എസ്.അനിൽകുമാർ
രജിസ്ട്രാർ, കേരളസർവകലാശാല
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |