SignIn
Kerala Kaumudi Online
Monday, 21 September 2026 3.42 AM IST

കൊടിനോക്കാതെ നോക്കുകൂലി തുടച്ചുനീക്കണം: ഹൈക്കോടതി

vssc

കൊച്ചി: നോക്കുകൂലിയെന്ന വാക്ക് ഇനി കേരളത്തിൽ കേൾക്കരുതെന്നും ഇതിനായി കൊടിയുടെ നിറം നോക്കാതെ നടപടി വേണമെന്നും ഹൈക്കോടതി വ്യക്തമാക്കി. ടൂറിസത്തിനു മാത്രമല്ല നിക്ഷേപത്തിനും അനുയോജ്യമായ സംസ്ഥാനമായി കേരളം മാറണം. തൊഴിലാളി യൂണിയനുകൾ നോക്കുകൂലി ആവശ്യപ്പെട്ട് ഹോട്ടൽ നിർമ്മാണം തടസപ്പെടുത്തുന്നതായി കാണിച്ച് കൊല്ലം അഞ്ചൽ സ്വദേശി ടി.കെ. സുന്ദരേശൻ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ വാക്കാലുള്ള പരാമർശം.

കേരളപ്പിറവി ദിനമായ നവംബർ ഒന്നിന് ഹർജി വീണ്ടും പരിഗണിക്കും. അന്നുമുതൽ കേരളത്തിനു പുതിയൊരു പ്രതിച്ഛായ ഉണ്ടാവുമെന്ന പ്രത്യാശയും കോടതി പ്രകടിപ്പിച്ചു. കേരളത്തെ നിക്ഷേപ സൗഹൃദ സംസ്ഥാനമാക്കാനാണ് സർക്കാർ ഉൾപ്പെടെ ശ്രമിക്കുന്നതെന്ന് യൂണിയനുകൾ മനസിലാക്കണം. നിക്ഷേപങ്ങൾ വരുമ്പോൾ തൊഴിലവസരങ്ങൾ കൂടുമെന്ന് തിരിച്ചറിയണം. തിരുവനന്തപുരം വി.എസ്.എസ്.സിയിലേക്ക് വന്ന വാഹനം തടഞ്ഞ സംഭവം രാജ്യത്താകെ കേരളത്തിന്റെ പേരു മോശമാക്കിയെന്നും സിംഗിൾ ബെഞ്ച് ചൂണ്ടിക്കാട്ടി. കയറ്റിറക്ക് ജോലികൾക്ക് നിലവിലെ പൂളിലുള്ള തൊഴിലാളികളെ നിയോഗിക്കണമെന്ന് ഹർജിക്കാരനോടു നിർദ്ദേശിക്കുകയും ചെയ്തു.

 സർക്കാർ അറിയിച്ചത്

നോക്കുകൂലി പ്രശ്നമുണ്ടായാൽ പരാതിപ്പെടാൻ ടോൾഫ്രീ നമ്പർ ഏർപ്പെടുത്തിയിട്ടുണ്ട്. പരാതി ലഭിച്ചാൽ ലേബർ ഓഫീസർമാർ ഉടൻ നടപടിയെടുക്കും. പ്രശ്നക്കാരായ തൊഴിലാളികളുടെ തൊഴിൽ കാർഡ് റദ്ദാക്കും. ഇത്തരം സംഭവങ്ങളിൽ കേസെടുക്കാൻ പൊലീസിന് നിർദ്ദേശം നൽകിയിട്ടുണ്ട്.

 ഹൈക്കോടതി പറഞ്ഞത്

വ്യവസായികളെ ഭീഷണിപ്പെടുത്തുന്ന സാഹചര്യം ഉണ്ടാവരുത്. അക്രമമല്ല പ്രശ്നങ്ങൾക്കുള്ള പരിഹാരം. ആക്രമണ സ്വഭാവമുള്ള തൊഴിലാളി യൂണിയനുകളാണ് കേരളത്തിലുള്ളതെന്ന ചീത്തപ്പേര് മാറ്റിയെടുക്കാൻ ഒന്നും ചെയ്യുന്നില്ല. ഹെഡ്ലോഡ് വർക്കേഴ്സ് ആക്ട് നടപ്പാക്കിയാൽ ഇതു മാറും. സ്വന്തം ജനങ്ങൾക്കു നേരെയല്ല വിപ്ളവം നയിക്കേണ്ടത്. തൊഴിൽ നിഷേധിക്കപ്പെട്ടാൽ തൊഴിലാളികൾ ക്ഷേമ ബോർഡിനെ സമീപിക്കണം. ബോർഡ് പരിഹാരം കാണണം. അവകാശങ്ങൾ നേടിയെടുക്കാൻ യൂണിയനുകൾ അനിവാര്യമാണ്. എന്നാൽ അക്രമസ്വഭാവമുള്ള യൂണിയനുകൾ വേണ്ട. നിയമത്തിൽ വിശ്വസിക്കുകയും അതു പാലിക്കുകയും വേണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: HEAD LOADING ISSUE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA