
രാജ്യത്താകമാനം വിദ്യാർത്ഥികളിൽ പഠന വൈകല്യങ്ങളും കുറ്റകൃത്യങ്ങളും ആത്മഹത്യകളും വർദ്ധിച്ചുവരുകയാണ്. അടുത്തകാലത്തായി കേരളത്തിലും ഇത് കൂടുതലായി കണ്ടുവരുന്നു. പഠന വൈകല്യങ്ങൾ വിവിധ രീതിയിലാണ്. പഠിക്കാൻ ബുദ്ധിമുട്ട്, വായിച്ചാൽ മനസിലാക്കാനുള്ള വിഷമം, ദേഷ്യം, തുടർച്ചയായി വായിക്കാനുള്ള ക്ഷമയില്ലായ്‌മ, മൈഗ്രൈൻ, വിട്ടുമാറാത്ത തലവേദന, ഉറക്കക്കുറവ്, സ്വഭാവത്തിലുള്ള വ്യതിയാനം, സുഹൃത്ബന്ധങ്ങൾ ഉപേക്ഷിക്കുക, പരീക്ഷകളിൽ മാർക്ക് കുറവ്, ക്ലാസിൽ ശ്രദ്ധിക്കാതിരിക്കുക മുതലായവ പൊതുവായ ലക്ഷണങ്ങളാണ്. അകാരണമായ സ്‌ട്രെസ് അഥവാ മാനസിക പിരിമുറുക്കമാണ് ഇതിനു വഴിയൊരുക്കുന്നത്. ഇത് ശ്രദ്ധയിൽ പെട്ടില്ലെങ്കിൽ തുടർച്ചയായ ഉറക്കക്കുറവിനും മാനസിക രോഗങ്ങൾക്കും ഇടവരുത്തും. ഫലപ്രദമായ സ്‌ട്രെസ് മാനേജ്‌മെന്റാണ് ഇതിനു പരിഹാരം. വിദ്യാർത്ഥികളുടെ മേൽ അകാരണമായ, അല്ലെങ്കിൽ താങ്ങാവുന്നതിലധികം പഠനഭാരം വരുന്നത് ഇതിനു കാരണമായിത്തീരാറുണ്ട്.
രക്ഷിതാക്കളോടും അദ്ധ്യാപകരോടും
..................................
രക്ഷിതാക്കൾ വിദ്യാർത്ഥികളുടെ മേൽ അമിത പഠന ഭാരം അടിച്ചേൽപ്പിക്കരുത്. അകാരണമായ ഭീതിപ്പെടുത്താൽ, പരീക്ഷകളെക്കുറിച്ചുള്ള നിരന്തരമായ ഓർമപ്പെടുത്തൽ, എല്ലായ്‌പ്പോഴും പഠിക്കാനുള്ള പ്രേരണ എന്നിവ ഒഴിവാക്കണം. അദ്ധ്യാപകരും വിദ്യാർത്ഥികളുടെ സ്വഭാവം വിലയിരുത്തിയുള്ള പഠനത്തിന് പ്രാമുഖ്യം നൽകണം. ഓരോ കുട്ടിയും ഓരോ ലോകമാണ് എന്ന യാഥാർത്ഥ്യം അദ്ധ്യാപകർ മനസിലാക്കണം. ക്ലാസിലെ മിടുക്കൻ/ മിടുക്കി ആയ കുട്ടിക്ക് മനസിലാകുന്നതും ചെയ്യാവുന്നതുമായ കാര്യങ്ങൾ എല്ലാം മറ്റൊരു കുട്ടി ചെയ്യണമെന്ന് വാശി പിടിക്കരുത്. താരതമ്യം അരുത്.
പരീക്ഷാപ്പേടി 30 ശതമാനം വിദ്യാർത്ഥികളിലുമുണ്ട്. ഇത് പരിഹരിക്കാനുള്ള കാര്യങ്ങളാണ് അദ്ധ്യാപകരുടെ ഭാഗത്തു നിന്നുണ്ടാകേണ്ടത്. അദ്ധ്യാപകർ വിദ്യാർത്ഥികളെ പരീക്ഷയുടെ പേരിൽ ഭീതിപ്പെടുത്തരുത്. പരീക്ഷയിലെ വിജയമല്ല, മറിച്ച് ജീവിത വിജയമാണ് പ്രധാനം എന്ന തിരിച്ചറിവ് വിദ്യാർത്ഥിയിലുണ്ടാക്കണം. ലഹരി വസ്തുക്കൾ ഉപേക്ഷിക്കാനും മികച്ച സുഹൃദ്ബന്ധങ്ങൾ സ്ഥാപിക്കാനും വിദ്യാർത്ഥിയെ പ്രേരിപ്പിക്കണം. ഒരു ദിവസത്തെ സമയം കളിക്കാനും, പഠിക്കാനും, ടി വി കാണാനുമെല്ലാം നീക്കി വയ്ക്കണം.
മക്കളെ മറ്റു വിദ്യാർത്ഥികളുമായി രക്ഷിതാക്കൾ താരതമ്യം ചെയ്യരുത്. കുട്ടിയുടെ താത്പര്യം, അഭിരുചി എന്നിവ വിലയിരുത്തിമാത്രം രക്ഷിതാക്കൾ ഉന്നത വിദ്യാഭ്യാസത്തിനുള്ള തീരുമാനമെടുക്കണം. പഠിക്കേണ്ടത് കുട്ടിയാണ്.
കുട്ടികളോട്
.........................
ചിട്ടയോടെ പഠിക്കണം. പരീക്ഷ അടുക്കുമ്പോൾ വെപ്രാളപ്പെട്ട് പഠിക്കുന്നത് സ്ട്രെസ് വരുത്തും. വിദ്യാർത്ഥി കുറഞ്ഞത് ദിവസേന എട്ടു മണിക്കൂറെങ്കിലും ഉറങ്ങണം. രാവിലെ എഴുന്നേറ്റ് യോഗ ചെയ്യുന്നതും പത്രം വായിക്കുന്നതും ശീലമാക്കിയെടുക്കണം. പ്രഭാത ഭക്ഷണം ഒഴിവാക്കരുത്.
മൊബൈൽ ഫോണിലൂടെ സോഷ്യൽ മീഡിയയിലും ഗെയിമിലും സമയം ചെലവഴിക്കരുത്.
പ്രവേശന പരീക്ഷകൾ
......................................
പ്രവേശന പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികളിലാണ് അനാവശ്യ ടെൻഷൻ കാണുന്നത്. മിക്ക കോച്ചിംഗ് കേന്ദ്രങ്ങളും ഇതിനു പ്രേരിപ്പിക്കുന്നു. നമുക്ക് താങ്ങാവുന്നതിലധികം ഭാരം തലയിൽ ചുമക്കരുത്. പലപ്പോഴും കോഴ്‌സ് തിരഞ്ഞെടുക്കുന്ന കാര്യത്തിലും പ്രത്യേകം ശ്രദ്ധിക്കണം. വിദ്യാർത്ഥിയുടെ കഴിവും കഴിവുകേടും വിലയിരുത്തണം. കുടുംബത്തിലെയും സമൂഹത്തിലെയും സമ്മർദ്ദം ഒഴിവാക്കി അവനവന് താത്പര്യവും അഭിരുചിയുമുള്ള കോഴ്സ് തിരഞ്ഞെടുക്കണം.
താങ്ങാൻ പറ്റാത്ത കോഴ്‌സുകളെടുക്കരുത്. പഠനഭാരം വിലയിരുത്തി കോഴ്‌സുകൾ തിരഞ്ഞെടുക്കാം. അനായാസേന ഉല്ലാസത്തോടെ പഠിക്കാവുന്ന കോഴ്‌സുകളെടുക്കണം. കോഴ്‌സിന് ചേരുന്നതിനു മുമ്പ് രക്ഷിതാക്കൾ തൊഴിലിനെക്കുറിച്ച് ചിന്തിക്കരുത്. മറ്റു കുട്ടികളുമായുള്ള താരതമ്യ പഠനം, വിലയിരുത്തൽ എന്നിവ ഉപേക്ഷിക്കണം.
പ്രവേശന പരീക്ഷ എഴുതാൻ താത്പര്യമില്ലാത്ത വിദ്യാർത്ഥികളെ നിർബന്ധിച്ച് കോച്ചിംഗിനു വിടരുത്. വിദേശ പഠനത്തിന് വിദ്യാർത്ഥികളെ അകാരണമായി പ്രേരിപ്പിക്കരുത്. തുടർച്ചയായി പഠന വൈകല്യങ്ങൾ കാണിക്കുന്ന വിദ്യാർത്ഥികളെ കൗൺസലിംഗിനു വിധേയമാക്കണം. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും കൗൺസലിംഗ് കേന്ദ്രങ്ങളുണ്ട്. ആവശ്യത്തിന് വ്യായാമം ചെയ്യാൻ വിദ്യാർത്ഥികളെ പ്രേരിപ്പിക്കണം. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അദ്ധ്യാപക രക്ഷാകർത്തൃ യോഗങ്ങളിൽ രക്ഷിതാക്കൾ നിർബന്ധമായും പങ്കെടുക്കണം.
സ്വാർ ഫെലോഷിപ്
സാമൂഹിക മാറ്റം, വികസനം എന്നിവ ആഗ്രഹിക്കുന്ന ബിരുദധാരികൾക്ക് സ്വാർ (SWAR)ഫെലോഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം. മാർച്ച് 9 ആണ് അവസാന തീയതി. ഉയർന്ന പ്രായ പരിധി 30. ജീവസന്ധാരണം, വനിതാ ശാക്തീകരണം, യുവാക്കളുടെ ഉന്നമനം എന്നിവയ്ക്ക് കൂടുതൽ പ്രാധാന്യം ലഭിക്കും. പ്രതിമാസം 25000 രൂപ ഫെലോഷിപ് ലഭിക്കും. www.swarfellowship.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |