
കഴക്കൂട്ടം: എലിവേറ്റഡ് ഹൈവേയിൽ നിയന്ത്രണംവിട്ട് മറിഞ്ഞ ടെമ്പോ ട്രാവലറിന് തീപിടിച്ചു. ഇന്നലെ രാവിലെ 9.30ഓടെയാണ് സംഭവം. കിഴക്കേകോട്ട ഭാഗത്തുനിന്ന് ആറ്റിങ്ങൽ ഭാഗത്തേക്ക് പോവുകയായിരുന്ന ടെമ്പോ ട്രാവലറാണ് അപകടത്തിൽപ്പെട്ടത്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.
നിയന്ത്രണംവിട്ട് ഡിവൈഡറിൽ ഇടിച്ചുകയറിയ വാഹനം തലകീഴായി മറിയുകയായിരുന്നു. മറിഞ്ഞതിന് തൊട്ടുപിന്നാലെ വാഹനത്തിൽ നിന്ന് പുക ഉയർന്നശേഷം തീ പടരുകയും ചെയ്തു. അപകടസമയം വാഹനത്തിലുണ്ടായിരുന്ന ഡ്രൈവറും മറ്റൊരാളും പരിക്കില്ലാതെ രക്ഷപ്പെട്ടു. വിവരമറിഞ്ഞ് കഴക്കൂട്ടത്തുനിന്നും അഗ്നിശമന സേന സ്ഥലത്തെത്തി തീഅണച്ചതിനാൽ വൻ ദുരന്തം ഒഴിവായി.
അപകടത്തെ തുടർന്ന് ഹൈവേയിൽ ആറ്റിങ്ങൽ ഭാഗത്തേക്കുള്ള ഗതാഗതം പൂർണമായും തടസപ്പെട്ടു. വാഹനങ്ങൾ സർവീസ് റോഡ് വഴിയാണ് തിരിച്ചുവിട്ടത്. പൊലീസും ഫയർഫോഴ്സും ചേർന്ന് മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ വാഹനം റോഡിൽ നിന്ന് നീക്കം ചെയ്തശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |