SignIn
Kerala Kaumudi Online
Friday, 23 October 2026 8.34 AM IST

ഷാരോൺ വധക്കേസ് : ഗ്രീഷ്മ കുറ്റക്കാരി, ശിക്ഷാവിധി ഇന്ന്, അമ്മാവനും കുറ്റക്കാരൻ,​ അമ്മയെ വെറുതേവിട്ടു

greeshma

തിരുവനന്തപുരം: പാറശ്ശാല ഷാരോൺ വധക്കേസിൽ ഞെട്ടിക്കുന്ന ആസൂത്രണത്തോട‌െ ഗ്രീഷ്മ (22) കാമുകനെ വകവരുത്തിയതാണെന്ന് കോടതി. സൂത്രധാരനും ഗ്രീഷ്മയുടെ അമ്മാവനുമായ നിർമ്മലകുമാരൻ നായരും കുറ്റക്കാരനാണെന്ന് കണ്ടെത്തിയ നെയ്യാറ്റിൻകര അഡിഷണൽ സെഷൻസ് കോടതി ഇവർക്കുള്ള ശിക്ഷ ഇന്ന് രാവിലെ 11ന് വിധിക്കും. ഗ്രീഷ്മയുടെ ജാമ്യം റദ്ദാക്കി അട്ടക്കുളങ്ങര വനിതാ ജയിലിലാക്കി.

അതേസമയം,​ ഗ്രീഷ്മയുടെ മാതാവ് സിന്ധുവിനെ തെളിവുകളുടെ അഭാവത്തിൽ വെറുതേ വിട്ടു. ഒന്നും മൂന്നും പ്രതികളാണ് ഗ്രീഷ്മയും അമ്മാവനും. അമ്മയെ രണ്ടാം പ്രതിയായിട്ടാണ് ഉൾപ്പെടുത്തിയിരുന്നത്.

പാറശ്ശാല മുര്യങ്കര ജെ.പി ഹൗസിൽ ഷാരോൺ രാജിനെ (23) വീട്ടിലേക്ക് ക്ഷണിച്ചു വരുത്തി കഷായത്തിൽ കളനാശിനി കലർത്തി നൽകി കൊലപ്പെടുത്തിയെന്നാണ് കേസ്. പാറശാല തേവിയോട് പൂമ്പള്ളിക്കോണം ശ്രീനിലയത്തിൽ ഗ്രീഷ്മയ്‌ക്കെതിരെ കൊലപാതകം, ഗൂഢാലോചന, തെളിവു നശിപ്പിക്കൽ കുറ്റങ്ങൾ തെളിഞ്ഞെന്ന് ജ‌ഡ്ജി എ.എം. ബഷീർ പറഞ്ഞു.

സൈനികനുമായി നിശ്ചയിച്ച വിവാഹത്തിനു തടസ്സമാകുമെന്ന് കണ്ടാണ് ഷാരോണിനെ വധിക്കാൻ ഗ്രീഷ്മ തീരുമാനിച്ചത്. ഗ്രീഷ്മയുടെ ശ്രമങ്ങൾക്ക് അമ്മയും അമ്മാവനും ഒത്താശ ചെയ്തെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. കളനാശിനി ഗ്രീഷ്മയ്ക്കു വാങ്ങി നൽകിയത് നിർമലകുമാരൻ നായരാണ്.

ഇംഗ്ലീഷിൽ ബിരുദാനന്തര ബിരുദധാരിയാണ് ഗ്രീഷ്മ. നെയ്യൂർ ക്രിസ്ത്യൻ കോളേജിലെ അവസാന വർഷ ബി.എസ്‌സി റേഡിയോളജി വിദ്യാർത്ഥിയായിരുന്നു ഷാരോൺ രാജ്.

2022 ഒക്‌ടോബർ 25നായിരുന്നു ഷാരോണിന്റെ മരണം. കഴിഞ്ഞ ഒക്ടോബർ 15നു തുടങ്ങിയ വിചാരണ ഈ മാസം മൂന്നിനാണ് അവസാനിച്ചത്. 95 സാക്ഷികളെ വിസ്തരിച്ചു. ശാസ്ത്രീയ,​ ഡിജിറ്റൽ തെളിവുകൾ കേസിൽ നിർണായകമായി.

സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ വി.എസ്.വിനീത്കുമാർ, അഡ്വക്കേറ്റുമാരായ അൽഫാസ് മഠത്തിൽ, നവനീത്കുമാർ വി.എസ് എന്നിവർ പ്രോസിക്യൂഷന് വേണ്ടി ഹാജരായി. ശാസ്തമംഗലം അജിത്ത്കുമാറാണ് പ്രതിഭാഗം അഭിഭാഷകൻ.

തിരുവനന്തപുരം റൂറൽ എസ്.പിയായിരുന്ന ഡി. ശില്പയുടെ നേതൃത്വത്തിൽ സ്‌പെഷ്യൽ ടീമാണ് കേസ് അന്വേഷിച്ചത്. എസ്.പി എം.കെ. സുൽഫിക്കർ, ഡിവൈ.എസ്.പി മാരായ കെ.ജെ. ജോൺസൺ, വി.ടി. റാസിത്ത്, പാറശാല ഇൻസ്‌പെക്ടർ സജി എന്നിവരും സംഘത്തിലുണ്ടായിരുന്നു.

കുറ്റസമ്മതം,​ പിന്നെ നിഷേധം;

പൊളിച്ചടുക്കി പ്രോസിക്യൂഷൻ

2022 ഒക്‌ടോബർ 14ന് ഗ്രീഷ്മ വീട്ടിൽ വിളിച്ചുവരുത്തി ഷാരോണിന് കഷായത്തിൽ വിഷം ചേർത്ത് നൽകി. ശാരീരിക ബന്ധത്തിന് പ്രലോഭിപ്പിച്ചാണ് വിളിച്ചുവരുത്തിയതെന്ന് കുറ്റപത്രത്തിൽ പറയുന്നു. വിഷം ഉള്ളിൽച്ചെന്ന് അവശനിലയിലായി പല ആശുപത്രികളിലെ ചികിത്സയ്ക്കു ശേഷം മെഡിക്കൽ കോളജ് ആശുപത്രിയിൽ 25ന് ഷാരോൺ മരിച്ചു. ഒക്‌ടോബർ 30ന് ഗ്രീഷ്മ ക്രൈംബ്രാഞ്ച് സംഘത്തോട് കുറ്റസമ്മതം നടത്തി. എന്നാൽ കോടതിയിൽ ഇത് നിഷേധിച്ചു. താൻ വിഷം നൽകിയതല്ലെന്നും ആത്മഹത്യയ്ക്ക് തയ്യാറാക്കിവച്ച വിഷം താനറിയാതെ ഷാരോൺ കഴിക്കുകയായിരുന്നെന്നും കോടതിയിൽ പറഞ്ഞു. എന്നാൽ ശക്തമായ തെളിവുകൾക്കും പ്രോസിക്യൂഷൻ വാദത്തിനും മുന്നിൽ ഇതെല്ലാം പൊളിഞ്ഞു.

ഞങ്ങളുടെ ജീവനെയാണ് അവൾ കൊന്നുകളഞ്ഞത്.ഗ്രീഷ്മയുടെ അമ്മയെ വെറുതെ വിടരുതായിരുന്നു.മേൽക്കോടതിയെ സമീപിക്കും

- ഷാരോണിന്റെ അമ്മ പ്രിയ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: GREESHMA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA