
കൊച്ചി: സംസ്ഥാനത്ത് ലഹരി മരുന്ന് മാഫിയയുടെ വിഷപ്പല്ലുകൾ കുട്ടികളിലേക്ക് നീളുകയാണെന്നും യാഥാർത്ഥ്യത്തോട് കണ്ണടയ്‌ക്കാനാകില്ലെന്നും ഹൈക്കോടതി. ജാമ്യ കാലയളവിൽ കുറ്റം ആവർത്തിച്ച ലഹരിക്കേസ് പ്രതി മലപ്പുറം ചിറ്റത്തുപാറ സ്വദേശി മുഹമ്മദ് ഷിബിലിന്റെ ജാമ്യം റദ്ദാക്കിയാണ് ജസ്റ്റിസ് വി.ജി. അരുണിന്റെ നിരീക്ഷണം.
2024ൽ കേരളത്തിൽ മയക്കുമരുന്ന് കേസുകളിൽ 24,517 അറസ്റ്റുണ്ടായി. സാമൂഹിക പ്രത്യാഘാതങ്ങൾ നിയമസഭ നിറുത്തിവച്ച് ചർച്ച ചെയ്യേണ്ടിവന്നു. ഒരാൾ സ്വാതന്ത്ര്യം അനുഭവിക്കുന്നത് സമൂഹത്തിന്റെ താത്പര്യം ഹനിച്ചുകൊണ്ടാകരുത്. ജാമ്യവ്യവസ്ഥ ലംഘിച്ച പ്രതിയെ ചുറ്രിത്തിരിയാൻ അനുവദിച്ചാൽ സമൂഹത്തിന് ഭീഷണിയാകും. ലഭിച്ച ഇളവുകളുടെ ദുരുപയോഗമാണുണ്ടായതെന്നും പ്രതിയുടെ ഹർജി തള്ളിക്കൊണ്ട് കോടതി പറഞ്ഞു.
ഹർജിക്കാരനെ 2022ൽ 7.22 ഗ്രാം എം.ഡി.എം.എയുമായി പാണ്ടിക്കാട് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കേസിൽ ഹൈക്കോടതി 2023ൽ ജാമ്യം അനുവദിച്ചു. ജാമ്യത്തിലിറങ്ങിയ പ്രതി പെരിന്തൽമണ്ണയിൽ സമാനമായ കുറ്റത്തിനാണ് വീണ്ടും പിടിയിലായത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |