
കൊച്ചി: കെ.എസ്.ആർ.ടി.സി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർ വ്യക്തികൾക്കും സൗജന്യ യാത്ര അനുവദിക്കുന്ന സർക്കാരിന്റെ 'പ്രിയദർശിനി സ്കീം" ഹൈക്കോടതി ശരിവച്ചു. ഇതിനെതിരെ കൊച്ചി സ്വദേശി മുഹമ്മദ് ഫിർദൗസ് സമർപ്പിച്ച പൊതുതാത്പര്യഹർജി ചീഫ് ജസ്റ്റിസ് സൗമെൻ സെൻ, ജസ്റ്റിസ് വി.എം. ശ്യാം കുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ച് തള്ളി.
ഭരണഘടനയുടെ 15(3) അനുച്ഛേദപ്രകാരം സ്ത്രീകൾക്ക് പ്രത്യേക ആനുകൂല്യങ്ങൾ നൽകാൻ സർക്കാരിന് അധികാരമുണ്ടെന്ന് കോടതി വ്യക്തമാക്കി. സ്ത്രീകളുടെ സാമ്പത്തികവും സാമൂഹികവുമായ ശാക്തീകരണം, തൊഴിലവസരങ്ങൾ വർദ്ധിപ്പിക്കൽ, സഞ്ചാര സാഹചര്യമൊരുക്കൽ തുടങ്ങിയ ലക്ഷ്യങ്ങൾ യാത്രാസൗജന്യത്തിനു പിന്നിലുണ്ട്. ഭരണഘടനാപരമായ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതാണ് തീരുമാനം. ഒരു ക്ഷേമരാഷ്ട്രത്തിൽ സ്ത്രീകളുടെ ഉന്നമനത്തിനായുള്ള ഇത്തരം നടപടികൾ അനിവാര്യമാണെന്നും കോടതി ചൂണ്ടിക്കാട്ടി.
തിരഞ്ഞെടുപ്പ് പ്രകടനപത്രികയിലെ വാഗ്ദാനങ്ങൾ നടപ്പാക്കുന്നതിൽ അഴിമതിയോ നിയമവിരുദ്ധതയോ കാണാനാവില്ലെന്ന് സുപ്രീം കോടതി ഉത്തരവുകൾ ഉദ്ധരിച്ച് ഹൈക്കോടതി വ്യക്തമാക്കി. സർക്കാരിന്റെ നയപരമായ തീരുമാനങ്ങളിലും സാമ്പത്തിക വിനിയോഗത്തിലും ഇടപെടാൻ കോടതിക്ക് പരിമിതികളുണ്ട്. പ്രിയദർശിനി പദ്ധതിയുടെ സാമ്പത്തിക ബാദ്ധ്യത സർക്കാർ വഹിക്കുമെന്നും കെ.എസ്.ആർ.ടി.സിയുടെ ദൈനംദിന പ്രവർത്തനങ്ങളെ അത് ബാധിക്കില്ലെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. കൃത്യമായ പഠനങ്ങളില്ലാതെയാണ് പദ്ധതി നടപ്പിലാക്കിയതെന്ന ഹർജിക്കാരന്റെ വാദം കോടതി തള്ളി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |