SignIn
Kerala Kaumudi Online
Friday, 23 October 2026 8.19 AM IST

വിവാഹിതയെങ്കിൽ വിവാഹ വാഗ്ദാനവും പീഡനവും നിലനിൽക്കില്ല:ഹൈക്കോടതി

highcourt-of-kerala

കൊച്ചി: വിവാഹിതയായ സ്ത്രീയെ മറ്റൊരാൾ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന കുറ്റം നിലനിൽക്കില്ലെന്ന് ഹൈക്കോടതി. വിവാഹബന്ധം വേർപെടുത്താതെ നിയമപരമായ മറ്റൊരു വിവാഹം സാദ്ധ്യമല്ലെന്നിരിക്കേ, ലൈംഗികബന്ധം പരസ്പര സമ്മതത്തോടെയാണെന്നുവേണം പ്രഥമദൃഷ്ട്യാ കരുതാനാനെന്നും കോടതി വിലയിരുത്തി. പാലക്കാട് സ്വദേശിയായ പൊലീസ് ഉദ്യോഗസ്ഥനെതിരായ പീഡനക്കേസ് റദ്ദാക്കിയ ഉത്തരവിലാണ് ജസ്റ്റിസ് എ. ബദറുദ്ദീന്റെ നിരീക്ഷണം. പരാതിക്കാരി വിവാഹിതയും രണ്ടുമക്കളുടെ അമ്മയുമാണെന്ന കാര്യം പ്രോസിക്യൂഷനും ശരിവച്ചതോടെയാണ് ഹർജിക്കാരൻ കുറ്റവിമുക്തനായത്.

വിവാഹവാഗ്ദാനം നൽകി തൃശൂരിലും ഗുരുവായൂരും കൊണ്ടുപോയി പലതവണ പീഡിപ്പിച്ചശേഷം വഞ്ചിച്ചുവെന്നായിരുന്നു യുവതിയുടെ പരാതി. അന്യായമായി തടങ്കലിൽവച്ചെന്നും 9.3ലക്ഷംരൂപ തട്ടിയെടുത്തെന്നും ആരോപണമുണ്ടായിരുന്നു. തൃശൂർ ടൗൺ പൊലീസ് കേസെടുത്ത് ഫാസ്റ്റ്ട്രാക്ക് പ്രത്യേക കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. തുടർന്നാണ് ഹർജിക്കാരൻ ഹൈക്കോടതിയെ സമീപിച്ചത്.

യുവതിക്ക് ഭർത്താവും മക്കളുമുണ്ടെന്നത് മറച്ചുവച്ചാണ് താനുമായി അടുത്തതെന്ന് ഹർജിക്കാരൻ ചൂണ്ടിക്കാട്ടി. സത്യം വെളിപ്പെട്ടപ്പോഴാണ് വിവാഹത്തിൽനിന്ന് പിന്മാറിയത്. യുവതി ആൾമാറാട്ടം നടത്തി പലരിൽനിന്നും പണംതട്ടിയതിന് കേസുകളുണ്ടെന്നും അറിയിച്ചു.

വിവാഹിതയാണെന്നും കുട്ടികളുണ്ടെന്നും ദാമ്പത്യബന്ധം തുടരുകയാണെന്നും യുവതി മൊഴിനൽകിയിട്ടുണ്ടെന്ന് പ്രോസിക്യൂഷനും അറിയിച്ചു. വിവാഹമോചനം നേടാത്ത ഈ സാഹചര്യത്തിൽ മറ്റൊരു വിവാഹവാഗ്ദാനം സ്വീകരിക്കുക അസാദ്ധ്യമാണെന്ന് വ്യക്തമാക്കിയാണ് ഹർജിക്കാരനെതിരായ കേസ് കോടതി റദ്ദാക്കിയത്. ലൈംഗികബന്ധം പരസ്പര സമ്മതത്തോടെയാണെന്നേ കരുതാനാകൂ. മാനഭംഗവും അന്യായ തടങ്കൽകുറ്റവും നിലനിൽക്കില്ലെന്ന് കോടതി പറഞ്ഞു. പീഡനപരാതി നൽകിയത് മാസങ്ങൾക്ക് ശേഷമാണെന്നതും കണക്കിലെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: HC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA