SignIn
Kerala Kaumudi Online
Friday, 15 May 2026 9.42 PM IST

15-ാം വയസിൽ തുടക്കം, 62ൽ മുഖ്യമന്ത്രി

aa

കൊച്ചി: പതിനഞ്ചാം വയസിൽ ആരംഭിച്ച രാഷ്ട്രീയപ്രവർത്തനം 62-ാം വയസിൽ വി.ഡി.സതീശനു സമ്മാനിക്കുന്നത് മുഖ്യമന്ത്രിപദം. രാഷ്ട്രീയപ്രവർത്തകൻ, രാഷ്ട്രീയതന്ത്രജ്ഞൻ, അഭിഭാഷകൻ, ജനപ്രതിനിധി തുടങ്ങിയ നിലകളിലെ മികച്ച പ്രകടനവും സമൂഹത്തിന്റെ വിവിധ മേഖലകളിൽ നിന്ന് ലഭിച്ച പിന്തുണയുമാണ് സതീശന്റെ വളർച്ചയ്‌ക്ക് കുതിപ്പ് പകർന്നത്.

1964 മേയ് 31നാണ് സതീശന്റെ ജനനം. നെട്ടൂർ, പനങ്ങാട് സ്കൂളുകളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. പ്രീഡിഗ്രിയും ഡിഗ്രിയും തേവര എസ്.എച്ച് കോളേജിൽ. രാജഗിരി കോളേജ് ഒഫ് സോഷ്യൽ സയൻസിൽ നിന്ന് സോഷ്യൽ വർക്കിൽ ബിരുദാനന്തരബിരുദം. തിരുവനന്തപുരം ലാ അക്കാഡമിയിൽ നിന്ന് എൽഎൽ.ബിയും ഗവ. ലാ കോളേജിൽ നിന്ന് എൽ.എൽ.എമ്മും കരസ്ഥമാക്കി. തുടർന്ന് ഹൈക്കോടതിയിൽ അഭിഭാഷകനായി.

പ്രീഡിഗ്രി കാലത്ത് കെ.എസ്.യുവിലൂടെയാണ് വി.ഡി.സതീശൻ രാഷ്ട്രീയ പ്രവർത്തനം ആരംഭിക്കുന്നത്. കേരള, മഹാത്മാഗാന്ധി സർവകലാശാലകളിൽ അഞ്ചുതവണ യൂണിയൻ കൗൺസിലറായി. രാജഗിരിയിൽ കോളേജ് യൂണിയൻ ചെയർമാനായിരുന്നു. 1986-1987ൽ എം.ജി സർവകലാശാല യൂണിയന്റെ ആദ്യ ചെയർമാനായി. എൻ.എസ്.യു സെക്രട്ടറിയായും പ്രവർത്തിച്ചു.

കെ.പി.സി.സി വൈസ് പ്രസിഡന്റ്, തമിഴ്നാടിന്റെ ചുമതലയുള്ള എ.ഐ.സി.സി സെക്രട്ടറി, എ.ഐ.സി.സിയുടെ 84-ാം പ്ളീനറി സമ്മേളനത്തിലെ സാമ്പത്തിക പ്രമേയ കമ്മിറ്റിയംഗം, ഒഡീഷ നിയമസഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി നിർണയ സമിതി ചെയർമാൻ എന്നീ നിലകളിലും പ്രവർത്തിച്ചു. 2021 മേയ് 22നാണ് പ്രതിപക്ഷ നേതാവായി ചുമതലയേറ്റത്. പബ്ളിക് അക്കൗണ്ട്സ് കമ്മിറ്റി ചെയർമാനായിരുന്നു. കോൺഗ്രസ് രാഷ്ട്രീയകാര്യ ഉന്നത സമിതിയംഗമായും പ്രവർത്തിച്ചു. കൊച്ചി റിഫൈനറി എംപ്ളോയീസ് അസോസിയേഷൻ, ഹിന്ദുസ്ഥാൻ ലാറ്റെക്സ് എംപ്ളോയീസ് യൂണിയൻ തുടങ്ങി നിരവധി ട്രേഡ് യൂണിയനുകളുടെ പ്രസിഡന്റായിരുന്നു.

സി.പി.ഐ കോട്ട പിടിച്ചെടുത്തു

1996ലാണ് സി.പി.ഐയുടെ കുത്തകയായിരുന്ന പറവൂരിൽ മത്സരിക്കാൻ കോൺഗ്രസ് സതീശനെ നിയോഗിച്ചത്. ആദ്യത്തെ തിരഞ്ഞെടുപ്പിൽ പി.രാജുവിനോട് 1,116 വോട്ടിന് തോറ്റെങ്കി​ലും പറവൂരിൽ താമസിച്ച് രാഷ്ട്രീയം തുടർന്നു. 2001ൽ സിറ്റിംഗ് എം.എൽ.എ പി.രാജുവിനെ 7,434 വോട്ടിനു തോൽപ്പിച്ച് ആദ്യജയം സ്വന്തമാക്കി. 2006ൽ കെ.എം.ദിനകരനെ 7,792 വോട്ടിനും 2011ൽ പന്ന്യൻ രവീന്ദ്രനെ 11,349ഉം, 2016ൽ മുൻമുഖ്യമന്ത്രി പി.കെ.വാസുദേവൻ നായരുടെ മകൾ ശാരദ മോഹനെ 20,634ഉം, 2021ൽ എം.ടി.നിക്‌സണിനെ 22,000ഉം വോട്ടിനും സതീശൻ പരാജയപ്പെടുത്തി. ഇക്കുറി ആ​റാം​ ​മ​ത്സ​ര​ത്തി​ൽ​ ടി.ടി.ടൈസണെ 20,600​ ​വോ​ട്ടുകൾക്കാണ് തോല്പിച്ചത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: VD SATHEESAN LIFE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA