
കൊച്ചി: ഭരണപരമായ സൗകര്യത്തിന് വേണ്ടി ക്ഷേമവകുപ്പുകൾ വിഭജിക്കും തോറും തദ്ദേശ സ്ഥാപന തലത്തിലെ ഐ.സി.ഡി.എസ് സൂപ്പർവൈസർമാരുടെ ജോലിഭാരം കൂടുന്നതായി പരാതി. സാമൂഹിക ക്ഷേമ വകുപ്പ് വിഭജിച്ചപ്പോൾ ചുമതലകൾ ഇരട്ടിയായി,പുതിയ വയോജന വകുപ്പുകൂടി വരുന്നതോടെ കൂടുതൽ ചുമതലകൾ നിർവഹിക്കേണ്ടി വരുമെന്ന ആശങ്കയിലാണ് വനിതാ ജീവനക്കാർ മാത്രമുള്ള ഈ വിഭാഗം. അതിനാൽ വയോജന വകുപ്പിന്റെ പദ്ധതിയ്ക്കായി താഴേത്തട്ടിൽ സൗകര്യമൊരുക്കണമെന്നാണ് ആവശ്യം.
ശിശുക്ഷേമം ലക്ഷ്യമിട്ടുള്ള കേന്ദ്ര പദ്ധതിയാണ് ഇന്റഗ്രേറ്റഡ് ചൈൽഡ് ഡെവലപ്പ്മെന്റ് സർവീസസ്. കേന്ദ്ര,സംസ്ഥാന ധനസഹായത്തോടെ നടപ്പാക്കുന്ന പദ്ധതിയുടെ ഏകോപനത്തിന് തദ്ദേശ സ്ഥാപനാടിസ്ഥാനത്തിൽ ഒരോ സൂപ്പർവൈസരെയാണ് നിയോഗിച്ചിട്ടുള്ളത്. കുഞ്ഞുങ്ങൾ, കൗമാരക്കാർ,ഗർഭിണികൾ,പാലൂട്ടുന്ന അമ്മമാർ എന്നിവർക്ക് പോഷകാഹാരവും ആനുകൂല്യങ്ങളും ആരോഗ്യ സംരക്ഷണവും ഉറപ്പാക്കുകയാണ് സൂപ്പർവൈസറുടെ ചുമതല. പ്രധാനമന്ത്രി മാതൃവന്ദന യോജ്നയിൽ പ്രസവാനുകൂല്യത്തിന് അർഹരായവരുടെ രജിസ്ട്രേഷൻ,അങ്കണവാടികളിലും പ്രീസ്കൂളുകളിലും ഭക്ഷണവും അടുക്കള ഉപകരണങ്ങളും പാചകവാതകവും തുടങ്ങിയ നടപടികൾ,കെട്ടിടങ്ങളുടെ സുരക്ഷ,അതിക്രമങ്ങൾ തടയുക തുടങ്ങിയവയുടെ മേൽനോട്ടവും ഉണ്ട്. 2018ൽ സാമൂഹിക ക്ഷേമ വകുപ്പ് വിഭജിച്ച് വനിതാ ശിശുക്ഷേമം,സാമൂഹിക നീതി എന്നീ വകുപ്പുകളായപ്പോൾ ഉന്നതതലത്തിൽ ജോലിഭാരം കുറഞ്ഞെങ്കിലും സൂപ്പർവൈസർമാർക്ക് ചുമതലയേറി. വയോജനങ്ങൾ,ഭിന്നശേഷിക്കാർ,ട്രാൻസ്ജെൻഡറുകൾ എന്നിവർക്കായുള്ള ക്ഷേമപ്രവർത്തനങ്ങളിലും കൂടുതൽ ശ്രദ്ധപുലർത്തണം. ഈ സ്ഥിതി തുടരുമ്പോഴാണ് പുതിയ വകുപ്പുവിഭജനം.
ഫണ്ട് ചുമതല, ഡാറ്റാ എൻട്രി;
സഹായിക്കാൻ ആളില്ല
ഐ.സി.ഡി.എസ് സൂപ്പർവൈസർമാർക്ക് വർഷം ശരാശരി 50 ലക്ഷത്തിന്റെ ഫണ്ട് കൈകാര്യം ചെയ്യണം. അതിനനുസരിച്ച് ഡാറ്റാ എൻട്രിയുമുണ്ട്. എന്നാൽ ഓഫീസ് സംവിധാനമോ ക്ലാർക്ക്,അനുബന്ധ ജീവനക്കാരുടെ സേവനമോ ലഭ്യമല്ല. പഞ്ചായത്തുകൾ ഏർപ്പെടുത്തിയ സൗകര്യങ്ങളാണ് ആശ്രയം. ഇതിനിടയിലാണ് വയോജന വകുപ്പിന്റെ പദ്ധതി നിർവഹണ ചുമതലയും. പുതിയ വകുപ്പിൽ നിന്ന് നിർദ്ദേശങ്ങളൊന്നും നൽകി തുടങ്ങിയിട്ടില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |