SignIn
Kerala Kaumudi Online
Thursday, 21 May 2026 2.34 AM IST

 ഗൺമാൻമാരുടെ 'രക്ഷാപ്രവർത്തനം' : ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

p

ആലപ്പുഴ: നവകേരള സദസിനിടെ നിയുക്ത എം.എൽ.എ എ.ഡി. തോമസിനെയും യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി അജയ് ജ്യുവൽ കുര്യാക്കോസിനെയും മുഖ്യമന്ത്രിയുടെ അംഗരക്ഷകർ തല്ലിച്ചതച്ച കേസിൽ ക്രൈംബ്രാഞ്ച് പുനരന്വേഷണം ആരംഭിച്ചു. എസ്.പി. ഷൗക്കത്തലിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം ഇന്ന് ആലപ്പുഴ ക്രൈംബ്രാഞ്ച് ഓഫീസിൽ യോഗം ചേർന്ന് അന്വേഷണ പദ്ധതികൾ തയ്യാറാക്കും.

ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ഓഫീസിൽ നിന്ന് കേസ് ഫയലുകൾ ക്രൈംബ്രാഞ്ചിലേക്ക് വിളിച്ചുവരുത്തി എസ്.പി ഷൗക്കത്തലിയും സംഘവും അന്വേഷണ നടപടികളും മൊഴികളും വിലയിരുത്തി. അന്വേഷണ സംഘത്തിലെ ഡിവൈ.എസ്.പി ബൈജു കെ. പൗലോസ് കൂടിയെത്തിയശേഷം ഗൺമാൻമാരെ ചോദ്യം ചെയ്യാനായി ആലപ്പുഴയിലേക്ക് വിളിപ്പിക്കാനാണ് തീരുമാനം. മുഖ്യമന്ത്രിയുടെ ഗൺമാനായിരുന്ന അനിൽകുമാർ സുരക്ഷാസംഘത്തിലെ സന്ദീപ് എന്നിവരാണ് കേസിലെ ഒന്നും രണ്ടും പ്രതികൾ. കണ്ടാലറിയാവുന്ന മറ്ര് ചിലരും പ്രതികളായുണ്ട്.

2023 ഡിസംബർ 15ന് ജനറൽ ആശുപത്രി ജംഗ്ഷനിൽ പൊലീസ് കസ്റ്റഡിയിലെടുത്തതിന് പിന്നാലെയാണ് അകമ്പടി വാഹനത്തിലെ ഗൺമാൻമാർ പൊതിരെ തല്ലിയത്. എ.ഡി. തോമസിനും അജയ് ജ്യുവൽ കുര്യാക്കോസിനും തലയ്ക്കും കൈകാലുകൾക്കും മാരകമായി പരിക്കേറ്റ സംഭവത്തിൽ കോടതിയെ സമീപിച്ച് രജിസ്റ്റ‌ർ ചെയ്യിച്ച കേസ്, മുഖ്യമന്ത്രിയുടെ ഓഫീസിലെ ഇടപെടലും രാഷ്ട്രീയ സ്വാധീനവും കാരണം അട്ടിമറിക്കപ്പെടുകയായിരുന്നു. മർദ്ദനത്തിന്റെ വീഡിയോ ദൃശ്യങ്ങൾ വൈറലായെങ്കിലും തെളിവില്ലെന്നപേരിൽ ഡിവൈ.എസ്.പിയുടെ റഫർ റിപ്പോർട്ടിന് ശേഷമാണ് ദൃശ്യങ്ങൾ പരിശോധിച്ച ആലപ്പുഴ ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി 2024 നവംബറിൽ കേസ് പുനരന്വേഷണത്തിന് ഉത്തരവിട്ടത്.

കൃത്യനിർവഹണത്തിന്റെ ഭാഗമായാണ് ഉദ്യോഗസ്ഥർ പ്രവർത്തിച്ചതെന്നും അവർ കുറ്റക്കാരല്ലെന്നും ചൂണ്ടിക്കാട്ടി ജില്ലാ ക്രൈംബ്രാഞ്ച് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ച കേസിലാണ് പുതിയ സർക്കാരിന്റെ തീരുമാന പ്രകാരം ഏഴംഗ സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം അന്വേഷണം ആരംഭിച്ചത്. ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് നിർദേശമെങ്കിലും പരമാവധി വേഗത്തിൽ പൂർത്തിയാക്കാനാണ് തീരുമാനം.

 ഫോൺ പരിശോധന വേഗത്തിലാക്കാൻ കത്ത്

മർദ്ദന ദൃശ്യങ്ങൾ ഷൂട്ട് ചെയ്ത ഫോണിന്റെ ശാസ്ത്രീയ പരിശോധന വേഗത്തിലാക്കാൻ ഫോറൻസിക് ലാബിന് അന്വേഷണസംഘം കത്ത് നൽകി. കേസന്വേഷണം പ്രത്യേക സംഘം ഏറ്രെടുത്തതിന് പിന്നാലെ, ജോജിയെ ഫോണിൽ വിളിച്ച് ചിലർ ഭീഷണിപ്പെടുത്തിയതായി ആക്ഷേപമുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: GUNMAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA