SignIn
Kerala Kaumudi Online
Tuesday, 19 May 2026 7.17 AM IST

ചൂടിൽ വിയർത്ത് കേരളം, വൈദ്യുതി ഉപയോഗ ഗ്രാഫ് മുകളിലേക്ക്

sun-heat-deatgh

 പീക്ക് സമയ ഉപയോഗം 5,300 മെഗാവാട്ട് കടന്നു

തിരുവനന്തപുരം: കനത്തചൂടിൽ കേരളം വിയർക്കുമ്പോൾ വൈദ്യുതി ഉപയോഗത്തിന്റെ ഗ്രാഫ് മുകളിലേക്ക്. കഴിഞ്ഞ ഒരാഴ്ചയായി സംസ്ഥാനത്തെ വൈദ്യുതി ആവശ്യകതയിലും വർദ്ധനവുണ്ടായി. പീക്ക് സമയ ഉപയോഗം ഈ മാസം ആദ്യമായി 5,300 മെഗാവാട്ട് കടന്നു. ബുധനാഴ്ച 5,322 മെഗാവാട്ടായിരുന്നു. 2024 മേയ് 2ലെ 5,797 മെഗാവാട്ടാണ് സംസ്ഥാനത്തെ പീക്ക് സമയത്തെ റെക്കാർഡ് വൈദ്യുതി ഉപയോഗം. ബുധനാഴ്ചയിലെ പ്രതിദിന ഉപയോഗം 100.81 ദശലക്ഷം യൂണിറ്റായിരുന്നു. ഇതിൽ 75.2907 ദശലക്ഷം യൂണിറ്റും സംസ്ഥാനത്തിന് പുറത്തുനിന്ന് വാങ്ങിയപ്പോൾ 25.5199 ദശലക്ഷം യൂണിറ്റായിരുന്നു ആഭ്യന്തര ഉത്പാദനം. കഴിഞ്ഞ വർഷം വേനലിൽ ഇടയ്ക്ക് മഴ ലഭിച്ചതിനാൽ താപനിലയിൽ കുറവുവരികയും അത് വൈദ്യുതി ഉപഭോഗത്തിൽ പ്രതിഫലക്കുകയും ചെയ്തു. എന്നാൽ,ഇക്കുറി എല്ലാ ജില്ലകളിലും അന്തരീക്ഷതാപനില ഉയരുന്ന സാഹചര്യമാണ്.

എട്ട് ജില്ലകളിൽ

മഞ്ഞ അലർട്ട്


താപനില ഉയരുന്ന സാഹചര്യത്തിൽ എട്ട് ജില്ലകളിൽ മഞ്ഞ അലർട്ട്. കണ്ണൂർ, കാസർകോട് ജില്ലകളിൽ ഉയർന്ന താപനില 37 ഡിഗ്രി വരെയും തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, പാലക്കാട് ജില്ലകളിൽ 36 ഡിഗ്രി വരെയും ഉയരാൻ സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. യു.വി സൂചിക ഉയർന്നതിനെത്തുടർന്ന് കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: ELECTRICITY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA