
കൊവിഡിന് ശേഷം വിദ്യാർത്ഥികളിൽ പഠന വൈകല്യങ്ങൾ വിവിധ രീതിയിൽ കണ്ടു വരുന്നു. പഠിക്കാൻ ബുദ്ധിമുട്ട്, വായിച്ചാൽ മനസ്സിലാക്കാനുള്ള വിഷമം, തുടർച്ചയായി വായിക്കാനുള്ള ക്ഷമയില്ലായ്മ, മൈഗ്രേൻ, വിട്ടുമാറാത്ത തലവേദന, ഉറക്കക്കുറവ്, സ്വഭാവത്തിലുള്ള വ്യതിയാനം, സുഹൃത്ബന്ധങ്ങൾ ഉപേക്ഷിക്കുക, പരീക്ഷകളിൽ മാർക്ക് കുറവ്, ക്ലാസിൽ ശ്രദ്ധിക്കാതിരിക്കുക മുതലായവ പൊതുവായ ലക്ഷണങ്ങളാണ്. അകാരണമായ സ്‌ട്രെസ് അഥവാ മാനസിക പിരിമുറുക്കമാണ് ഇതിനു വഴിയൊരുക്കുന്നത്. ഇത് ശ്രദ്ധിച്ചില്ലെങ്കിൽ തുടർച്ചയായ ഉറക്കക്കുറവിനും മാനസിക രോഗങ്ങൾക്കും ഇടവരുത്തും. ഫലപ്രദമായ സ്‌ട്രെസ് മാനേജ്‌മെന്റാണ് ഇതിനു പരിഹാരം. വിദ്യാർത്ഥികളുടെ മേൽ താങ്ങാവുന്നതിലധികം പഠനഭാരം വരുന്നതും ഇതിനു കാരണമായിത്തീരാറുണ്ട്.
രക്ഷിതാക്കൾ ശ്രദ്ധിക്കാൻ
.................................
രക്ഷിതാക്കൾ വിദ്യാർത്ഥികളുടെ മേൽ അമിത പഠനഭാരം അടിച്ചേൽപ്പിക്കരുത്. അകാരണമായ ഭീതിപ്പെടുത്തൽ, പരീക്ഷകളെക്കുറിച്ചുള്ള നിരന്തരമായ ഓർമ്മപ്പെടുത്തൽ, എല്ലായ്‌പ്പോഴും പഠിക്കാനുള്ള പ്രേരണ എന്നിവ ഒഴിവാക്കണം. അദ്ധ്യാപകരും വിദ്യാർത്ഥികളുടെ സ്വഭാവം വിലയിരുത്തിയുള്ള പഠനത്തിന് പ്രാമുഖ്യം നൽകണം. ചിട്ടയോടെയുള്ള പഠനത്തിന് പ്രാധാന്യം നൽകണം. പരീക്ഷ അടുക്കുമ്പോഴുള്ള തീവ്രപഠനമാണ് സ്‌ട്രെസ് വിളിച്ചു വരുത്തുന്നത്.
പരീക്ഷപ്പേടി 40 ശതമാനം വിദ്യാർത്ഥികളിലുമുണ്ട്. ഇത് പരിഹരിക്കാനുള്ള പരിചരണ രീതികൾ അദ്ധ്യാപകരുടെ ഭാഗത്തു നിന്നുണ്ടാകണം. അദ്ധ്യാപകർ വിദ്യാർത്ഥികളെ പരീക്ഷയുടെ പേരിൽ ഭീതിപ്പെടുത്തുന്ന പ്രവണത കണ്ടുവരാറുണ്ട്. പരീക്ഷയിലെ വിജയമല്ല മറിച്ച് ജീവിത വിജയമാണ് പ്രധാനം എന്ന തിരിച്ചറിവ് വിദ്യാർത്ഥിയിലുണ്ടാക്കണം. മറ്റു വിദ്യാർത്ഥകളുമായുള്ള താരതമ്യം രക്ഷിതാക്കൾ ഉപേക്ഷിക്കണം.
വിദേശ പഠനത്തിന് വിദ്യാർത്ഥികളെ അകാരണമായി പ്രേരിപ്പിക്കരുത്. തുടർച്ചയായി പഠന വൈകല്യങ്ങൾ കാണിക്കുന്നവരെ കൗൺസലിംഗിനു വിധേയമാക്കണം. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും കൗൺസലിംഗ് കേന്ദ്രങ്ങളുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അദ്ധ്യാപക രക്ഷാകർത്തൃ യോഗങ്ങളിൽ രക്ഷിതാക്കൾ പങ്കെടുക്കണം.
വിദ്യാർത്ഥികൾ ശ്രദ്ധിക്കാൻ
......................................................
വിദ്യാർത്ഥി കുറഞ്ഞത് ദിവസേന 6 മണിക്കൂറെങ്കിലും ഉറങ്ങണം. രാത്രി മുഴുവൻ മൊബൈൽ ഫോണിലൂടെ സോഷ്യൽ മീഡിയയിലും, ഗെയിമിലും സമയം കളയുന്ന വിദ്യാർത്ഥികളുണ്ട്.
മികച്ച സുഹൃത്ബന്ധങ്ങൾ സ്ഥാപിക്കണം. ഒരു ദിവസത്തെ സമയം കളിക്കാനും, പഠിക്കാനും, ടി.വി കാണാനുമെല്ലാം നീക്കിവയ്ക്കണം. രാവിലെ എഴുന്നേറ്റ് വ്യായാമം ചെയ്യുന്നതും, പത്രം വായിക്കുന്നതും ശീലമാക്കണം. പ്രഭാത ഭക്ഷണം ഒഴിവാക്കരുത്.
കോഴ്‌സ് തിരഞ്ഞെടുക്കുന്ന കാര്യത്തിലും പ്രത്യേകം ശ്രദ്ധിക്കണം. കഴിവും കഴിവുകേടും വിലയിരുത്തണം. കുടുംബത്തിലെയും സമൂഹത്തിലെയും സമ്മർദ്ദം ഒഴിവാക്കി താത്പര്യം, അഭിരുചി, ലക്ഷ്യം എന്നിവയ്ക്ക് പ്രാധാന്യം നൽകണം.
എൻട്രൻസിന് ഒരുങ്ങുന്നവരോട്
.............................................
പ്രവേശന പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികളിലാണ് അനാവശ്യ ടെൻഷൻ കൂടുതലായി കാണുന്നത്. കോച്ചിംഗ് കേന്ദ്രങ്ങൾക്കും ഇതിൽ പങ്കുണ്ട്. പ്രവേശന പരീക്ഷ എഴുതാൻ താത്പര്യമില്ലാത്ത വിദ്യാർത്ഥികളെ നിർബന്ധിച്ചു കോച്ചിംഗിനു വിടരുത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |