SignIn
Kerala Kaumudi Online
Thursday, 22 October 2026 10.05 PM IST

ഇരമ്പുന്ന ഓർമകളിൽ ഇമ്പിച്ചി ബാവ

old

തിരുവനന്തപുരം: 1952 ജൂലായ് 17ന് രാജ്യസഭയിൽ ധനവിനിയോഗ ബില്ലിന്റെ ചർച്ചയിൽ കേരളത്തിൽ നിന്നുള്ള ഒരംഗം മലയാളത്തിൽ പ്രസംഗിച്ചപ്പോൾ ചിലരൊക്കെ എതിർപ്പുമായി എഴുന്നേറ്റു, അന്നേ വരെ ഹിന്ദിയിലോ ഇംഗ്ളീഷിലോ അല്ലാതെ ആരും പ്രസംഗിച്ചിട്ടില്ല. മലബാറിൽ നിന്നുള്ള ഇ.കെ ഇമ്പിച്ചി ബാവ ആയിരുന്നു അംഗം സഭാദ്ധ്യക്ഷനായിരുന്ന ഡോ.എസ്.രാധാകൃഷ്ണൻ സുപ്രധാന റൂളിംഗ് നൽകി, എല്ലാ അംഗങ്ങൾക്കും അവരവരുടെ പ്രാദേശിക ഭാഷയിൽ പ്രസംഗിക്കാം. അന്ന് തുടങ്ങിയ കീഴ്വഴക്കം ഇപ്പോഴും തുടരുന്നു

ചരിത്രത്തിനൊപ്പം സഞ്ചരിച്ച് , ചില ചരിത്രങ്ങൾ സ്വയം കോറിയിട്ട സാധാരണക്കാരൻ. അദ്ദേഹത്തെക്കുറിച്ചുള്ള ഓർമ്മപ്പെടുത്തലാണ് 'കടൽ പോലൊരാൾ' എന്ന പുസ്തകം. സി.പി. എം സ്ഥാപക നേതാക്കളിലൊരാളായ ഇമ്പിച്ചി ബാവയുടെ ജീവചരിത്രം രചിച്ചത് മകൻ മുഷ്താഖാണ്. .152 പേജുകളുള്ള പുസ്തകം അച്ഛനെക്കുറിച്ചുള്ള മകന്റെ വെറും അനുസ്മരണക്കുറിപ്പല്ല. വായനാസുഖം നൽകുന്ന, അപൂർവ്വ നിമിഷങ്ങളുടെ അടയാളപ്പെടുത്തലാണ്.

1967-ൽ ഇമ്പിച്ചിബാവ ഗതാഗത മന്ത്രിയായിരിക്കെ കോഴിക്കോട്ടു നിന്ന് നിലമ്പൂരിലേക്ക് പുതിയ കെ.എസ്.ആ.ടി.സി സർവീസ് തുടങ്ങാൻ തീരുമാനിച്ചു. സ്വകാര്യ ബസുകാരുടെ കുത്തകയായിരുന്ന റൂട്ട്. ബസ് സർവീസ് ഉദ്ഘാടനത്തിന് മന്ത്രിയും ഉദ്യോഗസ്ഥരുമടക്കമുള്ളവർ എത്തിയപ്പോൾ പ്രൈവറ്റ് ബസ് ഓണേഴ്സ് അസോസിയേഷൻ കോടതിയുടെ സ്റ്രേയുമായി എത്തി, കോഴിക്കോട് -നിലമ്പൂർ കെ.എസ്.ആർ.ടി.സി സർവീസ് തുടങ്ങുന്നത് കോടതി വിലക്കി. വകുപ്പ് സെക്രട്ടറിയുൾപ്പെടെ കുഴങ്ങി. അവിടെ ഇമ്പിച്ചിബാവ പ്രായോഗിക ബുദ്ധി പ്രയോഗിച്ചു. ബസിന്റെ ബോർഡ് കോഴിക്കോട്- നിലമ്പൂർ വഴി വഴിക്കടവ് എന്നാക്കി. കോഴിക്കോട്-വഴിക്കടവ് സർവീസിന് വിലക്കില്ലല്ലോ.

വിദ്യാർത്ഥിയായിരിക്കുമ്പോഴേ അദ്ദേഹത്തിന് ബ്രിട്ടീഷ് പൊലീസിന്റെ അറസ്റ്റ് വാറണ്ടുണ്ടായിരുന്നു. പി. കൃഷ്ണപിള്ള അദ്ദേഹത്തിലെ വിപ്ലവവീര്യം കണ്ടെത്തിയതു മുതൽ ഇ.എം.എസ്, എ.കെ.ജി തുടങ്ങിയ നേതാക്കളോടൊപ്പം കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൽ സജീവമായി. സ്വാതന്ത്ര്യസമരകാലത്തും പിന്നീട് കമ്മ്യൂണിസ്റ്റ് പ്രവർത്തകനെന്ന നിലയിലും നിരവധി തവണ ജയിൽവാസം അനുഭവിക്കാനിടയായി. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ കേന്ദ്ര കമ്മിറ്റിയിൽ നിന്ന് ഇറങ്ങിപ്പോന്ന 32 നേതാക്കളിൽ ഇമ്പിച്ചി ബാവയും ഉണ്ടായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: IMBICHI BAVA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA