
ഡൊണാൾഡ് ട്രംപ് വീണ്ടും അധികാരത്തിൽ വരുന്നതോടെ അമേരിക്കയിൽ എച്ച് 1 ബി തൊഴിൽ വിസയിൽ 2025-ൽ വരാനിരിക്കുന്ന മാറ്റങ്ങൾ 60 ശതമാനത്തോളവും ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ഗുണകരമാകും. യു.എസ് ഇമിഗ്രേഷൻ അടുത്തയിടെയാണ് ചില പരിഷ്‌കാരങ്ങൾ എച്ച് 1 ബി തൊഴിൽ വിസ അനുവദിക്കുന്നതിൽ വരുത്താൻ തീരുമാനിച്ചത്. വിസ ദുരുപയോഗം തടയുന്നതോടൊപ്പം സംരംഭകത്വം, സ്റ്റാർട്ടപ്പുകൾ എന്നിവയിൽ പ്രവർത്തിക്കുന്നവർക്ക് പുതുക്കിയ നടപടിക്രമങ്ങൾ ഏറെ പ്രയോജനപ്പെടും.
ഇനി മുതൽ അമേരിക്കൻ തൊഴിൽ വിസയ്ക്കായി ഒരേ സമയം ഒന്നിലേറെ അപേക്ഷ നൽകുന്ന പ്രവണത ഉപേക്ഷിക്കേണ്ടിവരും. ഒരാൾക്ക് ഒരു സമയം ഒരു അപേക്ഷ മാത്രമേ നല്കാൻ സാധിക്കൂ. തൊഴിൽ വിസ അനുവദിക്കുമ്പോൾ ഉദ്യോഗാർത്ഥിയുടെ തൊഴിലിനിണങ്ങിയ യോഗ്യത നിർബന്ധമായും പരിഗണിക്കും. ഉദാഹരണമായി ബിരുദം മാത്രം ഉള്ളവരെ മാനേജീരിയൽ തൊഴിലുകൾക്കു പരിഗണിക്കാൻ സാധിക്കുകയില്ല. അവർക്ക് എം.ബി.എ നിർബന്ധമായും വേണ്ടിവരും.
വിസ ദുരുപയോഗം തടയും
...................
എച്ച് 1 ബി വിസ അനുവദിക്കുന്നതിലെ ദുരുപയോഗം തടയാൻ ചില നിർദ്ദേശങ്ങളുണ്ട്. അമേരിക്കയിലെ പഠനശേഷം എച്ച് 1 ബി തൊഴിൽ വിസ ലഭിക്കുമെങ്കിൽ അതിനുള്ള നടപടിക്രമം അമേരിക്കയിൽ നിന്ന് പൂർത്തിയാക്കാം. ഇന്ത്യയിലേക്ക് തിരിച്ചു വരേണ്ട ആവശ്യമില്ല. വിസ കാലാവധി കഴിഞ്ഞാൽ പുതുക്കാനുള്ള അവസരം അവിടെനിന്ന് ലഭിക്കും. ഇന്ത്യയിൽ നിന്നുള്ള ആറു ലക്ഷത്തിലധികം പേർ എച്ച് 1 ബി തൊഴിൽ വിസയിൽ അമേരിക്കയിലുള്ളതിനാൽ പുതുക്കിയ തീരുമാനം അവർക്ക് ഏറെ പ്രയോജനപ്പെടും.
അമേരിക്കയിൽ പഠിക്കുന്ന വിദേശ വിദ്യാർത്ഥികൾക്ക് സെപ്റ്റംബർ ഒന്ന്- ഏപ്രിൽ ഒന്നിനുള്ളിൽ അവരുടെ എഫ് 1 വിസ, എച്ച് 1 ബി തൊഴിൽ വിസയിലേക്ക് എളുപ്പത്തിൽ മാറ്റാനാവും. പഠനം പൂർത്തിയാക്കിയവർക്ക് സ്‌കിൽ വികസന, ഓപ്ഷണൽ പരിശീലനത്തിന് (OPT)(Optional Practical Training) ഒരുവർഷത്തെ വിസ ലഭിക്കും. സയൻസ്, ടെക്‌നോളജി, എൻജിനിയറിംഗ്, മാത്തമാറ്റിക്‌സ് വിദ്യാർത്ഥികൾക്ക് രണ്ടു വർഷം വരെ തുടരാം. തുടർന്ന് എച്ച് 1 ബി തൊഴിൽ വിസയിലേക്ക് മാറാം. OPT പൂർത്തിയാക്കുന്നവർക്ക് സാധാരണയായി തൊഴിൽ വിസയിൽ മുൻഗണന ലഭിക്കാറുണ്ട്. പക്ഷേ വിസ നടപടിക്രമങ്ങൾ പ്രസ്തുത വർഷത്തിൽ ഒക്ടോബർ ഒന്നിനുള്ളിൽ പൂർത്തിയാക്കിയിരിക്കണം.
പൊതുവേ അമേരിക്കയിൽ ഉപരിപഠനത്തിനും തൊഴിലിനുമെത്തുന്നവരിൽ യോഗ്യതയുള്ളവരെ മാത്രമേ സ്‌പെഷ്യലിസ്റ്റ് തൊഴിലുകളിൽ ഇനി നിയമിക്കാൻ സാധിക്കുകയുള്ളൂ. പൊതുജനങ്ങൾക്ക് പുതിയ പരിഷ്‌കാരത്തെക്കുറിച്ച് അഭിപ്രായം സമർപ്പിക്കുന്നതിനായി രണ്ടു മാസത്തെ സമയം അനുവദിച്ചിട്ടുണ്ട്. അടുത്ത സാമ്പത്തിക വർഷം മുതൽ പുതുക്കിയ വിസ നിയമം പ്രാബല്യത്തിൽ വരും. കുടിയേറ്റക്കാരുടെ കാര്യത്തിൽ ട്രംപിന്റെ തീരുമാനം നിർണ്ണായകമാണ്.
ഓർമിക്കാൻ ...
എൻ.എൽ.യു പ്രവേശനം:- 2025-26 അദ്ധ്യയന വർഷത്തെ ബി.എ എൽ എൽ.ബി (ഓണേഴ്സ്), എൽ എൽ.എം, പി എച്ച്.ഡി പ്രോഗ്രാം പ്രവേശനത്തിന് ഡൽഹി നാഷണൽ ലാ യൂണിവേഴ്സിറ്റിയിൽ ഇന്നു കൂടി അപേക്ഷിക്കാം. വെബ്സൈറ്റ്: nationallawuniversitydelhi.in.
പി.ജി ഹോമിയോ സ്ട്രേ വേക്കൻസി:- 2024-ലെ പി.ജി ഹോമിയോ കോഴ്സിലേക്കുള്ള സ്ട്രേ വേക്കൻസി അലോട്ട്മെന്റിന് 19-ന് വൈകിട്ട് നാലു വരെ പേര് രജിസ്റ്റർ ചെയ്യാം. വെബ്സൈറ്റ്: www.cee.kerala.gov.in.
3. പി.ജി ആയുർവേദം സ്ട്രേ വേക്കൻസി പ്രവേശനം:- കേരളത്തിലെ സർക്കാർ/ എയ്ഡഡ് ആയുർവേദ കോളേജുകളിലേക്കും സ്വാശ്രയ ആയുർവേദ കോളേജുകളിലെ സർക്കാർ സീറ്റുകളിലേക്കുമുള്ള ഡിഗ്രി /ഡിപ്ലോമ കോഴ്സ് പ്രവേശനത്തിനുള്ള ഒന്നാം ഘട്ട സ്ട്രേ വേക്കൻസി അലോട്ട്മെന്റ് ലിസ്റ്റിൽ ഉൾപ്പെട്ടവർ 19ന് വൈകിട്ട് 4ന് മുൻപ് ബന്ധപ്പെട്ട കോളേജിൽ പ്രവേശനം നേടണം. വെബ്സൈറ്റ്: www.cee.kerala.gov.in.
ആർ.സി.സിയിൽ കരാർ നിയമനം
റീജിയണൽ കാൻസർ സെന്ററിൽ കരാറടിസ്ഥാനത്തിൽ ഫിസിഷ്യൻ / ഇന്റൻസിവിസ്റ്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. 27നകം അപേക്ഷിക്കണം. വിശദവിവരങ്ങൾക്ക് : www.rcctvm.gov.in.
അപേക്ഷ തീയതി നീട്ടി
കൊച്ചിയിലെ മേക്കർ വില്ലേജിൽ
സി.ഇ.ഒ, പ്രോഗ്രാം മാനേജർ, പ്രോഗ്രാം അസോസിയേറ്റ്, ഇൻവെസ്റ്റ്മെന്റ് മാനേജർ, ബിസിനസ് ഡെവലപ്മെന്റ് മാനേജർ തസ്തികകളിലേക്ക് അപേക്ഷ സമർപ്പിക്കുന്നതിനുള്ള തീയതി 25ന് വൈകിട്ട് 4 വരെ ദീർഘിപ്പിച്ചു. www.iiitmk.ac.in/careersൽ അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് IIITM-Kയുമായി ബന്ധപ്പെടണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |