
കൊച്ചി: മാജിക്, ഇല്യൂഷൻ, മെന്റലിസം... ഗൾഫ് രാജ്യങ്ങളിൽ ഉൾപ്പെടെ നാലുപതിറ്റാണ്ടിനിടെ പതിനായിരത്തോളം വേദികൾ. കാണികളെ ത്രസിപ്പിച്ച പ്രശസ്ത ഇല്യൂഷനിസ്റ്റ് പ്രഭാക് മല്ലിക നീണ്ട ഇടവേളയ്ക്കുശേഷം മെഗാ ഇല്യൂഷൻ പരീക്ഷണവുമായി വീണ്ടും വേദിയിലേക്ക്. കേരളത്തിലെ അപൂർവം ഇല്യൂഷനിസ്റ്റുകളിലൊരാളാണ് പെരുമ്പാവൂർ കോടനാട് സ്വദേശി പ്രഭാക് മല്ലിക എന്ന ഷിബു പ്രഭാകർ. പ്രകടനത്തിനുള്ള സാമഗ്രികളുടെ നിർമ്മാണം അങ്കമാലിയിലെ വർക്ക്ഷോപ്പിൽ അവസാനഘട്ടത്തിലാണ്. അരക്കോടിയിലേറെ ചെലവുവരുന്ന പരിപാടി അടുത്തവർഷം കൊച്ചിയിലാണ്. നൂറോളം സഹായികളുമായി 5000ചതുരശ്ര അടിയിലാണ് വേദി ഒരുങ്ങുന്നത്.
ചെറുപ്പംമുതൽ മാജിക്കിനോട് തോന്നിയ കമ്പമാണ് ഷിബുവിനെ ഇല്യൂഷനിലേക്കെത്തിച്ചത്. നാട്ടിലെ മജീഷ്യൻ രാജപ്പനാണ് ആദ്യഗുരു. 13-ാം വയസിൽ കോടനാട് മാർ ഔഗൻ സ്കൂളിലായിരുന്നു ആദ്യപ്രകടനം. 1997ൽ ഇന്ത്യയിൽ ആദ്യമായി പെട്ടിയിൽ വച്ചല്ലാതെ ശരീരം രണ്ടായി മുറിക്കുന്നതായി തോന്നിപ്പിക്കുന്ന അപകടകരമായ ഓപ്പൺ ബോഡി കട്ടിംഗ് അവതരിപ്പിച്ച് ശ്രദ്ധേയനായി. ടേബിളിൽ സ്വയം കിടന്നായിരുന്ന ആദ്യപരീക്ഷണം. 2000ൽ കറങ്ങുന്ന ഇൻഡസ്ട്രിയൽ എക്സോസ്റ്റ് ഫാൻ ബ്ളേഡുകൾക്കിടയിലൂടെ കടന്നുവരുന്ന വിൻഡ് ഷീർ ഇല്യൂഷനും രാജ്യത്ത് ആദ്യമായിരുന്നു. ഇതുൾപ്പെടെ 20ലധികം വിദ്യകൾ ഇന്ത്യയിലേക്കെത്തിച്ചു. നടന്നുവരുന്നയാളെ മുറിച്ച് ഒരു ഭാഗവുമായി വേദിയിൽ നിൽക്കുന്ന 'പെർഫെക്ട് കട്ട്" ഇല്യൂഷൻ ആദ്യമായി തൃശൂരിൽ അവതരിപ്പിച്ച് ശ്രദ്ധയാകർഷിച്ചു.
ഇല്യൂഷൻ
വേദിയിൽ ബസും കാറും ബൈക്കും മനുഷ്യരെയും മൃഗങ്ങളെയും മറ്റും പ്രത്യക്ഷപ്പെടുത്തുകയും അപ്രത്യക്ഷമാക്കുകയും ചെയ്യുക, ശരീരം രണ്ടായി മുറിക്കുക തുടങ്ങി വലിയ ഉപകരണങ്ങൾ ഉപയോഗിച്ചുള്ള പ്രകടനങ്ങൾ.
വേദിയിൽ നിന്ന് അകന്നു
2005ൽ ദുബായിലെത്തിയ ശേഷം ഇല്യൂഷൻ ഗവേഷണങ്ങളിലേക്ക് കടന്നു. മാജിക്കിൽ സജീവമായി. തന്റെ ഇവന്റ് മാനേജ്മെന്റ് കമ്പനിയുടെ തകർച്ചയെത്തുടർന്ന് 2016നുശേഷം വേദികളിൽ നിന്ന് പിൻവലിഞ്ഞു. ഇതിനിടെ ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി ആദ്യബാച്ചിൽ ബി.എ ഫിലോസഫിക്ക് ചേർന്നു. പിതാവ് പ്രഭാകരന്റെയും മാതാവ് മല്ലികയുടെയും പേരുകളാണ് പ്രഭാക് മല്ലികയ്ക്ക് പിന്നിൽ. എറണാകുളത്ത് ചാർട്ടേഡ് അക്കൗണ്ടന്റായ സീജയാണ് ഭാര്യ. എട്ടാം ക്ളാസുകാരി ആരുഷി മകൾ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |