SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.03 AM IST

മയക്കുമരുന്ന്  ചെറിയ അളവിനും കാപ്പ  ചുമത്താം: ഹൈക്കോടതി, വേർതിരിവ്  വേണ്ടെന്ന്  അഞ്ചംഗ വിശാലബെഞ്ച്

a

കൊച്ചി: ചെറിയ അളവിൽ മയക്കുമരുന്ന് കൈവശം വയ്‌ക്കുന്നവരെയും കാപ്പ നിയമപ്രകാരം കരുതൽ തടങ്കലിലാക്കാമെന്ന് ഹൈക്കോടതിയുടെ അഞ്ചംഗ വിശാല ബെഞ്ച് ഉത്തരവിട്ടു. ഇത്തരക്കാരെ ഗുണ്ടയായോ സ്ഥിരം മയക്കുമരുന്ന് കുറ്റവാളിയായോ പരിഗണിച്ച് കാപ്പ തടവിലാക്കാനാകില്ലെന്ന മൂന്നംഗ ബെഞ്ചിന്റെ മുൻ ഉത്തരവ് തെറ്റാണെന്ന് വിലയിരുത്തിയാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ജസ്റ്റിസ് പി. ഗോപിനാഥ്, ജസ്റ്റിസ് എ. ബദറുദ്ദീൻ, ജസ്റ്റിസ് എം.ബി. സ്‌നേഹലത, ജസ്റ്റിസ് ജോബിൻ സെബാസ്റ്റ്യൻ എന്നിവരുൾപ്പെട്ട ബെഞ്ചിന്റെ വിധി.
വാണിജ്യലക്ഷ്യത്തോടെ മയക്കുമരുന്ന് കൈകാര്യം ചെയ്യുന്ന കേസിലേ, പ്രതികളെ 'ഡ്രഗ് ഒഫൻഡറാ"യി കണക്കാക്കാനാകൂ എന്നാണ് 2024ൽ 'സുഹാന" കേസിൽ മൂന്നംഗ ബെഞ്ച് പറഞ്ഞത്.

എന്നാൽ, മയക്കുമരുന്ന് ഉപയോഗം സമൂഹത്തിനെതിരായ കുറ്റകൃത്യമാണെന്ന് വിശാലബെഞ്ച് പറഞ്ഞു. അതിന് അടിമയായവരെയും നേരംപോക്കിന് ഉപയോഗിക്കുന്നവരെയും വ്യത്യസ്തമായി കാണണമെന്ന വാദം അംഗീകരിക്കാനാകില്ല. മയക്കുമരുന്ന് ശൃംഖലയെ തകർക്കാനുള്ള ശക്തമായ നടപടികളാണ് ജനാധിപത്യ സമൂഹം നിരന്തരം സ്വീകരിക്കേണ്ടത്.
ചെറിയ അളവിൽ മയക്കുമരുന്ന് ഉപയോഗിക്കുന്നതിൽ ഉദാര സമീപനം സ്വീകരിച്ചാൽ ലഹരിനിർമ്മാർജനം ഒരിക്കലും സാദ്ധ്യമാകില്ല. അതേസമയം, ആദ്യമായി മയക്കുമരുന്നുമായി പിടിയിലാകുന്നവരെ മതിയായ ചികിത്സ ഉറപ്പാക്കി പുനരധിവസിപ്പിക്കുന്നത് പരിഗണിക്കണമെന്നും കോടതി പറഞ്ഞു.

ജീവിതം നശിപ്പിക്കുന്ന ദുരന്തം

ചെറിയ അളവിലുള്ള മയക്കുമരുന്ന് ഉപയോഗം പോലും വലിയ ദുരന്തങ്ങൾക്കാണ് കാരണമാകുന്നതെന്ന് വിശാലബെഞ്ച് പറഞ്ഞു. കുടുംബ ബന്ധങ്ങളെ തകർക്കും. സമൂഹത്തിലും അപകടകരമായ പ്രത്യാഘാതങ്ങളുണ്ടാക്കും. ക്രമസമാധാന നില തകരുകയും കുറ്റകൃത്യങ്ങൾ വർദ്ധിക്കുകയും ചെയ്യും. മരണത്തിലേക്കു പോലും നയിക്കുന്ന ദുരന്തമായി മയക്കുമരുന്ന് ഉപയോഗം മാറും. കാപ്പ നിയമപ്രകാരം പരമാവധി ഒരു വർഷം വരെയാണ് തടവ്. ഇത് കുറഞ്ഞ ശിക്ഷയാണെന്നും കോടതി പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: HC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA