
കൊച്ചി: രാഷ്ട്രീയാടിസ്ഥാനത്തിലുള്ള തദ്ദേശ ഭരണം കേരളത്തിന്റെ അടിസ്ഥാന വികസനത്തിന് വെല്ലുവിളിയാണെന്ന് സാമൂഹ്യ- സാമ്പത്തിക നിരീക്ഷകരുടെ പഠനറിപ്പോർട്ട്.തിരുവനന്തപുരത്തെ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സസ്റ്റെയ്‌നബിൾ ഡവലപ്മെന്റ് ആൻഡ് ഗവേണൻസും (ഐ.എസ്.ഡി.ജി), കൊച്ചിയിലെ കേരള സിവിൽ സൊസൈറ്റിയും കേരളത്തിന്റെ ധനസ്ഥിതിയെക്കുറിച്ച് തയ്യാറാക്കുന്ന റിപ്പോർട്ടിന്റെ രൂപരേഖയിലാണ് ഈ വിലയിരുത്തൽ.
1993ൽ രാജ്യത്ത് നിലവിൽ വന്ന പഞ്ചായത്ത് രാജ് നഗരപാലിക നിയമം രാഷ്ട്രീയത്തിന് അതീതമായ തദ്ദേശ ഭരണമാണ് വിഭാവനം ചെയ്തത്. പ്രതിപക്ഷമില്ല. എന്നാൽ കേരളം, ത്രിപുര, പശ്ചിമബംഗാൾ സംസ്ഥാനങ്ങൾ തിരഞ്ഞെടുപ്പ് ചട്ടങ്ങളിൽ ഭേദഗതി വരുത്തി രാഷ്ട്രീയ പാർട്ടികളുടെ ചിഹ്നങ്ങളും ഉപയോഗിക്കാൻ വ്യവസ്ഥ ചെയ്തു. അതിനാൽ ഈ സംസ്ഥാനങ്ങളിൽ തദ്ദേശതിരഞ്ഞെടുപ്പ് പൂർണമായും രാഷ്ട്രീയാടിസ്ഥാനത്തിലായി. ഭൂരിപക്ഷമുള്ള മുന്നണി ഭരണപക്ഷമായും മറ്റുള്ളവർ പ്രതിപക്ഷമായും മാറി. ഇത്തരം രാഷ്ട്രീയ വടംവലികളും കൂറുമാറ്റവുമൊക്കെ താഴെത്തട്ടിലുള്ള വികസനത്തെ സാരമായി ബാധിച്ചു. 27 അനിവാര്യ ചുമതലകളും, 12 പൊതു ചുമതലകളും, വിട്ടുകിട്ടിയ 19 സ്ഥാപനങ്ങളുടെ അധിക ചുമതലകളും തദ്ദേശ സ്ഥാപനങ്ങൾക്കുണ്ട്. ഇതിനാവശ്യമായ അധികാരവും ഫണ്ടും സുതാര്യമായി വിനിയോഗിക്കുന്നതിൽ രാഷ്ട്രീയതാത്പര്യങ്ങൾ തടസമാകാൻ പാടില്ല.തിരഞ്ഞെടുക്കപ്പെടുന്ന എല്ലാ അംഗങ്ങളും ഏതെങ്കിലും സ്റ്റാൻഡിംഗ് കമ്മിറ്റിയിൽ അംഗമായിരിക്കണം.. കമ്മിറ്റികൾ എടുക്കുന്ന തീരുമാനങ്ങളാണ് ഭരണസമിതിയിൽ ചർച്ചചെയ്ത് തുടർനടപടികൾ സ്വീകരിക്കേണ്ടത്.
ഓംബുഡ്സ്മാൻ
നിർദ്ദേശം
2009 ജനുവരി 21ലെ തദ്ദേശവകുപ്പ് ഓംബുഡ്സ്മാന്റെ ഉത്തരവനുസരിച്ച്, കേരള പഞ്ചായത്ത് രാജ് ആക്ട്/ കേരള മുനിസിപ്പാലിറ്റി ആക്ട് എന്നിവയിൽ പ്രതിപക്ഷ നേതാവെന്ന പദവിയോ, അംഗങ്ങളുടെ കാര്യത്തിൽ ഭരണപക്ഷ, പ്രതിപക്ഷ വേർതിരിവോ ഇല്ലാത്തതിനാൽ തദ്ദേശ സ്ഥാപനങ്ങളിൽ പ്രതിപക്ഷ നേതാവ് ഇല്ലെന്ന് 2011 ഏപ്രിൽ 20ന് അന്നത്തെ അഡിഷണൽ ചീഫ് സെക്രട്ടറിയായിരുന്ന എസ്.എം. വിജയാനന്ദ് സർക്കുലർ (നം.78842/ആർ.ഡി.3/2008/ത.സ്വ.ഭ.വ) പുറപ്പെടുവിച്ചിണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |