
കോട്ടയം: വാഴൂർ ചാമംപതാൽ കണയംങ്കൽ ഏബലിന്റെയും (19) ആൽബിന്റെയും (14) ഉറ്റസുഹൃത്തുക്കൾ പശുക്കളാണ്. 10 വർഷമായി പശുവളർത്തലാണ് ഇവരുടെ ഹോബി. കറവ, കുളിപ്പിക്കൽ, തൊഴുത്ത് വൃത്തിയാക്കൽ, തീറ്റയൊരുക്കൽ ഇവയെല്ലാം ഇവരുടെ ദിനചര്യയായി മാറി.
സ്വകാര്യ ബസ് ഡ്രൈവറും കെ.എസ്.ആർ.ടി.സി എംപാനൽ ഡ്രൈവറുമായിരുന്ന പിതാവ് ജൂബിൻ വാങ്ങിയ പശുക്കളെ ഒഴിവുസമയത്ത് പരിപാലിച്ചായിരുന്നു തുടക്കം. പിന്നീട് പൂർണ പരിപാലനം ഏറ്റെടുത്തു. കൊവിഡുകാലത്ത് ജോലി നഷ്ടമായതോടെ പിതാവ് ജൂബിനും ഫാമിലേക്കിറങ്ങി. രണ്ടെണ്ണത്തിലായിരുന്നു തുടക്കം. ഇപ്പോൾ 25 ഓളം പശുക്കളുണ്ട്. ജഴ്‌സി, ഗീർക്രോസ്, സുനന്ദിനി തുടങ്ങിയ ഇനങ്ങളുണ്ട്. എല്ലാത്തിനും പേരുകളുമുണ്ട്. ജാൻസിയും കണ്ണനും പാപ്പനും ഗീറും കമലയുമെല്ലാം ഏബലിന്റെയും ആൽബിന്റെയും കൂട്ടുകാരായി. ദിവസേന 100 ലിറ്റർ പാൽ ലഭിക്കും. 4,300 രൂപയോളം വരുമാനമുണ്ട്. എന്നാൽ ദിവസം 4,000 രൂപയോളം ചെലവാകുമെന്നും ഇവർ പറയുന്നു.
പുലർച്ചെ മൂന്നിന് തുടങ്ങും
പുലർച്ചെ 3 മുതൽ 7.30 വരെയും വൈകിട്ട് 3 മുതൽ 4.30 വരെയുമാണ് തൊഴുത്തിലെ ദിനചര്യകൾ. ക്ലാസുള്ള ദിവസങ്ങളിൽ രാവിലെയും വൈകിട്ടും കൈത മെഷീനിൽ അരിഞ്ഞ് കൊടുക്കും. വെള്ളവും നൽകും. അവധിദിവസങ്ങളിൽ പൂർണമായും തൊഴുത്തിൽത്തന്നെ. ഏബൽ പ്ലസ്ടുവിനുശേഷം പശുക്കൾക്ക് കുത്തിവയ്പ്പ് എടുക്കുന്ന ഇൻസിമിനേഷൻ കോഴ്‌സ് പൂർത്തിയാക്കി. നിലവിൽ സ്വകാര്യ ലാബിൽ ജോലി ചെയ്യുകയാണ്. ഒൻപതാം ക്ലാസ് വിദ്യാർത്ഥിയാണ് ആൽബിൻ. അങ്കണവാടി അദ്ധ്യാപിക സെലിനാണ് മാതാവ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |