SignIn
Kerala Kaumudi Online
Wednesday, 03 June 2026 11.37 PM IST

ഓരോ ഫ്ളാറ്റിനും സ്വന്തം തണ്ടപ്പേരായി, വില്ലേജ് ഓഫീസിൽ അപേക്ഷിക്കണം

READ ENGLISH VERSION

flat

ഭൂമിയുടെ ഉടമസ്ഥാവകാശവും

ഫ്ളാറ്റുടമയ്ക്ക് ഉണ്ടായിരിക്കണം

തിരുവനന്തപുരം: ബഹുനില സമുച്ചയങ്ങളിലെ ഓരോ ഫ്ളാറ്റിനും പ്രത്യേകം തണ്ടപ്പേരും കൈവശാവകാശ സർട്ടിഫിക്കറ്റും അനുവദിക്കാൻ റവന്യുവകുപ്പ് ഉത്തരവായി. ഈ നടപടി ഏപ്രിൽ 10 ന് കേരള കൗമുദി റിപ്പോർട്ട് ചെയ്തിരുന്നു. ഫ്ളാറ്റ് ഉടമയ്ക്ക് സ്വന്തം പേരിൽ കരം ഒടുക്കാൻ അവകാശം ലഭിക്കുമെന്നതാണ് പുതിയ ഉത്തരവിന്റെ പ്രാധാന്യം.

നിലവിലെ ഫ്ളാറ്റ് ഉടമകൾ പ്രമാണത്തിന്റെ പകർപ്പ് സഹിതം ബന്ധപ്പെട്ട വില്ലേജ് ഓഫീസിൽ അപേക്ഷ നൽകണം.

ഫ്ളാറ്റുകൾ കൈമാറ്റം ചെയ്യുന്ന സന്ദർഭത്തിൽ ഭൂമിയുടെ ഉടമസ്ഥാവകാശം കൂടി ആധാര പ്രകാരം കൈമാറിയിട്ടുണ്ടെങ്കിൽ മാത്രം പോക്കുവരവ് അനുവദിച്ചാൽ മതിയെന്ന് ഉത്തരവിൽ പറയുന്നു. ഭൂമിയുടെ അവകാശം കൈമാറിയിട്ടില്ലാത്ത കേസുകളിൽ ഭൂ ഉടമ നികുതി അടയ്ക്കുന്ന നിലവിലെ രീതി തുടരും.

ഭൂമി കൈമാറ്റം നടന്നിട്ടുണ്ടോ എന്ന് ആധാരം പരിശോധിച്ച് ഉറപ്പാക്കണം. പോക്കുവരവ് ഫ്ളാറ്റ് ഉടമയുടെ / സ്ഥാപനത്തിന്റെ നിലവിലുള്ള തണ്ടപ്പേരിന്റെ സബ് നമ്പർ നൽകി നടത്തേണ്ടതാണ്. ഉദാ.100 എന്ന തണ്ടപ്പേർ ഭൂമിയിൽ നിൽക്കുന്ന അപ്പാർട്ട്മെന്റിലെ ഒരു ഫ്ളാറ്റ് എ എന്ന വ്യക്തിയും മറ്റൊരു ഫ്ളാറ്റ് ബി എന്ന വ്യക്തിയും വാങ്ങിയാൽ എ യ്ക്ക് 100/1 എന്ന തണ്ടപ്പേരും ബിക്ക് 100/2 എന്ന തണ്ടപ്പേരും നൽകണം. ഓരോ സബ് തണ്ടപ്പേർ കക്ഷിക്കും അവിഭക്താവകാശം രേഖപ്പെടുത്തി പ്രത്യേക കൈവശാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കും. മാതൃ തണ്ടപ്പേരിലെ എല്ലാ സർവെ നമ്പരുകളും ഉപതണ്ടപ്പേരുകളിൽ അതേപ്രകാരം ചേർക്കേണ്ടതാണ്.

ഭൂമിയുടെ ആനുപാതിക

വിസ്തീർണം കുറവ്ചെയ്യും

#ഓരോ പുതിയ തണ്ടപ്പേരും രൂപീകരിക്കുമ്പോൾ മാതൃ തണ്ടപ്പേരിൽ നിന്നും ഭൂമിയുടെ ആനുപാതിക വിസ്തീർണ്ണം കുറവ് ചെയ്യണം. മുഴുവൻ ഭൂമിയുടെ വിസ്തീർണ്ണത്തിന് തുല്യമായ വിഭജിക്കാനാവാത്ത അവകാശം നൽകിക്കഴിഞ്ഞാൽ മാതൃ തണ്ടപ്പേർ ശൂന്യമാക്കേണ്ടതും പ്രവർത്തന രഹിതമാക്കേണ്ടതുമാണ്.

# സുനാമി ബാധിത പുനരധിവാസ ഫ്ളാറ്റുകളിലെ താമസക്കാർക്കും ഇപ്രകാരമുള്ള ഭൂനികുതി അടവ് സംവിധാനം നടപ്പാക്കേണ്ടതാണ്.

# ഭൂമിയുടെ അവകാശത്തോടൊപ്പം വിസ്തീർണ്ണം സൂചിപ്പിക്കാതെ അവിഭക്ത അവകാശം കൈമാറുന്ന കേസുകളിൽ, നികുതി രസീതിൽ അൺഡിവൈഡഡ് ഷെയർ (യു.ഡി) എന്ന് രേഖപ്പെടുത്തണം. തുടർന്ന് പ്രസ്തുത തദ്ദേശ സ്വയംഭരണ ഏരിയയിൽ ബാധകമായ നിരക്കിൽ ആകെ ഭൂവിസ്തൃതി, ഫ്ളാറ്റ് ഉടമകളുടെ എണ്ണം കൊണ്ട് ഹരിച്ചാൽ കിട്ടുന്ന ഭൂവിസ്തൃതിക്ക് ബാധകമായ നികുതിയോ മിനിമം തുകയായി ഒരു ആറിനുള്ള നികുതിയോ ഏതാണോ കൂടുതൽ ആയത് ഈടാക്കാം.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: FLAT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA