SignIn
Kerala Kaumudi Online
Wednesday, 29 July 2026 11.03 AM IST

സുരക്ഷയാണ് പ്രധാനം; തൃശൂർ പൂരത്തിന് ആനയും ആൾക്കൂട്ടവും തമ്മിലുള്ള ദൂരം ആറ് മീറ്ററായിരിക്കണമെന്ന് ഹൈക്കോടതി

READ ENGLISH VERSION
trissur-pooram

കൊച്ചി: തൃശൂർ പൂരത്തിന് എഴുന്നള്ളിക്കുന്ന ആനകളും ആൾക്കൂട്ടവും തമ്മിൽ ആറ് മീറ്റർ ദൂരമുണ്ടായിരിക്കണമെന്ന നിർദേശവുമായി ഹൈക്കോടതി. ഇതിനിടയിൽ തീവെട്ടി, ചെണ്ടമേളം ഉൾപ്പെടെ ഒന്നും പാടില്ലെന്നും ഇക്കാര്യങ്ങൾ കർശനമായി പാലിച്ചിരിക്കണണെന്നും ജസ്റ്റിസുമാരായ ജയശങ്കർ നമ്പ്യാർ, പി ഗോപിനാഥ് എന്നിവരുടെ അവധിക്കാല ബെഞ്ച് ഉത്തരവിട്ടു.

ജനങ്ങളുടെ സുരക്ഷയാണ് മറ്റെന്തിനേക്കാളും പ്രധാനമായി കണക്കാക്കേണ്ടതെന്നും അതിൽ വിട്ടുവീഴ്‌ച ചെയ്യാൻ പറ്റില്ലെന്നും കോടതി വ്യക്തമാക്കി. കേരളത്തിൽ കഠിനമായ ചൂടാണ്. ഈ സാഹചര്യത്തിലാണ് അകലം ആവശ്യമെന്ന് നിർദേശിക്കുന്നതെന്നും കോടതി പറഞ്ഞു. നേരത്തേ 50 മീറ്റർ ദൂരപരിധി ഉണ്ടായിരിക്കണമെന്ന ഉത്തരവ് വനംവകുപ്പ് പിൻവലിച്ചിരുന്നു.

ഇന്ന് കേസ് പരിഗണിച്ചപ്പോൾ അഞ്ച് മുതൽ ആറ് മീറ്ററാണ് തങ്ങൾ നിർദേശിക്കുന്നതെന്ന് തിരുവമ്പാടി ദേവസ്വം അറിയിച്ചു. തുടർന്ന് ഇത് കോടതി അനുവദിച്ചു. പ്രധാന ആനയുടെ മുമ്പിലായി കുത്തുവിളക്ക് എഴുന്നള്ളിക്കുന്ന ആചാരം അനുവദിക്കുന്നുവെന്നും കോടതി വ്യക്തമാക്കി. എന്നാൽ, തീവെട്ടിയും ചെണ്ടമേളവും ഉൾപ്പെടെയുള്ളവ ഈ ദൂരത്ത് ഉണ്ടാവരുതെന്നും കോടതി നിർദേശിച്ചു.

ഈ മാസം 19നാണ് തൃശൂർ പൂരം. ഇതിന്റെ ഭാഗമായി 18ന് ആനകളുടെ ഫിറ്റ്‌നസ് പരിശോധനകൾ നടത്തും. 100 ആനകളെയാണ് പൂരത്തിന് എഴുന്നള്ളിക്കുന്നത്. ജില്ലാ കളക്‌ടർ അദ്ധ്യക്ഷനായ സമിതിയാണ് ഫിറ്റ്‌നസ് പരിശോധനയ്‌ക്ക് നേതൃത്വം നൽകുക. എന്നാൽ, ആനകൾ ഫിറ്റാണെന്ന് ഉറപ്പാക്കേണ്ടത് വനംവകുപ്പിന്റെ ചീഫ് വൈൽഡ്‌ലൈഫ് വാർഡന്റെ ഉത്തരവാദിത്തമായിരിക്കുമെന്ന് കോടതി നിർദേശിച്ചു.

ആനകൾക്ക് ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് ഉണ്ടായിട്ടും അനിഷ്‌ട സംഭവങ്ങൾ ഉണ്ടാകുന്നുവെന്ന് കോടതി ചൂണ്ടിക്കാട്ടി. അതുകൊണ്ട് തന്നെ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റിൽ വിട്ടുവീഴ്‌ച ഉണ്ടാവില്ലെന്ന് ചീഫ് വൈൽഡ്‌ ലൈഫ് വാർഡൻ ഉറപ്പാക്കണം. ആനകളുടെ ഫിറ്റ്‌നസ് പരിശോധന നടത്തുമ്പോൾ പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങളുടെ പ്രസിഡന്റുമാർ അവിടെ ഉണ്ടായിരിക്കണമെന്നും പരിശോധനയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഇടപെടരുതെന്നും കോടതി നിർദേശിച്ചു. എന്നാൽ, തങ്ങൾക്ക് ധാരണയുള്ള കാര്യങ്ങൾ അവർക്ക് സമിതിയെ അറിയിക്കാം.

വനംവകുപ്പിന്റെ നേതൃത്വത്തിലുള്ള സ്‌ക്വാഡ് പൂരസ്ഥലത്ത് ഉണ്ടായിരിക്കണം. വിവിധ വിഭാഗങ്ങളിൽ നിന്നുള്ളവരടങ്ങുന്ന 100 പേരുടെ സ്ക്വാഡ് ആയിരിക്കും ഇത്. ആരെയൊക്കെ സ്ക്വാഡിൽ ഉൾപ്പെടുത്തണമെന്നത് വനംവകുപ്പിന് തീരുമാനിക്കാമെന്നും കോടതി വ്യക്തമാക്കി. ഫിറ്റ്നസ് പരിശോധന നടക്കുന്നിടത്ത് സന്ദേശ് രാജ, സുരേഷ് മേനോൻ എന്നീ അഭിഭാഷകർ കോടതിയുടെ പ്രതിനിധികളായി പങ്കെടുക്കും. ഇവർ പരിശോധന റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: TRISSUR POORA, POORAM, TRISSUR POORAM, HIGHCOURT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA