
ഇന്ത്യ യൂറോപ്യൻ യൂണിയനുമായുള്ള സൗജന്യ വ്യാപാരക്കരാർ രാജ്യത്തെ ഉന്നത വിദ്യാഭ്യാസ, ഗവേഷണ, തൊഴിൽ മേഖലയിൽ ഏറെ സാദ്ധ്യതകൾക്ക് വഴിയൊരുക്കും. ടെക്നോളജി, സേവന മേഖലകളിൽ തൊഴിലവസരങ്ങളേറും. ഇനവേഷൻ, സൈബർ സെക്യൂരിറ്റി, സ്കിൽ വികസനം, എ ഐ, എനർജി, സപ്ലൈ ചെയിൻ-ലോജിസ്റ്റിക്സ് മാനേജ്മെന്റ്, സെമികണ്ടക്ടർ ടെക്നോളജി, ക്ലീൻ, ഗ്രീൻ ആൻഡ് ഹൈഡ്രജൻ എനർജി, സുസ്ഥിര വികസനം എന്നിവയിൽ യൂറോപ്യൻ രാജ്യങ്ങളിൽ തൊഴിൽ ചെയ്യാൻ ഇന്ത്യൻ വിദ്യാർത്ഥികൾക്ക് അവസരം ലഭിക്കും.
സ്വിറ്റ്സർലൻഡ്, നോർവേ, ഐസ്ലാൻഡ് തുടങ്ങിയ രാജ്യങ്ങളാണ് കരാറിൽ ഇതിനകം ഒപ്പുവച്ചിട്ടുള്ളത്. നിരവധി യൂറോപ്യൻ യൂണിയൻ രാജ്യങ്ങളുമായുള്ള സൗജന്യ വ്യാപാരക്കരാർ വിപുലപ്പെടും. സുസ്ഥിര വികസനം, പരിസ്ഥിതി സംരക്ഷണം, തൊഴിൽ, സ്ത്രീ സമത്വം തുടങ്ങിയ മേഖലകളിൽ ഏറെ സാധ്യതകൾക്കിടവരുത്തും. 10 ലക്ഷം തൊഴിലവസരങ്ങളാണ് വരുന്ന അഞ്ചു വർഷക്കാലയളവിലൂടെ ഇതിലൂടെ പ്രതീക്ഷിക്കുന്നത്. ഇനവേഷൻ, റിസർച്ച് & ഡെവലപ്മെന്റ് എന്നിവയിൽ രാജ്യത്തിനു സാദ്ധ്യതകളേറും. ഓഡിറ്റ് & അക്കൗണ്ടിംഗ്, ലീഗൽ, ഐ ടി, ഹെൽത്ത്കെയർ തുടങ്ങിയ മേഖലകളിൽ കൂടുതലായി ഗവേഷണ, തൊഴിൽ സാദ്ധ്യതകൾ രൂപപ്പെടും. മേൽസൂചിപ്പിച്ച രാജ്യങ്ങളിലേക്ക് തൊഴിൽ വിസ എളുപ്പത്തിൽ ലഭിക്കും. നഴ്സ്, ചാർട്ടേർഡ് അക്കൗണ്ടന്റ്, എൻജിനിയർ, ഐ.ടി പ്രൊഫഷണൽ, ആർക്കിടെക്ട് എന്നിവർക്ക് തൊഴിലവസരങ്ങളേറും. സൗജന്യ വ്യാപാര കരാറിലുൾപ്പെട്ട ഉത്പന്നങ്ങളുടെ നിർമാണം, വിപണനം, സേവനങ്ങൾ, വ്യാപാര വിനിമയ പ്രശ്നങ്ങൾ എന്നിവയിലാണ് കൂടുതൽ തൊഴിലവസരങ്ങൾ രൂപപ്പെടുക. ഫാർമ, മെഡിക്കൽ സേവനം, എൻജിനിയറിംഗ്, മെഷീനെറിസ് മുതലായവയിൽ കൂടുതൽ നിക്ഷേപം വരാനിടയുണ്ട്.
സൗജന്യ വ്യാപാരകരാർ ഉന്നത വിദ്യാഭ്യാസത്തിനും, തൊഴിലിനുമായി യൂറോപ്യൻ രാജ്യങ്ങളിലെത്തുന്ന വിദ്യാർത്ഥികൾക്ക് ഏറെ പ്രയോജനപ്പെടും. പ്രതിവർഷം രണ്ടു ലക്ഷത്തിലേറെ വിദ്യാർത്ഥികളാണ് ഉപരിപഠനത്തിനും ഗവേഷണത്തിനുമായി യൂറോപ്യൻ രാജ്യങ്ങളിലെത്തുന്നത്. എൻജിനിയറിംഗ് ബിരുദധാരികൾക്ക് പ്രസ്തുത രാജ്യങ്ങളിൽ ഗ്രാജ്വേറ്റ് പ്രോഗ്രാമിന് ചേരാം. ഐ.ഇ.എൽ.ടി.എസ് മികച്ച സ്കോറോടുകൂടി പൂർത്തിയാക്കണം. യൂറോപ്യൻ രാജ്യങ്ങളിൽ ഇന്റേൺഷിപ്പിനും അവസരങ്ങളുണ്ട്. കൂടാതെ സ്കോളർഷിപ്, ഫെലോഷിപ്പ് പ്രോഗ്രാമുകളുമുണ്ട്. യൂറോപ്യൻ രാജ്യങ്ങളിലെ ഉപരിപഠനത്തിന് എറാസ്മസ് മുണ്ടസ് സ്കോളർഷിപ് പ്രോഗ്രാമുണ്ട്.ഇന്ത്യൻ വിദ്യാർത്ഥികൾക്ക് യൂറോപ്യൻ രാജ്യങ്ങളിൽ കൂടുതൽ സ്കോളർഷിപ്പുകൾ, ഫെലോഷിപ്പുകൾ, അസിസ്റ്റന്റ് ഷിപ്പുകൾ എന്നിവ ലഭിക്കും.
പി.ജി മെഡിക്കൽ: അപേക്ഷ 10വരെ
തിരുവനന്തപുരം: പി. ജി മെഡിക്കൽ കോഴ്സുകളിലെ ഒഴിവുള്ള സീറ്റുകളിലേക്കുള്ള സ്പെഷ്യൽ സ്ട്രെ വേക്കൻസി അലോട്ട്മെന്റിന് www.cee.kerala.gov.in ൽ 10ന് രാവിലെ 11വരെ അപേക്ഷിക്കാം. വിജ്ഞാപനം വെബ്സൈറ്റിൽ. ഹെൽപ് ലൈൻ 0471 2525300
ജാപ്പനീസ് കോഴ്സിലേക്ക് അപേക്ഷിക്കാം
തിരുവനന്തപുരം: അസാപ് കേരളയിൽ ജാപ്പനീസ് എൻ-5 കോഴ്സിലേക്ക് പ്ലസ്ടുക്കാർക്ക് അപേക്ഷിക്കാം. ഓൺലൈൻ കോഴ്സാണിത്. ഏപ്രിൽ പത്തിനകം https://asapkerala.gov.in/course/japanese-language-n5/ ലിങ്കിലാണ് അപേക്ഷിക്കേണ്ടത്.
സാക്ഷരത
തുല്യത പരീക്ഷ
തിരുവനന്തപുരം: സംസ്ഥാന സാക്ഷരതാ മിഷൻ നടത്തുന്ന വിവിധ തുല്യതാ പരീക്ഷകൾക്ക് അപേക്ഷിക്കാം. അടിസ്ഥാന സാക്ഷരതാ കോഴ്സിലേക്കും നാല്, ഏഴ്, പത്ത് ഹയർ സെക്കൻഡറി ക്ലാസുകളിലെ തുല്യതാ കോഴ്സുകളിലേക്കുമാണ് പ്രവേശനം . ഓൺലൈൻ രജിസ്ട്രേഷൻ നാളെ (മാർച്ച് 10) മുതൽ ആരംഭിക്കും. പിഴയില്ലാതെ ഏപ്രിൽ 30 വരെ രജിസ്റ്റർ ചെയ്യാം. വിവരങ്ങൾക്ക് http://literacymissionkerala.org സന്ദർശിക്കുക. ഏത് പ്രായക്കാർക്കും അപേക്ഷിക്കാം.
കേരള കേന്ദ്ര സർവകലാശാലയിൽഎട്ടാമത് ബിരുദദാന സമ്മേളനം
പെരിയ(കാസർകോട്) : കേരള കേന്ദ്ര സർവകലാശാലയുടെ എട്ടാമത് ബിരുദദാന സമ്മേളനം പെരിയ ക്യാമ്പസിൽ നടന്നു. തിരുവനന്തപുരം വിക്രം സാരാഭായ് സ്പേസ് സെന്റർ ഡയറക്ടർ ഡോ.എസ്. ഉണ്ണിക്കൃഷ്ണൻ നായർ മുഖ്യാതിഥിയായി. വൈസ് ചാൻസലർ ഇൻ ചാർജ്ജ് പ്രൊഫ.വിൻസന്റ് മാത്യു, രജിസ്ട്രാർ ഡോ.എം. മുരളീധരൻ നമ്പ്യാർ, കൺട്രോളർ ഒഫ് എക്സാമിനേഷൻസ് ഡോ.ആർ.ജയപ്രകാശ് തുടങ്ങിയവർ സംബന്ധിച്ചു.
2024ൽ പഠനം പൂർത്തിയാക്കിയ 851 വിദ്യാർത്ഥികൾക്ക് ബിരുദദാനം നടത്തി. 664 പേർ ചടങ്ങിൽ പങ്കെടുത്ത് ബിരുദം സ്വീകരിച്ചു. 41 പേർക്ക് ബിരുദവും 727 പേർക്ക് ബിരുദാനന്തര ബിരുദവും 58 പേർക്ക് പി എച്ച്.ഡിയും 25 പേർക്ക് പി.ജി ഡിപ്ലോമാ ബിരുദവും നൽകി. വിവിധ പഠന വകുപ്പുകളിൽ ഉന്നത വിജയം നേടിയ എൽഫ നഷീദ (ലിംഗ്വിസ്റ്റിക്സ്), എ.പി.അശ്വതി (മാത്സ്), പി.എസ്. അഞ്ജന (മാനേജ്മെന്റ് സ്റ്റഡീസ്), വി.അനില (കൊമേഴ്സ് ആന്റ് ഇന്റർനാഷണൽ ബിസിനസ്), സദി അനുഗ്ന റാവു (പബ്ലിക് അഡ്മിനിസ്ട്രേഷൻ ആന്റ് പോളിസി സ്റ്റഡീസ്) എന്നീ വിദ്യാർത്ഥികൾ ബഹുമതി ഏറ്റുവാങ്ങി.
യൂത്ത് പാർലമെന്റ് ജില്ലാതല മത്സരങ്ങൾ 15ന്
തിരുവനന്തപുരം:നെഹ്റു യുവകേന്ദ്ര നടത്തുന്ന വികസിത് ഭാരത് യൂത്ത് പാർലമെന്റിന്റെ ജില്ലാതല മത്സരങ്ങൾ 15ന് ആരംഭിക്കുമെന്ന് സ്റ്റേറ്റ് ഡയറക്ടർ എം.അനിൽകുമാർ അറിയിച്ചു.മത്സരത്തിൽ പങ്കെടുക്കാൻ ഇന്നുകൂടി രജിസ്റ്റർ ചെയ്യാം.വികസിതഭാരതം എന്താണെന്നതിനെക്കുറിച്ച് ഒരുമിനിറ്റ് ദൈർഘ്യമുള്ള പ്രസംഗത്തിന്റെ വീഡിയോ മൈഭാരത് പോർട്ടലിൽ അപ്ലോഡ് ചെയ്തുകൊണ്ടാണ് രജിസ്റ്റർ ചെയ്യേണ്ടത്.പ്രായപരിധി 18നും 25നും ഇടയിൽ.തിരുവനന്തപുരം,ആലപ്പുഴ,കോട്ടയം,വയനാട് എന്നിവിടങ്ങളിലാണ് ജില്ലാതല മത്സരം.ജില്ലകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന പത്തുപേർക്ക് സംസ്ഥാനമത്സരത്തിലും സംസ്ഥാനതലത്തിൽ തിരഞ്ഞെടുക്കപ്പെടുന്ന മൂന്ന് പേർക്ക് ഡൽഹിയിൽ നടക്കുന്ന ദേശീയമത്സരത്തിലും പങ്കെടുക്കാം.കൂടുതൽ വിവരങ്ങൾക്ക് ഫോൺ.7558892580.
തിരുവനന്തപുരം,കൊല്ലം ജില്ലകളിൽ ഉള്ളവർക്ക് തിരുവനന്തപുരം സി.ഇ.ടി.യിലും ആലപ്പുഴ,പത്തനംതിട്ട,തൃശൂർ ജില്ലകളിലുള്ളവർക്ക് ആലപ്പുഴ സെന്റ് ജോസഫ് വനിതാ കോളേജിലും കോട്ടയം,ഇടുക്കി,എറണാകുളം,ലക്ഷദ്വീപ് എന്നിവടങ്ങളിൽ നിന്നുള്ളവർക്ക് കോട്ടയം അമലഗിരി ബിഷപ്പ് കുര്യാളശേരി വനിതാകോളേജിലും പാലക്കാട് ,മലപ്പുറം,കോഴിക്കോട്,വയനാട്,കണ്ണൂർ,കാസർകോട്,മാഹി എന്നിവിടങ്ങളിൽ നിന്നുള്ളവർക്ക് മീനങ്ങാടി എൽദോ മാർ ബസേലിയസ് കോളേജിലുമാണ് ജില്ലാതലമത്സരങ്ങൾ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |