SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.10 AM IST

പ്രസവാവധി: ഒടുവിൽ പിഴവ് തിരുത്തി സർക്കാർ, പുതുക്കിയ ഉത്തരവ് പുറത്തിറങ്ങി

a


കുസുമത്തിന്റെ പോരാട്ടത്തിന് വിജയം

തിരുവനന്തപുരം: കരാറടിസ്ഥാനത്തിൽ നിയമിക്കപ്പെടുന്ന വനിതാ ജീവനക്കാർക്ക് ശമ്പളത്തോടുകൂടിയ പ്രസവാവധി അനുവദിക്കുന്നതുമായി ബന്ധപ്പെട്ട ഉത്തരവിലെ പിഴവ് തിരുത്തി സർക്കാർ. സ്വകാര്യ സ്‌കൂളുകളും കോളേജുകളും ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിലെ വനിതാജീവനക്കാർക്ക് ബാധകമാവുന്ന പുതുക്കിയ ഉത്തരവ് കഴിഞ്ഞ ദിവസം ധനവകുപ്പ് പുറത്തിറക്കി.


ലക്ഷക്കണക്കിന് വനിതകളെ ദോഷകരമായി ബാധിക്കുന്ന പഴയ ഉത്തരവ് തിരുത്തണമെന്ന് ആവശ്യപ്പെട്ട് സാമൂഹിക പ്രവർത്തകയായ കുസുമം ആർ.പുന്നപ്ര നടത്തിയ നിരന്തര പോരാട്ടത്തിനൊടുവിലാണ് പുതുക്കിയ ഉത്തരവ്. ഇക്കാര്യം ഫെബ്രുവരി 28ന് കേരളകൗമുദി റിപ്പോർട്ട് ചെയ്തിരുന്നു. പിന്നാലെയാണ് സർക്കാർ നടപടി.


പ്രസവം നടക്കുമെന്ന് പ്രതീക്ഷിക്കുന്ന ദിവസത്തിന് തൊട്ടുമുമ്പുള്ള 12 മാസക്കാലയളവിൽ 80 ദിവസമെങ്കിലും സ്ഥാപനത്തിൽ ജോലി ചെയ്തിട്ടുണ്ടെങ്കിൽ പ്രസവാനുകൂല്യത്തിന് അർഹതയുണ്ടെന്ന വിജ്ഞാപനം 2021 ജനുവരി 14നാണ് ഇറങ്ങിയത്. എന്നാൽ, ഗസറ്റ് വിജ്ഞാപനത്തിന് പിന്നാലെ പുറത്തുവന്ന സർക്കാർ ഉത്തരവാണ് ആനുകൂല്യം നിഷേധിക്കുന്ന സാഹചര്യമൊരുക്കിയത്.

'പ്രസവം നടക്കുമെന്ന് പ്രതീക്ഷിക്കുന്ന ദിവസത്തിന് തൊട്ടുമുമ്പ് 80 ദിവസമെങ്കിലും സ്ഥാപനത്തിൽ ജോലി ചെയ്തിട്ടുണ്ടെങ്കിൽ' എന്നായിരുന്നു നേരത്തെ ഉത്തരവിൽ ഉണ്ടായിരുന്നത്. ഇത് പ്രസവത്തിന് മുമ്പുള്ള ആരോഗ്യസ്ഥിതിയിൽ പലപ്പോഴും അവധി എടുക്കേണ്ടിവരുന്നവർക്ക് തിരിച്ചടിയായി. നിരവധിപേർക്ക് അനുകൂല്യം നിഷേധിക്കപ്പെട്ടു.

ഇത് തിരുത്തിയാണ് പുതുക്കിയ ഉത്തരവ്.

പുതുക്കിയ ഉത്തരവ് ഇങ്ങനെ

''കരാർ കാലാവധി പരിഗണിക്കാതെ, പ്രസവം നടക്കാനിടയുള്ള തീയതിക്കോ അബോർഷൻ സംഭവിക്കുന്ന തീയതിക്കോ തൊട്ടുമുമ്പുള്ള 12 മാസത്തിൽ, ഇടവേളയോടു കൂടിയോ അല്ലാതെയോ, ഒരേസ്ഥാപനത്തിൽ കരാറടിസ്ഥാനത്തിൽ കുറഞ്ഞത് 80 ദിവസമെങ്കിലും ജോലി ചെയ്ത വനിത ജീവനക്കാർക്ക് കേരള സർവീസ് ചട്ടങ്ങൾ പ്രകാരമുളള പ്രസവാവധി/അവധി ആനുകൂല്യങ്ങൾ അനുവദിക്കും''. ഇതിന് 2021 ജനുവരി നാലുമുതൽ പ്രാബല്യമുണ്ടാകും.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: GOVT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA