
തിരുവനന്തപുരം: ഗ്രാന്റ് ഇൻ എയ്ഡ് സ്ഥാപനങ്ങളുടെ ശമ്പള/ പെൻഷൻ ബാദ്ധ്യതകളിൽ നിന്ന് സർക്കാർ തലയൂരുന്നതോടെ സാംസ്കാരിക വകുപ്പിന് കീഴിൽ മാത്രം 117 സ്ഥാപനങ്ങളാണ് പ്രതിസന്ധിയിലാവുക.
ചില സ്ഥാപനങ്ങൾക്ക് നടപ്പ് സാമ്പത്തിക വർഷം ഫണ്ട് വകയിരുത്തിയതുമില്ല. അഞ്ച് ലക്ഷം മുതൽ മുകളിലേക്കുള്ള തുകയാണ് പല സ്ഥാപനങ്ങൾക്കും വകയിരുത്തിയിട്ടുള്ളത്. ഏറ്റവുമധികം സ്ഥാപനങ്ങൾ സാംസ്കാരിക വകുപ്പിന് കീഴിലാണെങ്കിലും മറ്റു വകുപ്പുകൾക്ക് കീഴിലും നിരവധി സ്ഥാപനങ്ങൾ ഇത്തരത്തിൽ സാമ്പത്തിക സഹായം പറ്റുന്നുണ്ട്. ധനകാര്യ വകുപ്പിന്റെ പുതിയ നിർദ്ദേശം നടപ്പായാൽ തങ്ങളുടെ ഭാവി എങ്ങനെയാവുമെന്ന ആശങ്കയിലാണ് ഈ സ്ഥാപനങ്ങളിലെ ജീവനക്കാർ.
31.01 കോടി:
നടപ്പുസാമ്പത്തിക
വർഷം അനുവദിച്ച തുക
23.50 കോടി:
ചെലവഴിച്ചത്
7.5 കോടി:
നീക്കിയിരിപ്പ്
`നൽകിക്കൊണ്ടിരിക്കുന്ന ഗ്രാന്റിൽ കുറവ് വരുത്തില്ലെന്നാണ് ധനമന്ത്രിയുമായി സംസാരിച്ചപ്പോൾ പറഞ്ഞത്. സ്വന്തം നിലയ്ക്ക് വരുമാനമുണ്ടാക്കണമെന്ന താത്പര്യമാണ് സർക്കുലറിന് പിന്നിൽ. എല്ലാ സ്ഥാപനങ്ങൾക്കും ഇത് സാദ്ധ്യമായേക്കില്ല. വിശദമായി പരിശോധിച്ച് തുടർനടപടി സ്വീകരിക്കും.'
-സജിചെറിയാൻ
സാംസ്കാരിക വകുപ്പ് മന്ത്രി
ഗ്രാന്റ് ഇല്ലെങ്കിൽ കലാമണ്ഡലത്തിൽ
അദ്ധ്യയനം അടക്കം തകിടം മറിയും
തൃശൂർ: സർക്കാർ ഗ്രാന്റ് നൽകിയില്ലെങ്കിൽകലാമണ്ഡലത്തിന്റെ പ്രവർത്തനം തകിടം മറിയാൻ സാദ്ധ്യത. ശമ്പളം മുടങ്ങുന്നതോടെ കരാർ അദ്ധ്യാപകർ ജോലി ഉപേക്ഷിച്ചേക്കും. അറുപതിലധികം അദ്ധ്യാപകർ കരാറിൽ ജോലി ചെയ്യുന്നവരാണ് .
150 ഓളം അദ്ധ്യാപക, അനദ്ധ്യാപക ജീവനക്കാരുണ്ട്. എട്ടാം ക്ലാസ് മുതൽ പി.എച്ച്.ഡി വരെ അറുനൂറോളം വിദ്യാർത്ഥികളുണ്ട് .
കലയോടുള്ള താത്പര്യം കൊണ്ടു മറ്റ് കോഴ്സുകൾ വേണ്ടെന്നുവച്ച് പഠിക്കാനെത്തിയ ഇവരുടെ ഭാവിയെയും ബാധിച്ചേക്കും. ആർട്ട് ഗാലറിയുടെ നവീകരണം ഉൾപ്പെടെയുള്ള നിർമ്മാണ പ്രവർത്തനങ്ങളും നടന്നുകൊണ്ടിരിക്കുന്നുണ്ട്. ഇവയുടെ നിർമ്മാണം തടസപ്പെടും.
വർഷത്തിൽ ഗഡുക്കളായി ലഭിക്കുന്ന 7.75 കോടി നോൺപ്ലാൻ ഫണ്ട് തികയാത്തതിനാൽ മാസങ്ങൾക്ക് മുമ്പ് ശമ്പളം മുടങ്ങിയിരുന്നു. സമ്മർദ്ദം ചെലുത്തി അഡിഷണൽ ഗ്രാൻ്റ് ലഭ്യമാക്കിയാണ് താതകാലികമായി പ്രശ്നം പരിഹരിച്ചത്.
വൈദ്യുതി, വെള്ളം, ഓഫീസ് ചെലവുൾപ്പെടെ നിർവഹിക്കുന്നതും ഗ്രാൻ്റ് തുക കൊണ്ടാണ്. കൽപ്പിത സർവകലാശാലയെ പൂർണതോതിലുള്ള സർവകലാശാലയാക്കാനുള്ള പ്രവർത്തനം തുടങ്ങിയിരിക്കുകയാണ്. പന്ത്രണ്ട് സ്ഥലങ്ങൾ ഏറ്റെടുക്കാനായി ആലോചന നടക്കുന്നുണ്ട്. ബിരുദത്തിനൊപ്പം മോഹിനിയാട്ടമടക്കം ഉൾപ്പെടുത്തി പുതിയ കോഴ്സ് തുടങ്ങാനുള്ള നീക്കങ്ങൾക്കും തടസമുണ്ടായേക്കും. പുതിയ അദ്ധ്യാപകർ ആവശ്യമാണെങ്കിലും നിയോഗിക്കാനാകില്ല. സ്റ്റൈപ്പന്റായി നൽകുന്ന 1,250 രൂപ വർദ്ധിപ്പിക്കണമെന്ന വിദ്യാർത്ഥികളുടെ ആവശ്യവും നടപ്പാകാനിടയില്ല.
#തനത് ഫണ്ടിൽ പ്രശ്നം തീരില്ല
കഥകളി ഉൾപ്പെടെ പുറംവേദികളിൽ അവതരിപ്പിക്കുന്ന പരിപാടികളിലൂടെ വർഷത്തിൽ 50 ലക്ഷത്തോളവും കൂത്തമ്പലം വാടകയ്ക്ക് കൊടുക്കുന്നതിലൂടെ കിട്ടുന്ന ചെറിയ തുകയുമാണ് തനത് വരുമാനം. ഇതും ഉപയോഗിച്ചാലും പ്രതിസന്ധിക്ക് പരിഹാരമാകില്ല. കലാമണ്ഡലം വാർഷികപരിപാടികൾ, മഹാകവി വള്ളത്തോൾ സ്മൃതി, സെമിനാറുകൾ, ശിൽപ്പശാലകൾ തുടങ്ങിയ പരിപാടികളും മുടങ്ങിയേക്കും.
`ധനവകുപ്പിന്റെ സർക്കുലർ കലാമണ്ഡലത്തെ എങ്ങനെ ബാധിക്കുമെന്ന് ചർച്ച ചെയ്യേണ്ടതുണ്ട്. കലയെ പ്രോത്സാഹിപ്പിക്കുന്ന സ്ഥാപനത്തെ ആ നിലയ്ക്ക് കാണേണ്ടതുണ്ട്'.
- ഡോ.ബി. അനന്തകൃഷ്ണൻ,
വൈസ് ചാൻസലർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |